Connect with us

Articles

മിണ്ടരുത്, ആന്റണിയാണ് !

Published

|

Last Updated

കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ആത്മകഥയെഴുതിയപ്പോള്‍ ആദര്‍ശ കേരളത്തിന്റെ (അതോ ഭാരതത്തിന്റെയോ) അനിഷേധ്യ നേതാവായ എ കെ ആന്റണിയെക്കുറിച്ച് പറയാന്‍പാടില്ലാത്തത് എന്തോ പറഞ്ഞെന്നും പറഞ്ഞ് ഇവിടുത്തെ കോണ്‍ഗ്രസ് എം പിമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നു. രാഷ്ട്രീയ ലാഭത്തിനായി ഒരു വ്യക്തി അധഃപതിക്കുന്നതിന്റെ ഉദാഹരണമാണ് മാര്‍ഗരറ്റ് ആല്‍വയുടെ പരാമര്‍ശമെന്നും നീചമായ രാഷ്ട്രീയ തന്ത്രമാണതെന്നും രോഷം കൊണ്ട ജനനായകര്‍ ആന്റണിയെ മര്‍മത്തില്‍ തൊട്ട് തന്നെ പ്രകീര്‍ത്തിക്കാനും മറന്നില്ല. പൊതു പ്രവര്‍ത്തനത്തില്‍ ആദര്‍ശ മാതൃകയാണ് ആന്റണിയെന്ന് അവര്‍ വാഴ്ത്തി.
ആദര്‍ശ ധീരനെക്കുറിച്ച് എന്ത് അപരാധമാണ് ആ സ്ത്രീ പറഞ്ഞു പരത്തിയത്? പ്രസ്താവനയില്‍ പറഞ്ഞ പോലെ നീചമായ കാര്യമൊന്നുമല്ല അത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ അവരോധിച്ചതിലുള്ള വൈരാഗ്യം ആന്റണി പ്രവര്‍ത്തന കാലത്തിലുടനീളം പുലര്‍ത്തിയെന്നും തുടര്‍ന്നിങ്ങോട്ട് പകയോടെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ആല്‍വയുടെ ആത്മകഥയിലെ പരാമര്‍ശം.
നമ്മുടെ എം പിമാരുടെ അഭിലാഷം പോലെ ആന്റണിയുടെ വ്യക്തിത്വം വാഴ്ത്തപ്പെട്ടുകൊണ്ടുതന്നെയിരിക്കട്ടെ. അതിനു മുമ്പ് ആലോചിക്കേണ്ട കാര്യം ആത്മകഥയുടെ കഥ എന്താണെന്ന് നമ്മുടെ ജനപ്രതിനിധികള്‍ക്ക് അറിയാന്‍മേല എന്നാണോ? ഈ മഹാന്മാര്‍ അബുല്‍ കലാം ആസാദ് എന്നൊരാളെ കേട്ടിട്ടുണ്ടോ ആവോ? നെഹ്‌റുവിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രിയെന്നൊക്കെ പറയും. അദ്ദേഹം എന്തൊക്കെയാണ് അത്മകഥയിലെഴുതിയിട്ടുള്ളത്? തന്റെ ശേഷം നിശ്ചിത കാലം കഴിഞ്ഞേ പ്രസിദ്ധീകരിക്കാവൂ എന്ന് ഒസ്യത്ത് എഴുതിയാണല്ലോ അദ്ദേഹം വേര്‍പിരിഞ്ഞത്.
അതു പോകട്ടെ, നെഹ്‌റു തന്നെ എന്തൊക്കെ എഴുതിയിട്ടുണ്ട്? അതും മഹാത്മാ ഗാന്ധിയെക്കുറിച്ച്. ഈ മനുഷ്യന്‍ ഇന്ത്യയെ എവിടെ കൊണ്ടെത്തിക്കുമെന്നൊക്കെ വ്യാകുലപ്പെടുന്നുണ്ടല്ലോ ജവഹര്‍ലാല്‍ ആത്മകഥയില്‍. ഗാന്ധിജിയെപ്പോലെയോ നെഹ്‌റുവിനെപ്പോലെയോ ആണോ ആന്റണി? കേരളത്തിന്റെ അഭിമാന ഭാജനം. ആദര്‍ശവര്യരുടെ അവസാനത്തെ അത്താണി.!
മാര്‍ഗരറ്റ് ആല്‍വക്ക് അനുഭവപ്പെട്ടത് അവര്‍ ആത്മകഥയില്‍ പങ്കുവെച്ചു. അവരുടെ കാഴ്ചപ്പാട് പറഞ്ഞു. അത് പറയരുത് എന്നാണ് പറയുന്നത്. അങ്ങനെ ഇടിഞ്ഞു പോകുന്ന പ്രതിച്ഛായ ആണോ ആന്റണിക്കുള്ളത്? അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പിന്നെ അത് സംരക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് ഇവര്‍ക്കുള്ളത്? എന്തോ ആത്മവിശ്വാസക്കുറവല്ലേ ഈ പ്രസ്താവനക്ക് പിന്നില്‍? കുറേ പേരുടെ വായയടിച്ചതുകൊണ്ടുള്ള പ്രതിച്ഛായയാണ് നിലനില്‍ക്കുന്നത് എന്നല്ലേ ഈ പറഞ്ഞതിനര്‍ഥം?
സത്യത്തില്‍ എന്താണ് എ കെ ആന്റണി എന്ന നേതാവിന്റെ രാഷ്ട്രീയ മൂലധനം? ആ വ്യക്തിത്വം മുന്നോട്ട് വെക്കുന്ന സന്ദേശമെന്താണ്? സൂക്ഷ്മ വിശകലനത്തില്‍ എന്ത് വ്യതിരിക്തതയാണ് അദ്ദേഹം പുലര്‍ത്തുന്നത്?
പ്രീണിപ്പിക്കേണ്ടവരെ പ്രീണിപ്പിച്ചും പീഡിപ്പിക്കേണ്ടവരെ പീഡിപ്പിച്ചും ഒതുക്കേണ്ടവരെ ഒതുക്കിയും കുതികാല്‍ വെട്ടേണ്ടവരെ അങ്ങനെ ചെയ്തും ഗ്രൂപ്പ് കളിക്കേണ്ടപ്പോള്‍ തരാതരം ഗ്രൂപ്പ് കളിച്ചും കേരളത്തിലെ ഒരു ശരാശരി കോണ്‍ഗ്രസ് നേതാവ് (മറ്റു പാര്‍ട്ടി നേതാക്കളും) അനുവര്‍ത്തിക്കുന്ന കാര്യങ്ങളെല്ലാം തന്നെയല്ലേ ആന്റണിയും ചെയ്തത്? കാലു വാരലും കൂറുമാറ്റവും കുതികാല്‍ വെട്ടും കുതിരക്കച്ചവടവും അധികാര പ്രമത്തതയും ആ ഖദര്‍ ഷര്‍ട്ടിലും ചുളിവുകള്‍ വീഴ്ത്തിയിട്ടില്ലേ? സ്വന്തം അഴിമതി നടത്തിയിട്ടില്ലായിരിക്കാം. പക്ഷേ, അഴിമതിക്ക് അധ്യക്ഷത വഹിക്കേണ്ടിവന്നപ്പോള്‍ അതിന് വഴങ്ങിയിട്ടില്ലേ? പല സന്ദര്‍ഭങ്ങളിലും കണ്ടിട്ട് മിണ്ടാതിരിക്കേണ്ടിവന്നിട്ടില്ലേ?
1969ല്‍ ടി ഒ ബാവക്കെതിരെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് നില്‍ക്കാന്‍ എം എ ജോണിനെ തരിപ്പില്‍ കയറ്റിയത് യുവനേതാവായ ആന്റണിയായിരുന്നു. തിരഞ്ഞെടുപ്പ് തിയ്യതിക്ക് മുമ്പ് ജോണിനെ പറ്റിച്ച് ബാവയുടെ കൂടെക്കൂടിയതും അദ്ദേഹം തന്നെ.
ഒരു ഘട്ടത്തില്‍ അടിന്തരാവസ്ഥ പ്രഖ്യാപനത്തെ പിന്താങ്ങി. ഇ എം എസിനെയും എ കെ ജിയെയും ഗോതമ്പുണ്ട തീറ്റിച്ചപ്പോഴും പത്രങ്ങളെ ആഫ്രിക്കന്‍പായലിനെ പറ്റി എഡിറ്റോറിയല്‍ എഴുതിച്ചപ്പോഴും അദ്ദേഹത്തിന് മനസ്സാക്ഷിക്കുത്ത് തോന്നിയില്ല. കരുണാകരന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഒതുക്കിയപ്പോള്‍ മാത്രമാണ് മൂപ്പര്‍ക്ക് ബോധോദയമുണ്ടായത്; അടിയന്തരാവസ്ഥയെക്കുറിച്ച്. എന്നിട്ടും കുറേ കാലം മനുഷ്യാവകാശ ലംഘനങ്ങളുടെ മാപ്പുസാക്ഷിയായി. രാജന്‍ കേസില്‍ കരുണാകരനെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ രാജിവെക്കുന്നതാണ് അന്തസ്സെന്ന് ആദ്യം എഴുതിയത് വീക്ഷണം. ആരായിരുന്നു അതിന് പിന്നില്‍? അങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴി തെളിയുന്നത്. യാതൊരധ്വാനവും ചെയ്യാതെ അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. സ്വയം വിയര്‍പ്പൊഴുക്കാതെ കാര്യം നേടിയെടുക്കുന്നതില്‍ മിടുമിടുക്കന്‍ എന്ന് അന്ന് തന്നെ തെളിഞ്ഞു. അന്നു തുടങ്ങിയതാണ് കാരണവര്‍ കരുണാകരനും ആദര്‍ശധീരന്‍ ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് യുദ്ധം.
പിന്നെ എന്തൊക്കെ നയങ്ങള്‍, നയം മാറ്റങ്ങള്‍! തീരുമാനങ്ങള്‍, തിരുത്തലുകള്‍! ബേങ്ക് ദേശസാത്കരണത്തില്‍ ആവേശം കൊണ്ടയാള്‍ പിന്നെ എഷ്യന്‍ ഡവലപ്‌മെന്റ് ബേങ്കിന്റെ വാഴ്ത്തലുകാരനായി. സോഷ്യലിസം സ്വകാര്യവത്കരണത്തിന് വഴി മാറുന്നത് കാണാനും ആദര്‍ശ കേരളത്തിന് അവസരമുണ്ടായി. എന്‍ എസ് എസിനെ എതിര്‍ത്ത മന്നത്തെ തീര്‍ഥാടകനായി. ഇന്ദിരാജിയുടെ കുടുംബാധിപത്യത്തെ ഒരു ഘട്ടത്തില്‍ എതിര്‍ത്തയാള്‍ സോണിയാജിയുടെ വിശ്വസ്തനാകുന്നതിനും ചരിത്രം മൂകസാക്ഷിയായി. നിരീശ്വരവാദം അമ്മയുടെ അനുഗ്രഹത്തിനായി വള്ളിക്കാവിലെത്തി. ആദിവാസി നൃത്തം നടത്തിയ ശേഷം ആദിവാസി വേട്ടയുണ്ടായി. സ്ഥാനത്യാഗം ചെയ്തും പ്രതിച്ഛായ കൊയ്‌തെടുത്തിരുന്നിടത്ത് നിന്ന് പ്രതിച്ഛായ കളഞ്ഞും സ്ഥാനം നോക്കുന്നിടത്തേക്കുള്ള ദൂരം കേരളം കണ്ടു. അങ്ങനെയാണ് ആദര്‍ശം ഫഌറ്റായത്. പറഞ്ഞിട്ടെന്ത്, മാറാട് പ്രശ്‌നം പരിഹരിക്കാനാകാതെ വിയര്‍ത്തയാളെ നമ്മള്‍ രാജ്യരക്ഷയേല്‍പ്പിച്ചു. ഇഷ്ടദാന ബില്ലും കോയയെ കാലു വാരിയതും മാറാടും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അങ്ങനെ എന്തെന്തൊക്കെ വൃത്താന്തങ്ങള്‍! ഇതിനൊക്കെയിടയിലും ആദിവാസികളും കുടിയേറ്റക്കാരും തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ എവിടെ നില്‍ക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
നരേന്ദ്രന്‍ കമ്മീഷന്‍ വന്നാലും വിഷമദ്യദുരന്തമുണ്ടായാലും ആള്‍ക്ക് ഒരേ നില്‍പ്പ്. തീരുമാനമെടുക്കാന്‍ കഴിയാതെ പോയ മന്ത്രിസഭാ യോഗങ്ങള്‍, പ്രക്ഷോഭം നയിക്കാന്‍ കഴിയാതെ നോക്കുകുത്തിയായി നിന്ന പ്രതിപക്ഷ നേതൃസ്ഥാനം.
അതിനിടയിലും അഴുക്കും പരാജയത്തിന്റെ പാപഭാരവും പതിക്കാതെ നോക്കാന്‍ ആളുണ്ടായി. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകനായി ആകാശത്തില്‍ നിന്ന് ഇറങ്ങിവരും. അതിനൊക്കെ നിലമൊരുക്കാന്‍ പത്രങ്ങളുണ്ട്. കുടുംബ വിശേഷം ഫീച്ചറാക്കാന്‍ അനുബന്ധ പ്രസിദ്ധീകരണങ്ങളുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തര്‍ക്കമന്ദിരത്തിന് കേടുപാടുകള്‍ വരുത്തിയത് നിര്‍ഭാഗ്യകരമെന്ന് നാലാം ദിവസം പ്രസ്താവനയിറക്കി നേതാവാണ്. മതന്യൂനപക്ഷങ്ങള്‍ ഭൂരപക്ഷത്തിന് കീഴടങ്ങി വേണം കഴിയാന്‍ എന്ന് പറഞ്ഞ് തന്റെ മേലുള്ള ന്യൂനപക്ഷ സ്വത്വം കുടഞ്ഞു കളയാന്‍ ശ്രമിച്ച ആള്‍!
എന്തൊക്കെയായിട്ടെന്താ, ഭരണകാലത്ത് മഴനൃത്തമുണ്ടായാലും ആദിവാസി വേട്ടയുണ്ടായാലും പ്രതിരോധിക്കാന്‍ പത്രങ്ങളുണ്ടായിരുന്നു. സ്തുതി പാടാന്‍ ഗ്രൂപ്പുകാരും. ഇവിടെ ചെറിയ തോല്‍വികള്‍ തോല്‍ക്കുമ്പോഴും അങ്ങ് ഡല്‍ഹിയില്‍ അദ്ദേഹം പുനരധിവസിക്കപ്പെട്ടു. അങ്ങനെ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗമായി, രാഹുല്‍ ഗാന്ധിയുടെ ഗുരുവായി കഴിയുന്ന ആളെയാണോ മാര്‍ഗരറ്റ് ആല്‍വ അപവദിക്കാന്‍ നോക്കുന്നത്? നടക്കുകേല. കട്ടായം.