Connect with us

Malappuram

ചേലേമ്പ്രയില്‍ ക്ലാസ് മുറിയിലും വരാന്തയിലും രക്തക്കറ

Published

|

Last Updated

തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ ചേലൂപ്പാടം എ എം എം യു പി സ്‌കൂളിലെ ക്ലാസ് മുറികളിലും വരാന്തകളിലും ചുമരുകളിലും സ്റ്റേജിലും ചോരക്കറ. രക്തം ഇറ്റിവീണ പാടുകളാണ് സ്‌കൂളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് അന്വേഷണം തുടങ്ങി. സ്‌കൂള്‍ പ്രധാനധ്യാപകന്റെ പരാതി പ്രകാരം സ്‌കൂള്‍ സന്ദര്‍ശിച്ച തേഞ്ഞിപ്പലം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് , ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
ഇന്നലെ രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ക്ലാസ് മുറിയിലും വരാന്തയിലുമായി ചോരക്കറ ആദ്യം കണ്ടത്. പിന്നീട് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും എത്തി. പോലീസ് പരിസരം പൂര്‍ണമായും പരിശോധിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. തുടര്‍ന്നാണ് രക്തത്തിന്റെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചത്. സ്‌കൂള്‍ പ്രധാനധ്യാപകന്റെ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണം.
കോഴിക്കോട്ടെ റീജ്യണല്‍ ലാബില്‍ നിന്ന് പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ ചോര മനുഷ്യന്റേതോ മൃഗങ്ങളുടേതോ എന്ന് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയും സ്‌കൂള്‍ പരിസരത്തും പെരുണ്ണീരി അങ്ങാടിയിലും സമീപത്തെ കടകള്‍ക്ക് സമീപവും രക്തതുള്ളികള്‍ കണ്ടിരുന്നു. തുടര്‍ച്ചയായി രക്തതുള്ളികള്‍ കാണുന്നത് അധ്യാപകരിലും സ്‌കൂള്‍ അധികൃതരിലും നാട്ടുകാരിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്. രക്തതുള്ളികളോട് ചേര്‍ന്ന് ആടിന്റെതിന് സമാനമായ രോമം കണ്ടെത്തിയതിനാല്‍ മനുഷ്യ രക്തമല്ലായിരിക്കാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രക്തസാമ്പിളുകള്‍ കോഴിക്കോട്ടെ റീജ്യണല്‍ ലാബിലേക്ക് ഇന്ന് പരിശോധനക്കായി അയക്കും. രക്തക്കറ കണ്ടെത്തിയ ദിവസം രാവിലെ സ്‌കൂള്‍ മാനേജര്‍ സൈതലവി മാസ്റ്റര്‍, ചേലേമ്പ്ര പഞ്ചായത്തംഗം സുജിത, പി ടി എ പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Latest