Connect with us

Gulf

സൂഖ് വാഖിഫില്‍ വ്യാഴാഴ്ച മുതല്‍ നാടന്‍ ഈത്തപ്പഴ ഉത്സവം

Published

|

Last Updated

ദോഹ: സൂഖ് വാഖിഫില്‍ വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച നാടന്‍ ഈത്തപ്പഴ ഉത്സവം സംഘടിപ്പിക്കുന്നു. നഗരസഭാ, പരിസ്ഥിതി മന്ത്രാലയമാണ് സംഘാടകര്‍, രാജ്യത്തെ 22 ഈത്തപ്പഴ ഫാമുകളില്‍ നിന്നുള്ള വിവിധ ഇനങ്ങളിലുള്ള രുചിയൂറും ഈത്തപ്പഴങ്ങളാണ് ഇക്കാലയളവില്‍ സൂഖിലെത്തുക. പോഷക സമ്പുഷ്ടമായ നാടന്‍ ഈത്തപ്പഴങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിചയപ്പെടുത്തലും ഈത്തപ്പഴയുത്സവത്തിന്റെ ലക്ഷ്യമാണ്.
ഈത്തപ്പഴയുത്സവം ജൂലൈ 28ന് ആരംഭിച്ച് ആഗസ്റ്റ് 14ന് അവസാനിക്കുമെന്ന് മന്ത്രാലയത്തിലെ കൃഷിവകുപ്പ് ഡയറക്ടര്‍ യൂസുഫ് അല്‍ ഖുലൈഫി അറിയിച്ചു. നാടന്‍ ഈത്തപ്പഴങ്ങളുടെ പോഷകാഹാര ഗുണങ്ങളും ദൈനംദിന ഭക്ഷണത്തില്‍ ഈത്തപ്പഴം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിയായിരിക്കും ഉത്സവം നടക്കുക. നിലവില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളിലും ഗ്രോസറികളിലും നാടന്‍ ഈത്തപ്പഴങ്ങള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. അധികവും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിച്ച് ലേലം ചെയ്യുകയാണ്. പല ഫാമുകളും ദിനംപ്രതി 100 പെട്ടികള്‍ വരെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. ഖലാസ് ഇനം പല ഫാമുകളും വിളവെടുപ്പ് നടത്തിയിട്ടില്ല. ഇത് പാകമാകാന്‍ ഒരു മാസം കൂടിയെടുക്കും. ദിവസം 26000 ടണ്‍ ഈത്തപ്പഴങ്ങളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഒരു പനയില്‍ നിന്ന് വര്‍ഷം ശരാശരി 38 കിലോ പഴങ്ങള്‍ ലഭിക്കും. ആഭ്യന്തര ആവശ്യത്തിന്റെ 87.5- 90 ശതമാനം വരെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിയുള്ളവ സഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് സഹായം എന്ന നിലക്ക് പത്ത് മില്യന്‍ റിയാലിന് ഖലാസ് മന്ത്രാലയം വാങ്ങിയിരുന്നു. ഉത്പാദനം കാര്യക്ഷമമാക്കി ഈത്തപ്പഴത്തില്‍ സ്വയംപര്യാപ്തത മന്ത്രാലയം ലക്ഷ്യമാക്കുന്നുണ്ട്. ഖനിസി, ഖസ്‌റാവി, ഖലാസ്, ബര്‍ഹി, ഖസബ്, ദജ്‌ലനൂര്‍, ശഹ്‌ല, ലുലു, സരീര്‍, ഹിലാലി, ജാബ്‌രി, ഗാര്‍, സുല്‍ത്താന, സുക്കരി, തുനസി, ഇറാഖി, ബിന്‍ത് യൂസുഫ്, ഉം റയ്ഹാന്‍, മുര്‍ജിയാന്‍, ശീശി എന്നിങ്ങനെ 20 ഇനത്തിലുള്ള ഈത്തപ്പഴം രാജ്യത്ത് കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക ഇനങ്ങളുടെ ജനിതക ഗുണം മെച്ചപ്പെടുത്തുന്നതിന് ഖത്വര്‍ ഫൗണ്ടേഷന്‍ 15 മില്യന്‍ റിയാല്‍ ചെലവില്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

Latest