Connect with us

Editorial

ഇറോം ശര്‍മിളയുടെ ചുവടുമാറ്റം

Published

|

Last Updated

അപ്രതീക്ഷിതമായിരുന്നു 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഇറോംശര്‍മിളയുടെ തീരുമാനം. അഫ്‌സ്പ (സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം) വിരുദ്ധ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കി വന്ന അവരുടെ കുടുംബവും അനുയായി വൃന്ദവും വിസ്മയത്തോടെയാണ് ആഗസ്ത് ഒമ്പതോടെ സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം ശ്രവിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറും കോടതിയും പല തവണ ശ്രമിക്കുകയും ആത്മഹത്യാകുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിട്ടും വഴങ്ങാതെ അഫ്‌സ്പ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് തീര്‍ത്തു പറഞ്ഞ ഇവരുടെ ഇപ്പോഴത്തെ പിന്‍മാറ്റത്തില്‍ ആഗോള സമൂഹവും അമ്പരപ്പിലാണ്.

2000 നവംബറില്‍ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ബസ് കാത്തുനില്‍ക്കുയായിരുന്ന 10 ഗ്രാമീണരെ “അഫ്‌സ്പ”യുടെ മറവില്‍ സുരക്ഷാ സൈന്യം വെടിവച്ചുകൊന്ന ഭീകര സംഭവത്തെ തുടര്‍ന്നാണ് “അഫ്‌സ്പ” പിന്‍വിലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഭീകരവാദികളെന്ന് സംശയിക്കുന്നവരെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതിന്റെ മറവില്‍ നിരപരാധികളായ പ്രദേശവാസികളില്‍ മാവോയിസം ആരോപിച്ചു വ്യാജഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കിയതായി പറയപ്പെടുന്നു.

ഇത്തരം 1500 കേസുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടിതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഈ കാടന്‍ നിയമത്തിനെതിരെ എല്ലാ പ്രതികുല സാഹചര്യങ്ങളെയും അതിജീവിച്ചു ഒന്നര ദശാബ്ത്തിലേറെ കാലം ഇറോംശര്‍മിള നടത്തി വന്ന സമരം ലോകശ്രദ്ധ നേടി. എന്നാല്‍ ന്യായമായ അവരുടെ ആവശ്യം അംഗീകരിക്കുന്നതിന് പകരം അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു സമരം പരാജയപ്പെടുത്താനും അവര്‍ക്കു മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷടിക്കാനുമായിരുന്നു സര്‍ക്കാര്‍ തുനിഞ്ഞത്.

നിരാഹാര സമരം അത്മഹത്യാ ശ്രമമായി ആരോപിച്ചു ഓരോ വര്‍ഷവും ഐ പി സി 309-ാം വകുപ്പ് പ്രകാരം അവരെ അറസ്റ്റ് ചെയ്തു ആ വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ 365 ദിവസം അവരെ ജയിലില്‍ അടച്ചിടും. പിന്നീട് മോചിപ്പിക്കുമെങ്കിലും രണ്ട് ദിവസം കഴിഞ്ഞു അതേ കുറ്റം ചാര്‍ത്തി വീണ്ടും അറസ്റ്റ് ചെയ്യും. പതിനാറ് വര്‍ഷമായി ഈ പ്രകിയ തുടരുന്നു. ഐ പി സി 309-ാം വകുപ്പ് അനുസരിച്ചു ഇറോം ശര്‍മിളയില്‍ ആത്മഹത്യാ ശ്രമം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതികള്‍ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. എങ്കിലും സര്‍ക്കാര്‍ നിലപാടിന് മാറ്റമുണ്ടായില്ല.

മോദി അധികാരമേറ്റ ഉടനെ ശര്‍മിള അദ്ദേഹത്തെ സന്ദര്‍ശിച്ചു അഫസ്പ പിന്‍വലിച്ചു തന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹവും ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനിന്നു. ഇത്രയും കാലത്തെ ത്യാഗപുര്‍ണമായ ശ്രമം വ്യര്‍ഥമാകുകയും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭ്യമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സമരം പിന്‍വലിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, അഫസ്പക്കെതിരെയുള്ള സമരം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു രാഷ്ട്രീയത്തിലൂടെ പോരാട്ടം തുടരാനാണ് നീക്കം. 2014ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കണമെന്നാവശ്യപ്പെട്ട് എ എ പി ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചിരുന്നെങ്കിലും അന്നവര്‍ വിസമ്മതിക്കുകയായിരുന്നു.

വൈദേശിക ഭരണകൂടത്തിനെതിരെ ഗാന്ധിയും വര്‍ണവിവേചനത്തിനെതിരെ മണ്ഡേലയും കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിന് വേണ്ടി മാര്‍ട്ടിന്‍ ലൂതര്‍കിംഗും നടത്തിയ സഹന സമരങ്ങളാണ് ഇറോംശര്‍മിളക്ക് പ്രചോദനം. എന്നാല്‍, സമരത്തിന്റെ പ്രാധാന്യവും അതിന്റെ മാനുഷികവശവും പരിഗണിച്ചു അതിനെ പിന്തുണക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വന്നില്ല. ജനപിന്തുണ ആര്‍ജിക്കാനും അവര്‍ക്കായില്ല. ഇതായിരിക്കണം ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിപ്പിച്ചു രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് കാരണം. ശര്‍മിളയുടെ സമരത്തെ വാഴ്ത്താന്‍ ധാരളം പേരുണ്ടായി. പോരാട്ടഭൂമിയില്‍ കുടെ ചേരാന്‍ വിരലിലെണ്ണാകുന്നവര്‍ മാത്രം.

രണ്ട് വര്‍ഷം മുമ്പ് പി ടി ഐയുമായുള്ള അഭിമുഖത്തിനിടെ തന്നെക്കുറിച്ചുള്ള വാഴ്ത്തലുകള്‍ക്ക് പകരം അഫസ്പക്കെതിരെയുള്ള പോരാട്ടത്തില്‍ അണി ചേരാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമൂഹത്തോടും അവര്‍ അഭ്യര്‍ഥിച്ചിരുന്നു. വ്യക്തിപരമായ നേട്ടത്തിനല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരത്തിന് ഇറങ്ങിത്തിരിച്ചതെന്ന് ബോധ്യത്തോടെ ജനങ്ങളും നേതാക്കളും തന്റെ പാതയിലേക്ക് കടന്നുവരണമെന്ന ആഹ്വാനത്തോട് പക്ഷേ ആശാവഹമായ പ്രതികരണമുണ്ടായില്ല. സമരഭൂമികയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം മറ്റൊരു ചരിത്രത്തിന്റെ തുടക്കമാകുമോ? അഥവാ അധികാര രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് അവരുടെ ആദര്‍ശവീര്യം നഷ്ടമാകുകയും അവസരവാദ രാഷ്ട്രീയത്തോട് സമരസപ്പെടുകയും ചെയ്യുമോ?