Connect with us

National

ലക്ഷ്യം മാറുന്നില്ല; പുതുവഴി തേടി ഇറോം

Published

|

Last Updated

ഇംഫാല്‍: നവംബര്‍ രണ്ട്, 2000. ഇംഫാലിന് സമീപം മലോമില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നവര്‍ക്ക് നേരെ അസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ പത്ത് പേര്‍ മരിക്കുന്നു. ഇംഫാലിലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധിക്കാരും അസാം റൈഫിള്‍സും തൊട്ടുമുമ്പ് ഏറ്റുമുട്ടിയിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണമായിരുന്നു സൈനികരുടെ കൂട്ടക്കുരുതി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയില്‍ നിന്ന് ധീരതക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു കുട്ടിയും അവന്റെ മുത്തശ്ശിയും ആ സൈനികാക്രമണത്തില്‍ മരണം വരിച്ചു.
പക്ഷേ, ധീരതയുടെ ചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ല. അന്ന് 28 വയസ്സുണ്ടായിരുന്ന ഒരു യുവതി ഈ സംഭവത്തോട് പ്രതികരിച്ചത് ഉരുക്കുപോലെ ഉറച്ച ഈ പ്രതിജ്ഞയോടെയായിരുന്നു: “സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍മ്ഡ് ഫോഴ്‌സസ് (സ്‌പെഷ്യല്‍ പവേര്‍സ്) ആക്ട്- അഫ്‌സ്പ പിന്‍വലിക്കാതെ ഇനി ഉണ്ണില്ല, കുടിക്കില്ല, മുടികെട്ടില്ല, കണ്ണാടി നോക്കില്ല.”
അഫ്‌സ്പ പിന്‍വലിച്ചില്ല. പക്ഷേ, ഇറോം ചാരു ശര്‍മിള എന്ന ആ ഉരുക്കുവനിത കഴിഞ്ഞ 16 വര്‍ഷമായി തന്റെ പ്രതിജ്ഞയില്‍ ഉറച്ചുനിന്നു. ഇന്നവര്‍ക്ക് മനസ്സിലായി, ഗാന്ധിജിയുടെ സത്യഗ്രഹം എന്ന സമരമുറ വിദേശ ശക്തികളെ മാത്രമേ മാറ്റിച്ചിന്തിപ്പിക്കൂ എന്ന്. സ്വദേശികളായ ഭരണാധികാരികള്‍ കേസില്‍ത്തളച്ചിട്ട് അവരെ വേട്ടയാടുകയായിരുന്നു ഇതുവരെ. അതിനിടെയാണ് അവരുടെ പുതിയ പ്രഖ്യാപനം ഇന്നലെ പുറത്തുവന്നത്: “സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടിയില്ലാത്തതിനാല്‍ ഞാന്‍ ഉപവാസം അവസാനിപ്പിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും.” ഈ പ്രഖ്യാപനത്തിനും ഉരുക്കിന്റെ ശക്തിയുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
2000ത്തില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ച് മൂന്നാം ദിവസം ഇറോം ശര്‍മിളയെ ആത്മഹത്യ ശ്രമക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആളുകളെ വെടിവെച്ചുകൊല്ലാന്‍ സേനക്ക് അധികാരം നല്‍കുന്ന നാട്ടില്‍, ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസില്‍ക്കുടുക്കി ഒടുക്കുന്ന വിചിത്ര നീതി. എന്നാല്‍, റിമാന്‍ഡില്‍ കഴിയുമ്പോഴും തന്റെ പ്രതിജ്ഞയില്‍ അവര്‍ ഉറച്ചുനിന്നു. നിര്‍ബന്ധപൂര്‍വം കുഴല്‍വഴി മൂക്കിലൂടെ ഭക്ഷണം നല്‍കിയും വിട്ടയച്ചും വീണ്ടും അറസ്റ്റ് ചെയ്തും ഭരണകൂടം അവരെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
പ്രതിരോധത്തിന്റെ ബിംബം എന്ന വിശേഷണത്തിലേക്ക് ഇറോം ഉയര്‍ത്തപ്പെടുന്നത് 2006 ഒക്‌ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിലാണ്. ജയില്‍ മോചിതയായ അവര്‍ അന്ന് രാജ്ഘട്ടിലെത്തി തന്റെ മാതൃകാ നേതാവായ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രമര്‍പ്പിച്ചു. അവിടെ നിന്ന് വിദ്യാര്‍ഥികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും അകമ്പടിയോടെ അവര്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തി. വനിതകള്‍ അസാം റൈഫിള്‍സ് ആസ്ഥാനത്തേക്ക് ഇരച്ചു ചെന്നു. സമാനമായ പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി. പ്രതിഷേധ പ്രകടനങ്ങളോടൊപ്പം നിരാഹാരവും തുടരുകയായിരുന്ന ഇറോം ശര്‍മിളയെ ഡല്‍ഹി പോലീസ് ഒക്‌ടോബര്‍ ആറിന് വീണ്ടും അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കെല്ലാം കത്തയച്ചു. അനുകൂലമായ ഒരു വാക്കും അവരില്‍ നിന്ന് കിട്ടിയില്ല. പക്ഷേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവര്‍ക്ക് പിന്തുണകളുണ്ടായി. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷിറിന്‍ ഇബാദി അവരെ അറിയിച്ചു.
അതിനിടെ, ശര്‍മിളയുടെ സമരം കൂടുതല്‍ ജനപിന്തുണ നേടിയതോടെ സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി ജീവന്‍ റെഡ്ഡി അധ്യക്ഷനായ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. 2004 ആഗസ്റ്റ് 12ന് അഫ്‌സ്പ ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രക്ഷോഭ രംഗത്തുള്ള 32 സംഘടനകളും ഈ നിര്‍ദേശം തള്ളി. സംസ്ഥാനം മുഴുവന്‍ ഈ നിയമം റദ്ദാക്കി അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 2006 ഫെബ്രുവരി ആറിന് അഫ്‌സ്പക്ക് പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയനടപ്പാക്കണമെന്ന് ജീവന്‍ റെഡ്ഡി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല ഈ ശിപാര്‍ശയും.
അതിനിടെ, പിന്നെയും ഇറോം ശര്‍മിള അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍ മോചിതയാകുകയും ചെയ്തു. ജയില്‍വാസത്തിനും പ്രതിഷേധ സമരങ്ങള്‍ക്കുമിടയില്‍ കടന്നുപോയ 16 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ്, ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്ന ശര്‍മിള തന്റെ മാതാവിനെ കണ്ടത്. അഫ്‌സ്പ പിന്‍വലിക്കുന്ന ദിവസം തനിക്ക് അമ്മയുടെ കൈകൊണ്ട് ഭക്ഷണം കഴിക്കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ച് 28ന് ജയില്‍ മോചിതയായപ്പോഴും തന്റെ പ്രതിജ്ഞയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍. അന്ന് തന്നെ ഇംഫാലിലെ ശഹീദ് മന്ദിറില്‍ എത്തി ഇറോം സത്യഗ്രഹം ആരംഭിച്ചു. എന്നാല്‍, വീണ്ടും പഴയ കുറ്റം തന്നെ ചുമത്തി അവര്‍ അറസ്റ്റിലായി.
നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ ഇറോം ശര്‍മിളയെ കുറിച്ച് പുസ്തകങ്ങളും നാടകങ്ങളും പുറത്തുവന്നു. 2007ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്വാങ്ചു പുരസ്‌കാരം, 2009ല്‍ ആദ്യ മയിലമ്മ പുരസ്‌കാരം, 2010ല്‍ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, രവീ ന്ദ്രനാഥ ടാഗോര്‍ സമാധാന സമ്മാനം, 2012ല്‍ ആദ്യ കോവിലന്‍ സ്മാരക അവാര്‍ഡ് എന്നിവ ഇറോം ശര്‍മിളയെ തേടിയെത്തി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന പ്രഖ്യാപനത്തോടൊപ്പം വൈവാഹിക ജീവതമെന്ന സ്വപ്‌നവും പങ്കുവെക്കുന്നുണ്ട് മണിപ്പൂരിന്റെ ഈ ഉരുക്കുവനിത.