Connect with us

Editorial

വിദേശികള്‍ ഭയക്കുന്ന ഇന്ത്യ

Published

|

Last Updated

പഠനത്തിനും വിനോദത്തിനും മറ്റുമയി എത്തുന്ന വിദേശ വനിതകള്‍ അക്രമിക്കപ്പെടുയും മാനഭംഗത്തിനിരയാകുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഇസ്‌റാഈല്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. തൊട്ടടുത്ത പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ വാഹനം കാത്ത് നില്‍ക്കുകയായിരുന്ന യുവതിക്ക് അത് വഴിവന്ന കാറില്‍ ലിഫ്റ്റ് നല്‍കുകയും വഴിക്ക് വെച്ച് വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ ബലാത്സംഗം ചെയ്ത ശേഷം വിജന സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇതേ പ്രദേശത്ത് 2013 ജൂണില്‍ യു എസ് വനിത ടാക്‌സി ഡ്രൈവരുടെ ബലാംത്സംഗത്തിനിരയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ ഗുഹാവത്തി സ്വദേശി മദ്യം നല്‍കിയ ശേഷം ലൈംഗികമായി പഡിപ്പിച്ചത് രണ്ട് മാസം മുമ്പാണ്. ഡല്‍ഹിയില്‍ കസാഖിസ്ഥാന്‍ സ്വദേശിയായ യുവതിയെ ട്രാവസ് ഏജന്‍സിയും ടാക്‌സി ഡ്രൈവറും ചേര്‍ന്ന് പീഡിപ്പിച്ചതും ബെല്‍ജിയത്തില്‍ നിന്ന് വിനോദ സഞ്ചാരിത്തിനെത്തിയ യുവതി ഗുഡ്ഗാവില്‍ നിന്നും ഡല്‍ഹയിലേക്കുള്ള യാത്രാമധ്യേ ടാക്‌സി ഡ്രൈവറുടെ പീഡനത്തിനിരയായതും അടുത്തിടെയാണ്. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിദേശ വനിതകള്‍ ഇന്ത്യ സന്ദര്‍ക്കാന്‍ ഭയക്കുന്നതായി അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നതായും പഠനം വെളിപ്പെടുത്തുന്നു. അതിക്രമവും പീഡനവും ഭയന്നു വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് പഠനത്തിന്‍ വരാന്‍ വിസമ്മതിക്കുന്നതായി രണ്ട് വര്‍ഷം മുമ്പ് ഝാര്‍ഖണ്ഡിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന ചടങ്ങങ്ങില്‍ യു എസ് അംബാസിഡറായിരുന്ന നാന്‍സി പവല്‍ പ്രസ്താവിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിച്ച ചില വനിതാ സന്ദര്‍ശകര്‍ ഇവിടെ അവര്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളില്‍ എഴുതുകയും രാജ്യത്തെക്കുറിച്ചു മോശം അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി. ഇന്ത്യന്‍ സംഗീതത്തെയും ഭക്ഷണരീതികളെയും കുറിച്ചു പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നിന്ന് വന്ന ലൂസി ഹെമ്മിംഗ്‌സിന് നേരിട്ട ലൈംഗിക ദുരനുഭവങ്ങളെക്കുറിച്ചു ബ്ലോഗില്‍ അവര്‍ വിശദമായി എഴുതി. ഇതേ തുടര്‍ന്ന് മറ്റു ഇരുപതോളം വിദേശ സഞ്ചാരികളും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തിയിരുന്നു.
വിദേശികള്‍ ആദരവോടെയും ബഹുമാനത്തോടെയുമായിരുന്നു മുന്‍ കാലങ്ങളില്‍ ഇന്ത്യയെ നോക്കിക്കണ്ടിരുന്നത്. മികച്ച സംസ്‌കാരങ്ങളുടെ നാടായാണ് അവര്‍ വിലയിരുത്തിയിരുന്നത്. ഇന്ന് പക്ഷേ, ഇന്ത്യയെന്നും ഇന്ത്യക്കാരെന്നും പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. കൂട്ടബലാത്സംഗത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നാടാണ് വിദേശികളുടെ ദൃഷ്ടിയില്‍ ഇന്ത്യ ഇന്ന്. ഒരു വിദേശി വനിതയുടെ ശരീരം കാണുമ്പോള്‍ ഇന്ത്യക്കാരുടെ അന്തസ്സും മാന്യതയും ചോര്‍ന്നു പോകുന്നതെന്ത് കൊണ്ടാണെന്നാണ് ഒരു വിദേശ വനിത ചോദിക്കുന്നത്. ഒരു സമൂഹത്തെ വിലയിരുത്തുന്നതില്‍ സ്ത്രീസമൂഹത്തോടുള്ള അവരുടെ പെരുമാറ്റവും വീക്ഷണവും പ്രധാന ഘടകമാണ്. സ്ത്രീകളോട് മാന്യമായി പെരുമാറുമ്പോഴാണ് സംസ്‌കാരമുള്ള സമൂഹമായി വിലയിരുത്തപ്പെടുന്നത്. സ്ത്രീകളെ വേദനിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്യുന്ന ജനവിഭാഗത്തെ എങ്ങനെ സംസ്‌കാര സമ്പന്നരായി വിലയിരുത്തും? ഒരു വിദേശ വനിതയെ കണ്ടാല്‍ തുറിച്ചു നേക്കുകയും അവസരം ലഭിച്ചാല്‍ സഭ്യേതരമായി പെരുമാറുകയും ചെയ്യുന്നത് ഇവിടെ സാര്‍വത്രികമാണ്. സ്ത്രീകളുടെ വ്യക്തിത്വത്തെ ആദരിക്കുകയും വിദേശികളോട് മാന്യത കാണിക്കുകയും ചയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയുമാണ്. ടോയ്‌ലറ്റുകളില്‍, ഡ്രസ്സിംഗ് റൂമുകളില്‍, ലോഡ്ജുകളില്‍ സ്ത്രീകളുടെ മാനം ക്യാമറകള്‍ ചൂഴ്‌ന്നെടുത്ത് പ്രചരിപ്പിക്കുന്നു. അത് വിറ്റു കാശാക്കുന്നു. തരം കിട്ടിയാല്‍ അവളെ തന്നെ വിറ്റു കാശാക്കും. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് രാജ്യത്ത് പല നിയമങ്ങളുമുണ്ട്. ജീര്‍ണിതമായ സാമൂഹികാവസ്ഥയില്‍ ഇത്തരം നിയമങ്ങള്‍ വ്യര്‍ഥമാകുകയാണ്. നിയമത്തേക്കാളേറെ സ്ത്രീകളുടെ വ്യക്തിത്വത്തെ ആദരിക്കാനും അവരെ സഹോദരിയായി കാണാനും മാന്യതയോടെ പെരുമാറാനുമുള്ള ഒരു മാനസികാവസ്ഥ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളും ബോധവത്കരണവുമാണ് ആവശ്യം.

---- facebook comment plugin here -----

Latest