Connect with us

Kerala

ലോക ഹെപ്പറ്റൈറ്റിസ് ദിനം: നിശ്ശബ്ദ കൊലയാളിയെ തിരിച്ചറിഞ്ഞ് മുന്‍കരുതലെടുക്കണമെന്ന് വിദഗ്ധര്‍

Published

|

Last Updated

കൊച്ചി: ഓരോ വര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിന് കാരണമാകുന്ന ആഗോള ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന ഹെപ്പറ്റൈറ്റിസ് വകഭേധങ്ങളെ തിരിച്ചറിഞ്ഞ് മുന്‍കരുതലെടുക്കണമെന്ന് വിദഗ്ധര്‍. കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ ആധിക്യം കൂടുതലായിരിക്കുകയാണ്. ഇവയില്‍ പലതിനെയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാല്‍ ഹെപ്പറ്റൈറ്റിസ്- സിയുടെ കാര്യം വ്യത്യസ്തമാണ്. ഹെപ്പറ്റൈറ്റിസ്- സി വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ കരള്‍രോഗമാണിത്.

ഹെപ്പറ്റൈറ്റിസ്- സി (എച്ച് സി സി) രോഗമുള്ള പലരും അവര്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാല്‍ നിശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹെപ്പറ്റൈറ്റിസ്- സി കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ രോഗം തിരിച്ചറിയുന്നതിനും പുതിയ വൈദ്യശാസ്്ത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രോഗം ഇല്ലാതാക്കുന്നതിനും ബോധവത്കരണ നടപടികള്‍ സ്വീകരിക്കണമെന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ കരള്‍രോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോവര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിന് കാരണമാകുന്ന ആഗോള ആരോഗ്യപ്രശ്‌നമാണ് ഹെപ്പറ്റൈറ്റിസ്- സി അനുബന്ധ സിറോസിസും എച്ച് സിസിയും. ഇന്ത്യയില്‍ ഓരോവര്‍ഷവും ലക്ഷക്കണക്കിന് ആളുകളെ ഹെപ്പറ്റൈറ്റിസ്- സിരോഗം ബാധിക്കുന്നുണ്ട്.
ലോകമെങ്ങും 184 ദശലക്ഷം ആളുകള്‍ക്ക് എച്ച് സി വി രോഗബാധയുണ്ടാകുന്നെന്നാണ് കണക്ക്.

ഇന്ത്യയില്‍ സ്വമനസാലുള്ള രക്തദാനത്തിലൂടെ 0.8 മുതല്‍ 1.6 ശതമാനം വരെ ആളുകളില്‍ രോഗബാധയുണ്ടാകുന്നു. രോഗബാധയേറ്റ ആളുകള്‍ മറ്റുളളവരിലേക്ക് രോഗം പകരാന്‍ കഴിവുള്ള കാരിയറുകളാണെന്ന കാര്യം അറിയുന്നതേയില്ല. പനി, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, വയര്‍വേദന, കടുംനിറത്തിലുള്ള മൂത്രം, നരച്ച നിറത്തിലുള്ള മലം, സന്ധികള്‍ക്ക് വേദന, അല്ലെങ്കില്‍ മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ഗതിയിലുള്ള എച്ച് സി വി ലക്ഷണങ്ങള്‍.

ഹെപ്പറ്റൈറ്റിസ്- സി എന്നത് ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന രോഗമാണെന്നും സാധാരണക്കാര്‍ക്ക് ഈ രോഗത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നും ആഗോള തലത്തില്‍ അറിയപ്പെടുന്ന ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റും പി വി എസ് മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് സി ഇ ഒയും ചെയര്‍മാനുമായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു.
രോഗത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് പലപ്പോഴും രോഗി രോഗ ബാധയെക്കുറിച്ച് അറിയുന്നത്. വളരെ ഗുരുതരമായ അണുബാധക്കാണ് എച്ച് സി വി കാരണമാകുന്നത്.

രോഗം കൂടുന്ന ഘട്ടത്തില്‍ വളരെക്കുറച്ചു പേരുടെ രോഗം മാത്രമാണ് തിരിച്ചറിയപ്പെടുന്നത്. അവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. എച്ച് സി വി ബാധിച്ചാലും പതിറ്റാണ്ടുകളോളം രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ തുടരാം. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ കരളിന് വളരെ ഗുരുതരമായ രണ്ടാംഘട്ട കേടുപാടുകള്‍ സംഭവിച്ചിരിക്കുമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.

എച്ച് സി വി പരിശോധനയിലൂടെ നേരത്തെ രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും. രക്തദാനത്തിനായുള്ള രക്തപരിശോധനയിലോ മറ്റ് ആരോഗ്യ പരിശോധനകളിലോ എച്ച് സി വി പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരില്‍ പലരും തുടര്‍ന്ന് രോഗം ഉറപ്പിക്കുന്നതിനായുളള പരിശോധനകള്‍ നടത്താന്‍ തുനിയാറില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ഹെപ്പറ്റൈറ്റിസ്‌സി രോഗബാധയുള്ള ഒരാളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതു വഴിയാണ് പലപ്പോഴും എച്ച് സിസി പകരുന്നത്. ഇത് പലവിധത്തില്‍ സംഭവിക്കാമെന്ന് പി വി എസ് മെമ്മോറിയല്‍ ആശുപത്രിയിലെ പ്രമുഖ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്‌ഡോ. മാത്യു ഫിലിപ്പ, പി വിഎസ് മെമ്മോറിയല്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. പ്രകാശ് സഖറിയാസ് എന്നിവര്‍ പറഞ്ഞു. കുത്തിവെക്കാനുള്ള സൂചികളോ മറ്റ് ഉപകരണങ്ങളോ പല ആളുകളില്‍ ഉപയോഗിക്കുന്നതു മൂലമാണ് ഹെപ്പറ്റൈറ്റിസ്‌സി പകരുന്നത്. രക്തത്തിലൂടെ പകരുന്നതും കരളിനെ ബാധിക്കുന്നതുമായ പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് എച്ച് സി വി.

രോഗ ബാധയേറ്റ 15 മുതല്‍ 25 ശതമാനം വരെ ആളുകളില്‍ ആറ് മാസത്തിനുള്ളില്‍ രക്തത്തിലെ വൈറസുകള്‍ പുറം തള്ളപ്പെടും. എന്നാല്‍, 75 മുതല്‍ 85 ശതമാനം വരെ ആളുകളില്‍ രോഗാണുക്കള്‍ ശരീരമാകമാനം നിലനില്‍ക്കും. രോഗം തടയാന്‍ നിലവില്‍ വാക്‌സിനേഷന്‍ ലഭ്യമല്ല.

---- facebook comment plugin here -----

Latest