Connect with us

Ongoing News

മണിയന്‍പിള്ള വധക്കേസ്: ആട് ആന്റണിക്ക് ജീവപര്യന്തം തടവ്‌

Published

|

Last Updated

കൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണിയെ പിടികൂടിയപ്പോഴാണ് പോലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപെട്ടത്.

2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് വച്ചാണ് പൊലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. കഴിഞ്ഞ ദിവസം വിധിപറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പക്ഷേ, അന്ന് കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്നു കോടതി വ്യക്തമാക്കിയിരുന്നു.

കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരുന്നത്.