Connect with us

Malappuram

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ലീഗ് നേതാവിന് രണ്ട് വര്‍ഷം തടവ്

Published

|

Last Updated

മഞ്ചേരി: ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുസ്‌ലിംലീഗ് യൂനിറ്റ് സെക്രട്ടറിക്ക് രണ്ട് വര്‍ഷം തടവ്. ഊര്‍ങ്ങാട്ടിരി മൂര്‍ക്കനാട് സ്വദേശി അല്‍മോയ റസാഖിനെയാണ് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. ജൂലൈ 30നാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് ബസ്റ്റാന്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ എം സക്കറിയ, എം മണികണ്ഠന്‍, എം ജയന്‍, സി പി ശരീഫ് എന്നിവരെ മാരകായുധങ്ങളുമായെത്തി മര്‍ദിച്ചുവെന്നാണ് കേസ്. വെള്ളപ്പൊക്ക ദുരിതശ്വാസ പദ്ധതി പ്രകാരം ഊര്‍ങ്ങാട്ടിരിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. ഇതു പ്രകാരം ഉള്ളുപറമ്പ്, ഉണ്ണിമുറ, മുള്ളന്‍കടക്കല്‍ എന്നീ പ്രദേശങ്ങളിലെ 54 പേര്‍ക്ക് വിതരണം ചെയ്യാനായി മൂര്‍ക്കനാട് റേഷന്‍കടയില്‍ എത്തിയ അരി ഉടമയായ അല്‍മോയ റസാഖ് മറിച്ച് വില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി ചോദ്യം ചെയ്തു. പ്രതിഷേധം ശക്തമായതോടെ അരി വിതരണം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ റേഷന്‍ ലൈസന്‍സും അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമണത്തിന് പ്രേരിപ്പിച്ചത്.

Latest