Connect with us

Eranakulam

ഹജ്ജ് ക്യാമ്പിന് മുന്നോടിയായി വകുപ്പ് തല യോഗം: ഏകോപനത്തിന് പ്രത്യേക സംവിധാനം

Published

|

Last Updated

കൊച്ചി: അടുത്ത മാസം 21ന് നെടുമ്പാശ്ശേരിയില്‍ ആരംഭിക്കുന്ന സംസ്ഥാന ഹജ്ജ് ക്യാമ്പിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എറണാകുളം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫഌഗ് ഓഫ്. സെപ്തംബര്‍ അഞ്ചിന് വൈകിട്ട് 5.30നാണ് അവസാന സര്‍വീസ്. ഇതിനിടയില്‍ 24 സര്‍വീസുകളാണ് ആകെയുണ്ടാകുക. ഓഗസ്റ്റ് 23 മുതല്‍ 31 വരെ ദിവസവും രണ്ട് സര്‍വീസുകള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ ദിവസവും ഓരോ സര്‍വീസും. സെപ്തംബര്‍ 29ന് തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിക്കും. മദീനയില്‍ നിന്നുള്ള ആദ്യ വിമാനം 29ന് ഉച്ചയ്ക്ക് 3.45ന് നെടുമ്പാശ്ശേരിയിലെത്തും. അവസാന വിമാനം എത്തുന്നത് ഒക്‌ടോബര്‍ 14ന് രാവിലെ 10.45നും

സൗദി എയര്‍ലൈന്‍സിനാണ് ഹജ്ജ് സര്‍വീസിന്റെ ചുമതല. 10,500 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനായി പോകുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് എയര്‍ ക്രാഫ്റ്റ്‌സ് മെയിന്റന്‍സ് ഹാംഗറിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള ക്യാമ്പ്. ക്യാമ്പിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയും കെ.യു.ആര്‍.ടി.സിയും പ്രത്യേക ബസ് സര്‍വീസ് നടത്തും. തീര്‍ത്ഥാടകരുടെ ബാഗുകളുടെ ചെക്ക് ഇന്‍ നടപടികള്‍ ക്യാമ്പില്‍ തന്നെ നടക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ നടപടിക്രമങ്ങളും സുഗമമാക്കാന്‍ സംവിധാനമുണ്ടാകും.

ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെയും അസി. നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സിഐഎസ്എഫിനാണ് ക്യാമ്പിന്റെ സുരക്ഷാച്ചുമതല. സംസ്ഥാന പോലീസും സഹായം നല്‍കും. കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ബി.എസ്.എന്‍.എല്‍ ഒരുക്കും. ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യമടക്കം ഡോക്ടര്‍മാരുടെ സംഘവും ക്യാമ്പിലുണ്ടാകും. സിവില്‍ സപ്ലൈസ് വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. പ്രധാന ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെയും നടപടി സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. പണവിനിമയം സുഗമമാക്കുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും തോമസ് കുക്കിന്റെയും കൗണ്ടറുകളും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.

Latest