Connect with us

Gulf

ബെസ്റ്റ് എംപ്ലോയര്‍:ഒമാനീ യുവാക്കള്‍ പി ഡി ഒ യെ തെരെഞ്ഞെടുത്തു

Published

|

Last Updated

ബുറൈമിയില്‍ ആരംഭിച്ച കളിമണ്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഗവര്‍ണര്‍ ഇബ്‌റാഹീം ബിന്‍ സഈദ് അബൂ ബുസൈദി വീക്ഷിക്കുന്നു

മസ്‌കത്ത്: ഇഷ്ടപ്പെട്ട തൊഴില്‍ ദാതാക്കളെ കണ്ടെത്താന്‍ ഒമാനീ ബിരുദ ധാരികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും തെരെഞ്ഞെടുത്തത് പി ഡി ഒ യെ. ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേയിലാണ് ഒമാനിലെ ഉന്നത ബിരുദ ധാരികള്‍ ആദ്യ പരിഗണന നല്‍കുന്ന തൊഴില്‍ ദാതാവായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ (പി ഡി ഒ )യെ തെരെഞ്ഞെടുത്തത്. ഒമാനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ സുല്‍ത്താന്‍ ഖബൂസ് യൂണിവേഴിറ്റിയിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ അടുത്തിടെ ബിരുദം കരസ്ഥമാക്കിയവര്‍ എന്നിവരടങ്ങുന്ന370 യുവതിയുവാക്കളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ.
എണ്ണ വിലയിലെ ചാഞ്ചാട്ടം, പെട്രോളിയം മേഖലയിലെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കല്‍ എന്നിവക്കിടയിലും രാജ്യത്തെ യുവാക്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തൊഴില്‍ സ്ഥാപനമായി പി ഡി ഒ തെരെഞ്ഞെടുക്കപ്പെട്ടത് മൂന്നില്‍ ഒന്ന് ഭൂരിപക്ഷത്തോടെയാണ്.
64 ശതമാനം ഉദ്യോഗാര്‍ത്ഥികളും ഗവണ്‍മെന്റ് തലത്തിലെ ജോലിയാണ് ഇഷ്ടപ്പെടുന്നത് എന്നും സര്‍വെ കണ്ടെത്തി. 26 ശതമാനം അന്താരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ 10 ശതമാനം മാത്രമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ തെരെഞ്ഞെടുത്തത്.
കമ്പനിയുടെ പരിശീലന വികസന പരിപാടികളുടെ നിലവാരം, ശമ്പള നിരക്ക്, താല്പര്യമുള്ളതുംകഴിവ് ആവശ്യമുള്ളതുമായ ജോലികള്‍ ചെയ്യാനുള്ള അവസരം എന്നീ ഘടകങ്ങളാണ് തൊഴില്‍ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍ എന്ന് സര്‍വെയോട് പ്രതികരിച്ച യുവാക്കള്‍ പറഞ്ഞതായി ഗള്‍ഫ് ടാലന്റ് അറിയിച്ചു.
സര്‍വെപ്രകാരം പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്ന ശരാശരി ശമ്പളം 1000 ഒമാനി റിയാലും വനിതാ ഉദ്യാഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത് 900 ഒമാനി റിയാലുമാണ്.
അന്താരാഷ്ട കമ്പനികളില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒമാനി യുവാക്കളെ ആകര്‍ഷിച്ചത് മികച്ച തൊഴില്‍ സംസ്‌കാരം വിദേശത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം എന്നിവയാണ്. തൊഴില്‍ സുരക്ഷിതത്വം, റിട്ടയര്‍മെന്റിനു ശേഷമുള്ള നേട്ടങ്ങള്‍ എന്നിവയാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന യുവാക്കളെ ആകര്‍ഷിച്ച പ്രധാന അഞ്ച് ഘടകങ്ങളിലൊന്ന്.
വിദേശത്ത് ജോലി ചെയ്യാന്‍ 43 ശതമാനം യുവാക്കള്‍ താല്പര്യം പ്രകടിപ്പിച്ചപോള്‍ 17 ശതമാനം യുവതികള്‍ക്ക് മാത്രമേ ഇതില്‍ താല്പര്യമുള്ളൂ.ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യം യു കെയും തൊട്ടു പിന്നാലെ ഖതറും യു എ ഇ യുമാണ്. 2016 ജൂണിലാണ് ഗള്‍ഫ് ടാലന്റ് ഈ സര്‍വെ നടത്തിയത്.

---- facebook comment plugin here -----

Latest