Connect with us

Kozhikode

ലൈറ്റ് മെട്രോക്ക് ഉടന്‍ കേന്ദ്ര അംഗീകാരം ലഭിക്കുമെന്ന് ഡി എം ആര്‍ സി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമെ നടപ്പാക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ലൈറ്റ് മെട്രോയുടെ പ്രസക്തിയെ കുറിച്ച് കോഴിക്കോട് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് ഇനിഷ്യറ്റീവ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി തയ്യാറാക്കുമ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗതക്കുരുക്ക് അതി രൂക്ഷമാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും പദ്ധതികള്‍. എന്നാല്‍ ഇതിന്റെ മറവില്‍ വരുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലൈറ്റ് മെട്രോ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡി എം ആര്‍ സി സമര്‍പ്പിച്ച ഡീറ്റൈയില്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ഡി എം ആര്‍ സി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനായി 12 വകുപ്പുകളുടെ പരിശോധന നടക്കേണ്ടതുണ്ട്. ഇത് നടന്നു കൊണ്ടിരിക്കുകയാണ്.അടുത്തു തന്നെ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 സെപ്തമ്പറില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ഭരണാനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗതാഗതക്കുരുക്കിന് പരിഹാരം ലൈറ്റ് മെട്രോ മാത്രമാണെന്നാണ് വിലയിരുത്തല്‍.

മെഡിക്കല്‍ കോളജില്‍ നിന്ന് തുടങ്ങി മാവൂര്‍ റോഡ്-മാനഞ്ചിറ-വഴി മീഞ്ചന്ത വരെയാണ് റെയില്‍ സ്ഥാപിക്കുക. 10 മീറ്റര്‍ ഉയരത്തിലാണ് റെയിലുണ്ടാവുക. രണ്ട് ട്രാക്കുകളുണ്ടാകും. 14 സ്റ്റേഷനുകളാണുള്ളത്.നിലവില്‍ മൂന്ന് സ്റ്റേഷനുകളിലാണ് എസ്‌കലേറ്റര്‍ സ്ഥാപിക്കുക. ഭാവിയില്‍ എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും ലിഫ്റ്റ് സൗകര്യമുണ്ടാകും. മെയിന്റന്‍സിനായി മെഡിക്കല്‍ കോളജിനടുത്ത് ഏഴര ഏക്കര്‍ സ്ഥലത്ത് ഡിപ്പോ സ്ഥാപിക്കും.

ട്രാക്കിന് മുകളില്‍ തന്നെയാണ് സ്റ്റേഷനുകളുണ്ടാവുക. രണ്ട് കോച്ചുകള്‍ വീതമുള്ള 24 ട്രെയിനുകളാണ് ആദ്യ ഘട്ടത്തുലണ്ടാവുക. 36 കിലോമീറ്ററാണ് ശരാശരി വേഗതയുണ്ടാവുക. എന്നാല്‍ പരമാവധി 80 കിലോ മീറ്റര്‍ വേഗത വരെ ട്രെയിനിനുണ്ടാവും. മെഡിക്കല്‍ കോളജില്‍ നിന്ന് മാനഞ്ചിറയിലേക്ക് 12 മിനുട്ട് കൊണ്ടും മെഡിക്കല്‍ കോളജില്‍ നിന്ന് മീഞ്ചന്തയിലേക്ക് 24 മിനുട്ട് കൊണ്ടും യാത്ര ചെയ്യാനാകും.രാവിലെ 5 മണി മുതല്‍ 11 മണി വരെയാണ് മെട്രോ റെയില്‍ വഴിയുള്ള യാത്രക്ക് അവസരമുണ്ടാവുക. നാല് വര്‍ഷമെങ്കിലും വേണ്ടി വരും പദ്ധതി പൂര്‍ത്തിയാക്കാന്‍. ആദ്യ ഘട്ടമെന്ന നിലയില്‍ മെഡിക്കല്‍ കോളജ് മുതല്‍ മാവൂര്‍ റോഡ് വരെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ ആവശ്യമായ ലാന്റ് ലഭ്യമാണ്.

മെഡിക്കല്‍ കോളജില്‍ ഡിപ്പോവിന് ഏഴര ഹെക്ടറും റെയില്‍വെ സ്റ്റേഷനടുത്ത് അര ഹെക്ടറും ആവശ്യമാണ്. ഇവിടെ പൊതു സ്ഥലം ആവശ്യത്തിനുണ്ട്. സ്വകാര്യ ഭൂമിയായി ഒന്നര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തിന് കൂടി പരിഹാരം കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കുമ്പോഴേക്ക് 2509 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ എ അച്ച്യുതന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതില്‍ ദൂരൂഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2050 എത്തുമ്പോള്‍ മാത്രമെ ലൈറ്റ് മെട്രോ അനുയോജ്യമാകുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറെ കൂടി ആലോചിച്ച് പദ്ധതി രൂപവത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം എല്‍ എ മാരായ വി കെ സി മമ്മദ്‌കോയ, എ പ്രദീപ്കുമാര്‍, ആര്‍ ടി ഒ സി ടി പോള്‍സണ്‍, ടി രാമകൃഷ്ണന്‍ ( നാറ്റ്പാക്ക്), ജയന്‍( സി ഡി എ), രജീഷ്( ടൗണ്‍ പ്ലാനിംഗ്്), എ കെ പ്രശാന്ത്, കെ ഷൈജു, സിജനാര്‍ദ്ദനന്‍, കെ ഇ മുഹമ്മദ് ഫൈസല്‍ പ്രസംഗിച്ചു.

Latest