Connect with us

Sports

ആ വിവാദ താരം റിയോയില്‍ മത്സരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: നര്‍സിംഗ് യാദവ് ഡോപ് ടെസ്റ്റില്‍ പോസിറ്റീവ് ആയതോടെ ഇന്ത്യന്‍ കായിക രംഗം വീണ്ടും മരുന്നടി വിവാദത്തില്‍. 2000 ല്‍ ഡിസ്‌കസ് ത്രോ താരം സീമ ആന്റില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് വലിയ ഞെട്ടലായിരുന്നു. സീമയുടെ സ്വര്‍ണമെഡല്‍ തിരിച്ചെടുക്കുകയും ചെയ്തു. സൈനസിന്റെ ചികിത്സക്ക് സ്ഥിരമായി മരുന്ന് കഴിച്ചതാണ് വിനയായതെന്ന് സീമ ഫെഡറേഷന് മൊഴി നല്‍കിയെങ്കിലും അതൊന്നും വിലക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമായില്ല. കുറച്ച് കാലത്തെ വിലക്കിന് ശേഷം സീമ ഫീല്‍ഡിലേക്ക് തിരിച്ചു വന്നു. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ റഷ്യയിലെ മോസ്‌കോയില്‍ സീമ പരിശീലനത്തിനായി പോയത് വിവാദമാവുകയും ചെയ്തു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സീമയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉത്തേജക മരുന്നുപയോഗത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന റഷ്യയില്‍ പരിശീലനം നടത്തുന്നത് അധികൃതരുടെ അനുമതിയോടെയല്ലെന്നതാണ് വിവാദമായത്.
2005 ല്‍ ഡിസ്‌കസ് ത്രോ താരം അനില്‍ കുമാറും നീലം സിംഗും ഡോപ് ടെസ്റ്റില്‍ കുടുങ്ങിയതാണ് മറ്റൊരു സംഭവം. അനില്‍ കുമാറിന്റെ സാംപിളില്‍ നോറാന്‍ഡ്രോസ്റ്റെറോണും നീലം സിംഗിന്റെ സാംപിളില്‍ പെമോലിനും കണ്ടെത്തി. രണ്ട് വര്‍ഷത്തെ വിലക്കാണ് ഇവര്‍ നേരിട്ടത്. ഇഞ്ചോണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അനില്‍ കുമാര്‍ അയോഗ്യനാവുകയും വെങ്കല മെഡല്‍ തിരിച്ചെടുക്കുകയും ചെയ്തു.
2010 ല്‍ ഷോട്പുട് താരം സൗരഭ് വിജിന് ഡോപ് ടെസ്റ്റില്‍ കുടുങ്ങി രണ്ട് വര്‍ഷ വിലക്ക് വന്നു. മീഥൈല്‍ഹെക്‌സാനിമൈന്‍ എന്ന ഉത്തേജകമായിരുന്നു സാംപിളില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. എന്നാല്‍, ആഴ്ചകള്‍ക്കുള്ളില്‍ നാഡ സൗരഭിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുകയും ചെയ്തു.
2011 ല്‍ നാഡ ആറ് വനിതാ അത്‌ലറ്റുകള്‍ക്കും ലോംഗ് ജമ്പ് താരം ഹരികൃഷ്ണന്‍ മുരളീധരനും ഒരു വര്‍ഷ വിലക്കേര്‍പ്പെടുത്തി. വനിതകളില്‍ മൂന്ന് പേര്‍ 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലും മൂന്ന് പേര്‍ ഏഷ്യന്‍ ഗെയിംസ് റിലേ ടീമിലും അംഗമായിരുന്നു.
4-400 റിലേ ടീമിലെ മന്ദീപ് കൗര്‍, സിനി ജോസ്, അശ്വിനി അകുഞ്ജി എന്നിവരായിരുന്നു പരാജയപ്പെട്ടത്.
2011 ല്‍ സ്പിന്റര്‍ ജുവാന മുര്‍മുവും രണ്ട് വര്‍ഷ വിലക്ക് നേരിട്ടു. 2015 ഏപ്രിലില്‍ രാജ്യം കണ്ട വലിയ മരുന്നടി വിവാദം പൊട്ടിപ്പുറപ്പെട്ടു. 21 വെയ്റ്റ്‌ലിഫ്റ്റര്‍മാരാണ് വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഡോപ് ടെസ്റ്റില്‍ പരാജയപ്പെടട്ടത്. അതേ വര്‍ഷം തന്നെ പഞ്ചാബ് ത്രോസ് താരം കെകി സെതിയും പിടിക്കപ്പെട്ടു.

Latest