Connect with us

Articles

കേന്ദ്ര സര്‍ക്കാറും ഫെഡറല്‍ മൂല്യങ്ങളും

Published

|

Last Updated

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യഘടനയുടെ ഹൃദയധമനികള്‍ പോലെയാണ് നമ്മുടെ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള ഫെഡറല്‍ മൂല്യങ്ങള്‍. വ്യത്യസ്ത ഭാഷാസമൂഹങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളും ചേര്‍ന്നാണ് ഇന്ത്യയെന്ന കേന്ദ്രഘടന നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. കേന്ദ്രസര്‍ക്കാറും സംസ്ഥാന ഗവണ്‍മെന്റുകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി സംവിധാനത്തിന്റെയും നിലനില്‍പിന്റെ അടിസ്ഥാനം തന്നെ.

പാര്‍ലമെന്ററി സംവിധാനങ്ങളോടും ഭരണഘടനയുടെ ജനാധിപത്യ തത്വങ്ങളോടും പ്രത്യയശാസ്ത്രപരമായിതന്നെ യോജിപ്പില്ലാത്ത സംഘ്പരിവാര്‍ ശക്തികള്‍ ദേശീയാധികാരത്തിലെത്തിയതോടെ പാര്‍ലമെന്ററി സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന രണ്ടു വര്‍ഷക്കാലത്തിനിടയില്‍ പാര്‍ലമെന്ററി ജനാധിപത്യസ്ഥാപനങ്ങളെ നിരാകരിക്കുന്ന സമീപനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള സ്ഥിരം സംവിധാനമാണല്ലോ ദേശീയോദ്ഗ്രഥ നസമിതിയും ദേശീയ വികസന കൗണ്‍സിലും. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ദേശീയോദ്ഗ്രഥന സമിതി വിളിച്ചുചേര്‍ത്തിട്ടില്ല. ദേശീയവികസന കൗണ്‍സിലിനെ അപ്രസക്തമാക്കിയിരിക്കുകയുമാണ്.
കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടനെ ആസൂത്രണകമ്മീഷനെ പിരിച്ചുവിടുകയാണ് ഉണ്ടായത്. പകരം നീതിആയോഗ് എന്ന പ്രധാനമന്ത്രിയിലും ധനകാര്യ മന്ത്രിയിലും സര്‍വ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന സംവിധാനം കൊണ്ടുവരികയാണല്ലോ ചെയ്തത്. ഇന്ത്യപോലെ അസന്തുലിതമായ സാമൂഹികാവസ്ഥയും പ്രാദേശിക വ്യത്യാസങ്ങളുമുള്ള ഒരു സമൂഹത്തില്‍ വിഭവങ്ങളുടെ ജനാധിപത്യപരമായ പങ്കുവെക്കലും സന്തുലിതമായ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ആസൂത്രണകമ്മീഷന്‍ നിര്‍ണായകമായ സ്ഥാനമാണുണ്ടായിരുന്നത്.
ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടതോടെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രാതിനിധ്യ പങ്കാളിത്തത്തോടെ രൂപവത്കരിച്ച വികസനകൗണ്‍സിലും അപ്രസക്തമായി എന്നതാണ് വസ്തുത. രാജ്യത്തെയും സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ദേശീയ സമവായം രൂപപ്പെടുത്തുകയാണ് ദേശീയോദ്ഗ്രഥന സമിതിയുടെയും വികസനകൗണ്‍സിലിന്റെയുമെല്ലാം ഉത്തരവാദിത്വം. ഇന്നിപ്പോള്‍ മോദി സര്‍ക്കാര്‍ സംസ്ഥാനഗവണ്‍മെന്റുകളെ ഒറ്റക്കൊറ്റക്കോ ഉഭയഅടിസ്ഥാനത്തിലോ കൈകാര്യം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളോട് ഒരു കാലത്തും സഹിഷ്ണുത പുലര്‍ത്താന്‍ സംഘ്പരിവാര്‍ നേതൃത്വം തയ്യാറായിട്ടില്ല. മോദി സര്‍ക്കാര്‍ ഈയൊരു നിലപാട് തീവ്രതരമാക്കിയിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ദയാദാക്ഷിണ്യത്തിന് പ്രവര്‍ത്തിക്കേണ്ടവരാണ് സംസ്ഥാന ഗവണ്‍മെന്റുകളെന്ന പ്രതീതി സൃഷ്ടിക്കുകയാണവര്‍. നമ്മുടെ ഭരണഘടനയുടെ ഫെഡറല്‍ ഘടനയനുസരിച്ചുള്ള സംസ്ഥാനങ്ങളുടെ അവകാശനിഷേധമാണ് ദേശീയോദ്ഗ്രഥനകൗണ്‍സിലും ദേശീയ വികസനകൗണ്‍സിലും വിളിച്ചുചേര്‍ക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ അന്തര്‍ലീനമായിരിക്കുന്നത്.
ഉത്തരാഖണ്ഡിലെയും അരുണാചല്‍പ്രദേശിലെയും തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ 356-ാം വകുപ്പനുസരിച്ച് പിരിച്ചുവിടുകയായിരുന്നല്ലോ. ആസാമില്‍ ബി ജെ പി ഗവണ്‍മെന്റ് രൂപവത്കരിച്ചതോടെ ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള കുത്സിതനീക്കങ്ങളാണ് ബി ജെ പി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്. നാഗാലാന്റില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പ്രാദേശിക പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ബി ജെ പിയോട് വിധേയത്വം പുലര്‍ത്തുന്ന നയമാണ് അനുവര്‍ത്തിച്ചുവരുന്നത്. മേഘാലയിലും മിസോറാമിലും തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.
ത്രിപുരയിലും കേരളത്തിലും ബോധപൂര്‍വം ആര്‍ എസ് എസിനെ ഉപയോഗിച്ച് അക്രമണങ്ങള്‍ അഴിച്ചുവിട്ടും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും ഇടതുപക്ഷസര്‍ക്കാറുകള്‍ക്കെതിരെ ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ ഭരണഘടനയുടെ 356-ാം അനുച്ഛേദം ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ സുപ്രീം കോടതിക്ക് താക്കീത് ചെയ്യേണ്ടയിടം വരെ എത്തുകയുണ്ടായല്ലോ. ഉത്തരാഖണ്ഡില്‍ സുപ്രീംകോടതിയുടെ ഇടപെടലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തടയപ്പെടുകയുണ്ടായി.
ജനാധിപത്യ വ്യവസ്ഥക്കകത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും പ്രവര്‍ത്തന പരിധികളും നിര്‍വചിതമാണ്. അധികാര വികേന്ദ്രീകരണ പ്രക്രിയ എന്നുപറയുന്നത് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പ്രാദേശിക സര്‍ക്കാറുകളിലേക്കും വിഭവങ്ങളും അധികാരവും കൈമാറുന്ന പ്രക്രിയയാണ്. ബി ജെ പിയും ആര്‍ എസ് എസും എന്നും അധികാരവികേന്ദ്രീകരണത്തിന് ഫെഡറല്‍ മൂല്യങ്ങള്‍ക്കും വിരുദ്ധമായ ദിശയില്‍ അഖണ്ഡതയുടെയും കേന്ദ്രീകരണത്തിന്റെയും തത്വങ്ങള്‍ക്കു വേണ്ടി നിലകൊണ്ടവരാണ്. ഇത്തരം സമീപനങ്ങള്‍ രാഷ്ട്ര ഘടനയുടെ അസ്ഥിരീകരണത്തിന് വഴിവെക്കുമെന്നത് ഇന്ത്യയുടെകൂടി സമകാലീന ചരിത്രാനുഭവമാണല്ലോ. സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന മോദിസര്‍ക്കാറിന്റെ സേച്ഛാധിപത്യപ്രവണത കേന്ദ്ര-സംസ്ഥാനബന്ധങ്ങളില്‍ വലിയ വിള്ളലുകളാണ് ഉണ്ടാക്കുക. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും വിഹിതങ്ങള്‍ക്കും വേണ്ടി ജനാധിപത്യശക്തികള്‍ ശക്തമായ പ്രക്ഷോഭ ക്യാമ്പയിനുകള്‍ ആരംഭിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

 

Latest