Connect with us

National

കരിപ്പൂര്‍: പ്രതിസന്ധി പരിഹാരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹാരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റണ്‍വേ വികസനത്തിനായുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തു നല്‍കും. മുമ്പ് റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങള്‍ തമ്മിലുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്താമെന്നും മോദി ഉറപ്പ് നല്‍കി. ബേക്കല്‍, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളില്‍ ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനായി എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആറന്മുള വിമാനത്താവളം, എയര്‍കേരള എന്നിവ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.