Connect with us

International

തുര്‍ക്കി സൈന്യത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചു

Published

|

Last Updated

അങ്കാറ: തുര്‍ക്കി സൈന്യത്തിലെ സമുന്നതരായ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ രാജിവെച്ചു. സായുധ സൈന്യത്തെ കുറിച്ചുള്ള പുനഃപരിശോധനാ ചര്‍ച്ചകള്‍ക്കായി സുപ്രീം മിലിട്ടറി കൗണ്‍സിലിന്റെ യോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കവെയാണ് രാജി. ഈ മാസം 15ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടന്ന ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രതികാര നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. രണ്ട് സമുന്നത ൈസനിക ജനറല്‍മാര്‍ രാജിക്കത്ത് കൈമാറിയിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായ കാമില്‍ ബസോഗ്‌ലുവും ഇഹ്‌സാന്‍ ഉയയുമാണ് രാജിവെച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സൈന്യത്തിലെ വ്യത്യസ്ത ഡിവിഷനിലെ തലവന്‍മാരും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രതിരോധ മന്ത്രിയും സുപ്രീം മിലിട്ടറി കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. സൈന്യത്തിന് പ്രൊമോഷന്‍ നല്‍കുന്നതും നടപടികളുടെ പേരില്‍ ഒഴിവാക്കുന്നതും മറ്റു നിര്‍ദേങ്ങള്‍ നല്‍കുന്നതും സുപ്രീം മിലിട്ടറി കൗണ്‍സിലാണ്. നേരത്തെ ആഗസ്റ്റ് തുടക്കത്തില്‍ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നേരത്തെയാക്കാന്‍ ധാരണയിലെത്തുകയായിരുന്നു. സാധാരണ നിലയില്‍ സൈനിക ആസ്ഥാനത്താണ് യോഗം ചേരാറുള്ളതെങ്കില്‍ ഈ ചര്‍ച്ച നടക്കുന്നത് പ്രധാനമന്ത്രിയുടെ അങ്കാറയിലുള്ള കൊട്ടാരത്തില്‍ വെച്ചാണ്. അതുപോലെ സാധാരണ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഇത്തവണ ഒറ്റ ദിവസമാക്കി ചുരുക്കിയിട്ടുമുണ്ട്. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയോ തടവില്‍ വെക്കുകയോ ചെയ്തിരിക്കുന്നതിനാല്‍ പുതിയ 91 ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സാധ്യയുണ്ട്. മൊത്തം 1223 സൈനിക ഉദ്യോഗസ്ഥരെ അട്ടിമറി ശ്രമം പരാജയപ്പെട്ട ശേഷം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ 130 ജനറല്‍മാരുണ്ട്.
അതിനിടെ, വിദേശകാര്യ മന്ത്രാലയത്തില്‍ സേവനം ചെയ്തിരുന്ന 88 ഉദ്യോഗസ്ഥരെ തത്സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുറമെ, ഫത്ഹുല്ല ഗുലനെ പിന്തുണക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 16 ടെലിവിഷന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മറ്റു നിരവധി മാധ്യമസ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്.
അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. എന്നാല്‍ ആരോപണങ്ങളെയെല്ലാം ഗുലന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.