Connect with us

Eranakulam

അഭിഭാഷകരുടെ നീക്കം ഭരണഘടനാവിരുദ്ധം: കെ യു ഡബ്ല്യു ജെ

Published

|

Last Updated

കൊച്ചി: കോടതി റിപ്പോര്‍ട്ടിംഗ് വിലക്കാനുള്ള അഭിഭാഷകരുടെ നീക്കം ഭരണഘടനക്കും കോടതിയുടെ എല്ലാ നിയമ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും എതിരെയുള്ളതാണെന്നും ജുഡീഷ്യല്‍ അടിയന്തരാവസ്ഥയിലേക്ക് പോവുന്ന അവസ്ഥയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെ യു ഡബ്യു ജെ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി റിപ്പോര്‍ട്ടിംഗ് വിലക്കുന്ന അഭിഭാഷകരെ മാധ്യമ പ്രവര്‍ത്തക സമൂഹം ബഹിഷ്‌കരിക്കും.
എന്നാല്‍ കോടതി റിപ്പോര്‍ട്ടിംഗില്‍ നിന്ന് ഒരു തരത്തിലും പിന്മാറില്ല. കോടതി നടപടികളും വിചാരണയും ഏത് പൗരനും വീക്ഷിക്കാന്‍ അവകാശമുണ്ട്. മാധ്യമ പ്രവര്‍ത്തനം കോടതിയില്‍ അനുവദിച്ചിട്ടുള്ളതുമാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ മാധ്യമ റിപ്പോര്‍ട്ടിംഗ്. ഇത് തടയുന്ന അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ന്യായാധിപന്മാര്‍ തയ്യാറാവണം.
മാധ്യമ ഉടമകളും എഡിറ്റര്‍മാരും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മാധ്യമ വിലക്കിനെതിരെ രംഗത്ത് വരാന്‍ പ്രമുഖ മലയാള പത്ര മാനേജിംഗ് എഡിറ്റര്‍ കൂടിയായ ഐ എന്‍ എസ് പ്രസിഡന്റ് തയ്യാറാകണം. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ കാണാനുള്ള ശ്രമങ്ങള്‍ യൂനിയന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ചീഫ് ജസ്റ്റിസ് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഗവര്‍ണറും ആക്ടിംഗ് ചീഫ് ജസ്റ്റിസും രാഷ്ട്രീയ നേതൃത്വവും തയ്യാറാകണം. കോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്ന നടപടിക്കെതിരെ സാമൂഹിക, രാഷ്ട്രീയ നേതൃത്വം ശക്തമായി രംഗത്തിറങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest