Connect with us

Articles

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാശ്മീര്‍ വാര്‍ത്തകള്‍

Published

|

Last Updated

കാശ്മീരിലെ അരക്ഷിതാവസ്ഥ ഇന്ന് പതിനെട്ടാം ദിവസം പിന്നിടുന്നു. ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ പട്ടാളം വെടിവെച്ചു കൊന്നത് മുതലാണ് ഇത്തവണ കാശ്മീരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂലൈ എട്ടാം തീയതി ഉച്ചക്ക് ശേഷം തന്റെ ജന്മനാടായ ട്രാലിലെ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് ബുര്‍ഹാന്‍ വാനിക്ക് വെടിയേല്‍ക്കുന്നത് എന്നാണ് പറയുന്നത്. നാല്‍പത്തി മൂന്ന് കിലോമീറ്റര്‍ ദൂരെ ശ്രീനഗറില്‍ നിന്ന് സ്‌പെഷ്യല്‍ ഒപ്പറേഷന്‍ ഗ്രൂപ്പ് കൊക്കര്‍നാഗിലെത്തിയത് നന്നായി ഗൃഹപാഠം ചെയ്തായിരുന്നു.
ബുര്‍ഹാന്‍ വധം പട്ടാള മേധാവികള്‍ ആഘോഷിച്ചു. അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുകയും ചെയ്തു. അഡീഷനല്‍ ഡി ജി പി ശിവ് മുറാരി സഹായി ജൂലൈ ഒന്‍പതിന് പത്രസമ്മേളനം വിളിച്ചു. ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതെന്നും ഇത് ഇന്ത്യന്‍ സേനയുടെ അഭിമാന നിമിഷമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അറിവോടെയുള്ള ഓപ്പറേഷന്‍ ആയിരുന്നു നടന്നത് എന്നും അഡീഷനല്‍ ഡി ജി പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് പിന്നീട് മെഹ്ബൂബ മുഫ്തി നിഷേധിച്ചു. വാര്‍ത്താ സമ്മേളനം കഴിയുമ്പോഴേക്കും പതിമൂന്ന് യുവാക്കള്‍ കശ്മീര്‍ താഴ്‌വരയില്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാശ്മീര്‍ പ്രശ്‌നത്തെ നമ്മുടെ മാധ്യമങ്ങള്‍ അഭിസംബോധന ചെയ്യുന്നത് തീര്‍ത്തും പ്രതിലോമകരമായിട്ടായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ കാശ്മീരികളുടെ പ്രശ്‌നം എന്ന് ഒരു വരി പോലും എഴുതുകയോ പറയുകയോ ചെയ്യാതെ കാശ്മീര്‍ ജനതയുടെ രാജ്യസ്‌നേഹം അളക്കാനും കാടടച്ചു വെടിവെക്കാനുമാണ് ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പ്രമുഖ പത്രങ്ങള്‍ ശ്രമിച്ചത്. അരുന്ധതി റോയ് ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി. കാശ്മീര്‍ ജനതക്ക് “ആസാദി” ആണ് വേണ്ടത്. എന്താണ് കാശ്മീര്‍ ജനത ഈ “സ്വാതന്ത്യം” കൊണ്ടുദ്ദേശിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാരോ മാധ്യമങ്ങളോ ഇക്കാലമത്രയും അന്വേഷിച്ചില്ല എന്നാണ് അരുന്ധതി റോയ് നിരീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാര്‍ഥമായ നീക്കങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും അതിനായി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാറ്റിവെച്ച് നിര്‍ഭയത്തോടെ കാശ്മീരികളോട് തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അവര്‍ നിര്‍ദേിശിക്കുന്നു.
പത്രങ്ങളും ചാനലുകളും പരിചയപ്പെടുത്തുന്ന കാശ്മീരിനപ്പുറം വേറൊരു കാശ്മീരുണ്ടോ? 2010ലെ സംഘര്‍ഷരത്തിനു ശേഷം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പറഞ്ഞുതരാത്ത മറ്റെന്തെങ്കിലും സ്‌റ്റോറികള്‍ കശ്മീരിന് പറയാനുണ്ടോ? നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായി ഭൂമിയിലെ ഈ സ്വര്‍ഗം മാറിയതിന്റെ യാഥാര്‍ഥ്യങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുവെക്കുന്നത് എന്തിനാണ്?
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കാശ്മീരിലെ പ്രാദേശിക പത്രങ്ങളും സംസ്ഥാനത്തിന് പുറത്തു നിന്നിറങ്ങുന്ന പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അന്തരം ഇത്തരം ചോദ്യങ്ങളെ സത്യസന്ധമായി അഭിസംബോധന ചെയ്യും. ബുര്‍ഹാന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ വാസ്തവവിരുദ്ധമായാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജലമില്‍ പോലീസ് വാഹനം കത്തിക്കുകയും ഡ്രൈവറെ കൊല്ലുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് കാശ്മീര്‍ ആളിക്കത്താന്‍ തുടങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി ഈ പത്രങ്ങളെല്ലാം അവലംഭമാക്കിയത് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രം. പോലീസിന്റെ സാഹസങ്ങളും കഷ്ടപ്പാടുകളും മാത്രം ഹൈലൈറ്റ് ചെയ്യുന്ന സ്‌റ്റോറികള്‍. ചുരുക്കം ചില ദിവസങ്ങള്‍ കൊണ്ട് ഇത്രയധികം ആളുകള്‍ക്ക് സ്വജീവന്‍ നഷ്ടപ്പെട്ടത് കാശ്മീര്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് എന്നിരിക്കെ, അതൊന്നും പ്രധാന വാര്‍ത്ത ആയതേയില്ല. “ജനക്കൂട്ടം പോലീസിനെ കൈയേറ്റം ചെയ്തു; 23 മരണം” എന്ന് ആദ്യ പേജില്‍ വലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണല്ലോ. കാശ്മീരിലെ മസ്ജിദുകളില്‍ നിന്ന് ലൗഡ് സ്പീക്കറിലൂടെ ഇന്ത്യന്‍ വിരുദ്ധ ജിഹാദിന് ആഹ്വാനം ചെയ്തു എന്ന് ഒരു ഇന്റലിജന്‍സ് മേധാവിയെ ഉദ്ധരിച്ച് ടൈംസ് തന്നെ സ്‌റ്റോറി തയ്യാറാക്കിയെങ്കിലും അവ്യക്തതകള്‍ അതില്‍ നിറഞ്ഞുനിന്നു. ഈ മസ്ജിദുകള്‍ ഏതു സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് എന്നു പോലും പ്രസ്തുത വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നില്ല.
മൂന്ന് ദിവസത്തിനുള്ളില്‍ 25 കാശ്മീരികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പെല്ലറ്റ് ആക്രമണത്തില്‍ നിരവധി യുവാക്കളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തകളില്‍ ഒരു കാശ്മീരിക്കും പരിക്കില്ല.
അതേസമയം, കാശ്മീരില്‍ നിന്നിറങ്ങുന്ന പത്രങ്ങള്‍ ജീവന്‍ നഷ്ടമായവരുടെ യഥാര്‍ഥ കണക്കുകള്‍ അവതരിപ്പിച്ചു. അവര്‍ക്ക് മരണപ്പെട്ട കാശ്മീരികള്‍ കേവലം നമ്പറുകള്‍ ആയിരുന്നില്ല; പച്ച മനുഷ്യരായിരുന്നു. പോലീസ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് ആശുപത്രികളിലെ ഡോക്ടര്‍മാ രില്‍ നിന്ന് പ്രാദേശിക പത്രങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. റൈസിംഗ് കാശ്മീര്‍, ഗ്രേറ്റര്‍ കാശ്മീര്‍, ദി കശ്മീര്‍ മോണിറ്റര്‍ തുടങ്ങിയ പത്രങ്ങള്‍ സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ ഫോക്കസ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ നേരിട്ട് ആശുപത്രികളില്‍ പോയി കണ്ടു തന്നെ ഈ പ്രാദേശിക പത്രങ്ങള്‍ കാശ്മീരിന്റെ യഥാര്‍ഥ ജീവിതങ്ങള്‍ ഒപ്പിയെടുത്തു. ദി ഹിന്ദു ഒഴികെ മറ്റു പ്രമുഖ പത്രങ്ങളൊന്നും പരിക്കേറ്റവരെക്കുറിച്ച് മിണ്ടിയില്ല. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖരായ റിപ്പോര്‍ട്ടര്‍മാരും സംവിധാനങ്ങളും ഉള്ള പത്രങ്ങള്‍ ആണ് കാശ്മീര്‍ ജനത നേരിടുന്ന ദുരന്തചിത്രങ്ങള്‍ വരച്ചു കാണിക്കാന്‍ മടിക്കുന്നത്. പോലീസ് ഓഫീസര്‍മാര്‍ നല്‍കുന്ന പത്രക്കുറിപ്പ് മാത്രം നല്‍കി കാശ്മീര്‍ വിഷയത്തെ ധീരമായി അഭിസംബോധന ചെയ്യാന്‍ മടി കാണിക്കുന്ന ഈ പത്രങ്ങള്‍ ഈ താഴ്‌വരയിലെ സാധാരണ ജനങ്ങള്‍ എല്ലാ കാലത്തും പ്രശ്‌നങ്ങളില്‍ തന്നെ ജീവിക്കട്ടെ എന്ന് തന്നെയല്ലേ ആഗ്രഹിക്കുന്നത്?
കാശ്മീരിലെ സാധാരണ ജനങ്ങളെ സൈന്യം വെടിവെച്ചു കൊല്ലുക തന്നെയായിരുന്നു എന്ന് അവിടുത്തെ പത്രങ്ങള്‍ പറയുന്നു. പ്രതിഷേധ പ്രകടനങ്ങളുടെ നേരെ വീണ്ടും വെടിയുതിര്‍ത്താണ് “കലാപം” ഇല്ലാതെയാക്കാന്‍ പട്ടാളം ഇപ്പോഴും ശ്രമിക്കുന്നത്. ശ്രീ മഹാരാജാ ഹരിസിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും പിന്നില്‍ നിന്നാണ് വെടിയേറ്റതെന്ന് ഡോ. കൈസര്‍ മുഹമ്മദ് പറഞ്ഞുവെന്നു റൈസിംഗ് കാശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി എല്ലാവരെയും പോലീസ് കൈയേറ്റം ചെയ്തതായി ഗ്രേറ്റര്‍ കശ്മീരും റിപ്പോര്‍ട്ട് ചെയ്തു. രാവും പകലും നോക്കാതെ നിരന്തരം ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, പരുക്കേറ്റവരെ സഹായിക്കുന്നവര്‍ ഇവരെയൊന്നും ഡല്‍ഹിയില്‍ നിന്ന് കാശ്മീരിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടതേയില്ല. പ്രതിഷേധങ്ങളില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നന്വേഷിക്കുന്ന സ്‌റ്റോറി കാശ്മീര്‍ ഒബ്‌സര്‍വര്‍ പ്രസിദ്ധീകരിച്ചു.
ഇതിനിടെ കാശ്മീര്‍ പത്രങ്ങളിലെ റിപ്പോര്‍ട്ടു കള്‍ നിഗൂഢമായ അജന്‍ഡകള്‍ അനുസരിച്ച് തയ്യാറാക്കിയതാണെന്ന് പോലും ഡല്‍ഹിയിലെ ചില പത്രങ്ങള്‍ എഴുതുകയുണ്ടായി. കാശ്മീരിലെ പ്രതിഷേധങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയെയും കേന്ദ്ര സര്‍ക്കറിനെയും രക്ഷിക്കേണ്ട മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്ത് ബുര്‍ഹാന്‍ വാനിയെ “ഹീറോ” ആക്കാമോ എന്നാണ് മോദിയുടെ ചോദ്യം. ഇവിടെ ആരാണ് കാശ്മീരികളുടെ യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്? മിനിയാന്ന് വരെ, 47 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 5,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഘര്‍ഷാവസ്ഥക്ക് ആത്മാര്‍ഥമായ ഒരു പരിഹാരം കാണാനോ കാശ്മീരികളെ അഭിസംബോധന ചെയ്യാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍, ഇപ്പോഴും ഡല്‍ഹിയിലിരുന്നു തന്നെ കാശ്മീര്‍ ഭരിക്കാം എന്നാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് കാശ്മീര്‍ ജനതയുമായി വൈകാരിക ബന്ധമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന എവിടെയും തൊടാത്ത പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
കാശ്മീര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങളെ അവലോകനം ചെയ്ത് കശ്മീര്‍ യൂനിവേഴ്‌സിറ്റിയിലെ മീഡിയ റിസര്‍ച്ച് എജ്യുക്കേഷന്‍ സെന്ററിലെ ഗവേഷകന്‍ ദാനിഷ് നബി ഗദ്ദ തയ്യാറാക്കിയ പഠനം ഇവിടെ ശ്രദ്ധേയമാണ്. 1989-2010 കാലയളവിനുള്ളില്‍ ഈ രണ്ടു ദേശീയ പത്രങ്ങളും കശ്മീരിനെക്കുറിച്ച് പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകളും വിലയിരുത്തിയാണ് പ്രസ്തുത പഠനം ശ്രദ്ധ നേടിയത്. രണ്ട് പത്രങ്ങളിലും വന്ന കാശ്മീര്‍ വാര്‍ത്തകള്‍ “സ്‌പോണ്‍സേഡ്” ആയിരുന്നുവത്രേ. ഈ പഠനം നടന്ന 22 വര്‍ഷത്തിനിടയില്‍ 43 സംഘര്‍ഷങ്ങള്‍ കാശ്മീരില്‍ നടന്നു. 85 ലധികം പ്രധാന സംഭവങ്ങള്‍ ഈ സംഘര്‍ഷങ്ങളില്‍ ഉണ്ടായെങ്കിലും രണ്ട് പത്രങ്ങളിലും വാര്‍ത്തയായത് കേവലം അമ്പതില്‍ താഴെ മാത്രം. മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത് രണ്ട് പത്രത്തിലും കൂടി 15 റിപ്പോര്‍ട്ടു കള്‍ മാത്രം. ദേശീയ വാര്‍ത്തിയാകേണ്ടിയിരുന്ന 35 സംഭവങ്ങള്‍ വാര്‍ത്തയായതേയില്ല. അപൂര്‍വമായി ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചതാകട്ടെ, കാശ്മീര്‍ ജനങ്ങളെ രാജ്യദ്രോഹികള്‍ ആയി ചിത്രീകരിക്കുന്ന ന്യൂസുകളും.
മാരകമായി പരുക്കേറ്റ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍, ജീവന്‍ നഷ്ടപ്പെട്ടവരേയും പരുക്കേറ്റവരെയും വഹിച്ചു കൊണ്ട് പോകുന്ന സ്ട്രക്ച്ചറുകള്‍ തുടങ്ങി കാശ്മീര്‍ സംഘര്‍ഷത്തിന്റെ ശരിയായ ചിത്രങ്ങള്‍ കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോഴും. അതേസമയം, മുഖം മറച്ച്, പട്ടാളക്കാരുടെ തോക്കിനു മുമ്പില്‍ കല്ലുകളുമായി നില്‍ക്കുന്ന പ്രതിഷേധക്കാരും കഷ്ടപ്പെടുന്ന രാജ്യസ്‌നേഹികളായ പോലീസുകാരും ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത് അരുന്ധതി റോയ് പരാമര്‍ശിച്ച ആത്മാര്‍ഥതയില്ലായ്മ കൊണ്ടു മാത്രമാണ്.
തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കുകയും കാശ്മീര്‍ പ്രശ്‌നം തങ്ങളെ ഒരു നിലക്കും ബാധിക്കാത്ത രൂപത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ മാറ്റാത്തിടത്തോളം കാലം കാശ്മീര്‍ കത്തിക്കൊണ്ടിരിക്കും. കാശ്മീരിലെ സാധാരണക്കാരെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തനമാണ് ആ ജനതയുടെ യഥാര്‍ഥ മുഖം മറച്ചുവെക്കുന്നത്.

Latest