Connect with us

International

ആസിയാന്‍ യോഗം സമവായത്തിലെത്തി

Published

|

Last Updated

വെയ്ന്‍ടെയിന്‍: ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച് ദിവസങ്ങളായി അഴിയാക്കുരുക്കിലകപ്പെട്ടിരുന്ന ആസിയാന്‍ യോഗം ഒടുവില്‍ സമവായത്തിലെത്തി. ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ ഫിലിപ്പൈന്‍സിന് അനുകൂലമായ ഹേഗിലെ അന്താരാഷ്ട്ര വിധി സംബന്ധിച്ച് സംയുക്ത പ്രസ്താവന നടത്തണമെന്ന ആവശ്യം ഫിലിപ്പൈന്‍സ് ഉപേക്ഷിച്ചതോടെയാണിത്.
അതേസമയം, സമുദ്രാതിര്‍ത്തിത്തര്‍ക്കത്തില്‍ തങ്ങളുടെ നിലപാടുകള്‍ക്കൊപ്പം നിന്ന കംബോഡിയക്ക് ചൈന പരസ്യമായി നന്ദി പ്രകടിപ്പിച്ചു. ദക്ഷിണ ചൈനാ കടലിലെ കപ്പല്‍ പാത സംബന്ധിച്ച് ചൈനയുടേതുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ആസിയാന്‍ യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിന് കാരണമായിരുന്നു.
ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ യു എന്‍ പിന്തുണയുള്ള സുസ്ഥിര തര്‍ക്ക പരിഹാര കോടതി ജൂലൈ 12ന് ഫിലിപ്പൈന്‍സിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതി വിധി ചൈന തള്ളിയിരുന്നു. കപ്പല്‍ പാതയില്‍ ഫിലിപ്പൈന്‍സിന് പുറമെ വിയറ്റ്‌നാമും അവകാശം ഉന്നയിക്കുന്നുണ്ട്. ആഗോളതലത്തില്‍ അഞ്ച് ട്രില്യണ്‍ ഡോളറിലധികം ചരക്ക് നീക്കം നടക്കുന്നതാണ് ഈ കപ്പല്‍ പാത. തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രം പരിഹരിക്കണമെന്ന ചൈനയുടെ നിലപാടിനെയാണ് കംബോഡിയ പിന്തുണച്ചിരിക്കുന്നത്. അസിയാന്‍ രാഷ്ട്രങ്ങള്‍ക്ക് അഭിപ്രായ ഐക്യമുണ്ടാക്കി സംയ്ക്ത പ്രസ്താവന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംയുക്ത പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍നിന്നും ഫിലിപ്പൈന്‍സ് പിന്‍മാറിയത്.

Latest