Connect with us

Kerala

ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Published

|

Last Updated

“സുസ്ഥിര വികസനവും മതസൗഹാര്‍ദവും” എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന ജി 20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: “സുസ്ഥിര വികസനവും മതസൗഹാര്‍ദവും” എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന ജി 20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. എട്ട് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ആശയ സംവാദങ്ങളും പരസ്പര സാഹോദര്യവും വളര്‍ത്തി മാത്രമേ ലോകത്തിന് മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ആശയ രൂപവത്കരണങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സ്വാമി അഗ്നിവേശ്, ശ്രീ എം, ഋതംബരാനന്ദ സ്വാമികള്‍, ഡോ. ബ്രിയാന്‍ ആഡംസ്, പ്രൊഫ. സയ്യിദ് മുനീര്‍ ഖസ്രു, ഡോ. അബ്ബാസ് പനക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
ഉച്ച കഴിഞ്ഞുള്ള സെഷന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സമ്മേളന പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. വിവിധ ആശയങ്ങളെക്കുറിച്ചുള്ള പഠനം സ്‌കൂള്‍തലം തൊട്ടേ ആരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളം മറ്റുള്ള ലോകത്തിന് പല കാര്യങ്ങളിലും മാതൃകയെന്ന പോലെ മതസൗഹാര്‍ദത്തിനും മാതൃകയാണ്. ഇത്തരം സമ്മേളനങ്ങള്‍ക്ക് ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രിട്ടനിലെ റൈറ്റ് സ്റ്റാര്‍ട്ട് ഫൗണ്ടേഷന്‍ തലവന്‍ റവാദ് മഹ്‌യൂബിന്റെ അധ്യക്ഷതയില്‍ മത സൗഹാര്‍ദ രംഗത്തെ യുവ സംരംഭങ്ങളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചാവേദിയും നടന്നു. അനുപമ നിലോയ ട്രായ് (ബംഗ്ലാദേശ്), സ്‌നേഹ റോയ് (കൊല്‍ക്കത്ത), അസീസ മുതിക് (ഇന്തോനേഷ്യ), അഷ്‌ലി വെര്‍നര്‍ (ആസ്‌ത്രേലിയ), അരവിന്ദ് രംചന്‍ (മൗറീഷ്യസ്), ഡോ. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു. വൈകീട്ടു നടന്ന വികസനവും മതസൗഹാര്‍ദവും സെഷനില്‍ സ്വാമി അഗ്നിവേശ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ നടക്കുന്ന “മതസൗഹാര്‍ദം ഇന്ത്യന്‍ പശ്ചാത്തലത്തില്‍” എന്ന വിഷയത്തിലുള്ള ശ്രീ എം ന്റെ മുഖ്യപ്രഭാഷണത്തോടെ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് പ്രൊഫ. സയ്യിദ് മുനീര്‍ ഖസ്രുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചാ വേദിയില്‍ പ്രൊഫ. ഡോ. സലീഹ ഖമറുദ്ദീന്‍ (മലേഷ്യ), ടി പി ശ്രീനിവാസന്‍, ഡോ. സഫര്‍ മഹ്മൂദ്, ഡോ. കെ കെ എന്‍ കുറുപ്പ്, അംറീന്‍ ആഗ (ന്യൂഡല്‍ഹി) സംബന്ധിക്കും.
സമുദായ ശാക്തീകരണവും മതസൗഹാര്‍ദവും സെഷനില്‍ ഡോ.. ബ്രിയാന്‍ ആഡംസ് (ഗ്രിഫിത് യൂനിവേഴ്‌സിറ്റി), സ്വാമി സത്യോജിത് (ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍), ഡോ. ശാന്തിനാഥ് ഛതോപാധ്യായ, ഡോ. കെ എം ജോര്‍ജ്, ഡോ. നവ്‌റാസ് അഫ്രീദി (പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി) എന്നിവര്‍ പ്രസംഗിക്കും.
“മതസൗഹാര്‍ദവും ദക്ഷിണേഷ്യയും” ചര്‍ച്ചാ സംഗമത്തില്‍ റവ. മൈക്ക് വാള്‍ട്ടര്‍ (വിയന്ന), ഡോ. മഹിന്ദ ഡിഗല്ലെ (ശ്രീലങ്ക), റവ. ജോസ് നന്ദിക്കര (ബാംഗളൂരു), നലോഹാം (മ്യന്‍മര്‍), സ്വാമിനി ബ്രഹ്മ പ്രജാനന്ദ സരസ്വതി (മുംബൈ) വിഷയമവതരിപ്പിക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന പ്രത്യേക വേദിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ മുഖ്യാതിഥിയാകും. ത്രിദിന സമ്മേളനത്തില്‍ ജി20 രാജ്യ പ്രതിനിധികള്‍ക്കു പുറമേ ദക്ഷിണ- ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.