Connect with us

International

തുര്‍ക്കിയില്‍ നടപടി തുടരുന്നു; 42 പത്രപ്രവര്‍ത്തകര്‍ക്ക് അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

ഇസ്താംബൂള്‍: പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതിന് പിറകേ തുര്‍ക്കിയില്‍ നടക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി 42 പത്രപ്രവര്‍ത്തകര്‍ക്ക് അറസ്റ്റ് വാറണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടപടി വരുന്ന കാര്യം സ്വകാര്യ ടി വി ശൃംഖലയായ എന്‍ ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രമുഖ രാഷ്ട്രീയ,സാംസ്‌കാരിക നിരീക്ഷകനും മുന്‍ പാര്‍ലിമെന്റംഗവുമായ നസ്‌ലി ഇലിസാക്കും നടപടിക്കിരയാകുന്നവരിലുണ്ടെന്ന് എന്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. അട്ടിമറി ശ്രമത്തിന് പിറകേ നിരവധി സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ക്കെതിരെ പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്‍ കടുത്ത നടപടി സ്വീകരിച്ചു വരികയാണ്. ചിലര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മറ്റു ചിലരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്. 60,000 പേര്‍ ഇതിനകം നടപടി നേരിട്ടുവെന്നാണ് കണക്ക്.
ഇതിന്റെ തുടര്‍ച്ചയാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ള അറസ്റ്റ് വാറണ്ട്. അട്ടിമറിക്ക് കരുക്കള്‍ നീക്കിയത് അമേരിക്കയില്‍ കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലനാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അനുയായികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നുണ്ട്. 13,000 പേരാണ് ഇത്തരത്തില്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് അട്ടിമറിയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
37,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരും വിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ്.ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 2341 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉര്‍ദുഗാന്‍ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഇതില്‍ സ്‌കൂളുകളും ജീവകാരുണ്യ സ്ഥാപനങ്ങളും വൈദ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. ശുദ്ധീകരണ പ്രക്രിയകളുടെ പേരില്‍ കൈകൊള്ളുന്ന ഇത്തരം നടപടികള്‍ക്കെതിരെ വിമര്‍ശവുമായി യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തിയിട്ടുണ്ട്. യു എന്‍ മനുഷ്യാവകാശ സമിതിയും വിമര്‍ശമുന്നയിച്ചിരുന്നു. രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Latest