Connect with us

Eranakulam

സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥ: സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

കൊച്ചി: ജുഡീഷ്യറിയുടെ ഇടനാഴികളില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ജനങ്ങളാണ് കോടതിയുടെ ഉടമകള്‍. കോടതിയില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമങ്ങളെ നിയന്ത്രിക്കുക വഴി ജുഡീഷ്യറിയുടെ ഇടനാഴികളില്‍ ഇരുട്ട് പരന്നിരിക്കുന്നു. അത് മാറ്റാനുള്ള ജനകീയ പ്രതിരോധത്തിന് തുടക്കം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിഷേധിക്കുന്നതിനെതിരെ പീപ്പിള്‍സ് ഇനിഷ്യേറ്റിവ് ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
ഹൈക്കോടതിയെയും നിയമ സാക്ഷരതയും കേരളത്തെ ബോധ്യപ്പെടുത്തിയത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്കെതിരെ കോടതി എന്നതാണ് കേരളത്തിലെ അവസ്ഥ. പ്രശ്‌നങ്ങള്‍ രമ്യമായി തീര്‍ക്കാനുള്ള അവസരമാണ് ജഡ്ജിമാര്‍ ഇല്ലാതാക്കിയത്. അടച്ചിട്ട കോടതി നിയമവിരുദ്ധമാണ്. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം പാടില്ല. അഭിഭാഷകരില്‍ ഭൂരിപക്ഷവും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനകളാണ് കോടതിയില്‍ നിന്ന് പുറത്തേക്ക് വരുന്നതെന്ന് ആമുഖ പ്രസംഗം നടത്തിയ അഡ്വ. സി പി ഉദയഭാനു പറഞ്ഞു. ഹൈക്കോടതി കെട്ടിടം അഭിഭാഷകരുടേത് മാത്രമല്ല. അഭിഭാഷകന്‍ തെറ്റ് ചെയ്തത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണോ ധാര്‍മിക രോഷം ഉയരേണ്ടത്. അറിയാനുള്ള അവകാശം നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയുടെ അന്ധകാരം നീക്കുന്നതിനായി പ്രതീകാത്മകമായി മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. പ്രൊഫ. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബഷീര്‍, ഡോ. ജി. സദാശിവന്‍ നായര്‍, എന്‍ പദ്മനാഭന്‍, ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest