Connect with us

Sports

കടല്‍ കീഴടക്കി, ഇനി റിയോ കീഴടക്കണം

Published

|

Last Updated

റിയോ ഒളിമ്പിക്‌സ് രാഷ്ട്രങ്ങള്‍ക്ക് മെഡലുകള്‍ വെട്ടിപ്പിടിക്കാന്‍ മാത്രമുള്ള വേദിയല്ല. അവിടെ രാജ്യമില്ലാത്തവരുടെ പോരാട്ടം കാണാം, നാടും വീടും ഉടയവരും നഷ്ടമായവരുടെ കണ്ണീര്‍ക്കുതിപ്പ് കാണാം. ലോകമെങ്ങും പലായനം നടക്കുന്നു. അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് പാഞ്ഞ് കയറുന്നു. റിയോ ഒളിമ്പിക്‌സ് അഭയാര്‍ഥികളുടേത് കൂടിയാണ്. യുസ്‌റ മര്‍ദിനി എന്ന വനിതാ അത്‌ലറ്റിന്റെ ജീവിത കഥ റിയോയില്‍ അലയടിക്കും.
സിറിയയില്‍ ആഭ്യന്തര കലാപം മൂര്‍ഛിച്ചപ്പോള്‍ സഹോദരിയേയും കൂട്ടി യുസ്‌റ മര്‍ദിനി പലായനം ചെയ്തു. ആദ്യം ലെബനില്‍ പിന്നീട് തുര്‍ക്കിയില്‍ അവിടെ നിന്ന് ഗ്രീസിന്റെ അധീനതയിലുള്ള ദ്വീപായ ലെസ്‌ബോസ് ലക്ഷ്യമിട്ട് ഒരു ബോട്ടില്‍ മെഡിറ്ററേനിയന്‍ കടലിടുക്കിലൂടെ സാഹസിക യാത്ര. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഏഞ്ചിന്‍ നിശ്ചലമായി. ഏഴ് പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കപ്പാസിറ്റിയുള്ള ബോട്ടിലുണ്ടായിരുന്നത് ഇരുപത് പേര്‍. പ്രൊഫഷണല്‍ നീന്തല്‍ താരമായ യുസ്‌റ മര്‍ദിനി സഹോദരിക്കൊപ്പം ഈജിയന്‍ കടലിലേക്കെടുത്ത് ചാടി. ഒപ്പം നീന്തല്‍ അറിയുമായിരുന്ന മറ്റൊരാളും. ബോട്ട് കരക്കടുപ്പിക്കാന്‍ ഇവര്‍ നാല് മണിക്കൂര്‍ നേരം നടത്തിയ പരിശ്രമം ബോട്ടിലുള്ളവര്‍ക്ക് പുതുജീവിതമാണ് സമ്മാനിച്ചത്.
കടലില്‍ മുങ്ങിപ്പോയാല്‍ അതെനിക്ക് നാണക്കേടാണ്. കാരണം ഞാനൊരു പ്രൊഫഷണല്‍ നീന്തല്‍ താരമാണ് – ബെര്‍ലനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പതിനെട്ടുകാരി ആത്മാഭിമാനത്തോടെ പറഞ്ഞു.
അഭയാര്‍ഥി പ്രവാഹം ലോകം ചര്‍ച്ച ചെയ്യുമ്പോഴാണ് രാജ്യാന്തര ഒളിമ്പിക് സമിതി (ഐ ഒ സി) റെഫ്യൂജി ഒളിമ്പിക് അത്‌ലറ്റ്‌സ് (ആര്‍ ഒ എ) എന്ന പ്ലാറ്റ്‌ഫോമുണ്ടാക്കിയത്. അഭയാര്‍ഥികളായി മാറിയ കായിക താരങ്ങള്‍ക്ക് പ്രത്യേകം യോഗ്യത മത്സരം നടത്തി യുസ്‌റ ഉള്‍പ്പടെയുള്ള പത്ത് താരങ്ങള്‍ക്ക് റിയോയില്‍ അവസരം നല്‍കി. ഐ ഒ സി പതാകക്ക് കീഴിലാണിവര്‍ മത്സരിക്കുക. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ യുസ്‌റ മത്സരിക്കുമ്പോള്‍ അത് ഓളപ്പരപ്പുകളില്‍ തിരമാല സൃഷ്ടിക്കും.

Latest