Connect with us

Kerala

വന്‍കിട പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഓര്‍ഡിനന്‍സ്

Published

|

Last Updated

തിരുവനന്തപുരം:കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ സംവിധാനത്തിലൂടെ പണം സമാഹരിക്കുകയാണ് ലക്ഷ്യം. 50,000 കോടി രൂപ വരെ ബജറ്റിന് പുറത്ത് സമാഹരിച്ച് സം സ്ഥാ നത്തിന്റെ സമഗ്ര വികസനത്തിന് സ്ഥലമെടുപ്പ് അടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വ്യവസ്ഥചെയ്യുന്ന വിധം കേരളാ ഇന്‍്രഫാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്തത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് നിയമം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിന് പുതുതും വിശാലവുമായ ഇടപെടല്‍ അധികാരം നല്‍കുന്നതാണ്. ഓര്‍ഡിനന്‍സ്. ഇതു പ്രകാരം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഇനി മുഖ്യമന്ത്രിയായിരിക്കും. അതിനു കീഴില്‍ ധനമന്ത്രി അധ്യക്ഷനായ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉണ്ടാകും. ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനും അവലോകനത്തിനും ഉള്ളതാണ് ഈ സമിതി.

വ്യവസ്ഥാപിത രീതികള്‍ പ്രകാരം റവന്യൂ രംഗത്ത് 97,000 കോടി രൂപയുടെയും മൂലധന രംഗത്ത് 9500 കോടി രൂപയുടെയും ചെലവാണ് വിഭാവനം ചെയ്യുന്നത്. മൂലധനച്ചെലവ് 9,500 കോടി മാത്രമാണെന്നുവന്നാല്‍ വലിയ പദ്ധതികള്‍ക്ക് മുടക്കാന്‍ പണമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ബജറ്റിന് പുറത്ത് ധനസമാഹരണം നടത്താന്‍ നിശ്ചയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 24,000 കോടി മുതല്‍ 50,000 കോടി വരെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സമാഹരിക്കുകയാണ് ലക്ഷ്യം.

വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വന്‍ റോഡ് നിര്‍മാണം, വലിയ പാലങ്ങളുടെ നിര്‍മാണം, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍, ഐ ടി- ടൂറിസം മേഖലയുടെ വികസനം തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവായിരിക്കും പ്രധാനമായും കണ്ടെത്തുക.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെടുന്ന തുകക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ഇത് ഫണ്ടില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിക്ഷേപകര്‍ക്ക് പ്രോത്സാഹനമാകും. പെട്രോളില്‍ നിന്നുള്ള ഒരു രൂപയുടെ സെസ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സില്‍ നിന്നുള്ള 50 ശതമാനം വരെ ഉയരുന്ന ഓഹരി എന്നിവ നിയമ പ്രകാരം തന്നെ ഫണ്ടിലേക്ക് ഉറപ്പാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു നിഷ്‌കര്‍ഷ.

ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷന്‍ രൂപവത്കരിക്കും. അനുവദിക്കുന്ന ഫണ്ട് വകമാറ്റുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഈ സമിതിയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രഗത്ഭരുണ്ടാകും. ഈ സമിതി എല്ലാ വര്‍ഷവും ഫണ്ട് ദുരുപയോഗമുണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഫണ്ട് ഉപയോഗിക്കപ്പെടുന്നുവെന്നും ഉദ്ദേശിച്ച പദ്ധതികള്‍ക്കു തന്നെ ചെലവാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ബാക്കി വരുന്ന തുക ക്രിയാത്മകമായി നിക്ഷേപിക്കാനും ഉദ്ദേശിച്ചുള്ളതാണ് സ്വതന്ത്ര- വിദഗ്ധതല സംവിധാനം.

ദേശീയ, അന്തര്‍ദേശീയ പ്രശസ്തിയുള്ള ധനകാര്യ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് രൂപവത്കരിക്കുന്ന ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷന്‍ സ്വതന്ത്ര അധികാരങ്ങളുണ്ടാകും. കടം വാങ്ങിയ പണം ഉദ്ദേശിച്ച കാര്യങ്ങള്‍ക്കായിത്തന്നെ ഉപയോഗിച്ചു എന്ന് ഉറപ്പുവരുത്താന്‍ കമ്മീഷന് അധികാരം നല്‍കും.

 

Latest