Connect with us

National

ഗോവയുമായുള്ള നദീജല തര്‍ക്കം രൂക്ഷം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയും ഗോവയുമായുള്ള നദീജലതര്‍ക്കത്തില്‍ കോടതിയുടെ ഇടക്കാല വിധി എതിരായതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ പ്രതിഷേധം കത്തിപ്പടരുന്നു. രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇന്ന് വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിന് ബസ്, ടാക്‌സി, ഹോട്ടല്‍, പെട്രോള്‍ പമ്പ് ജീവനക്കാരടക്കം പിന്തുണ അറിയിച്ചതോടെ സംസ്ഥാനം ഇന്ന് സ്തംഭനാവസ്ഥയിലാകും. ബന്ദിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിച്ചു. നഗരത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ അഞ്ച് മുതല്‍ 11 വരെ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബന്ദിന്റെ പശ്ചാത്തലത്തില്‍ അക്രമം ഭയന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും ഓടാനിടയില്ല. കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂര്‍ ലക്ഷ്യമാക്കി വരുന്ന ബസുകള്‍ കേരള അതിര്‍ത്തിയില്‍ നിന്ന് തിരിച്ചു പോകുമെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി.
ഗോവയും കര്‍ണാടകയും പങ്കിടുന്ന മഹാദായി നദിയിലെ വെളളം സംബന്ധിച്ച തര്‍ക്കമാണ് നദീജല തര്‍ക്ക പരിഹാര കോടതിയുടെ മുന്നിലെത്തി നില്‍ക്കുന്നത്. കര്‍ണാടകയില്‍ 35 കിലോമീറ്ററും ഗോവയിലൂടെ 82 കിലോമീറ്ററുമാണ് മഹാദായി ഒഴുകുന്നത്. വെള്ളം വഴി തിരിച്ചുവിട്ട് കലസ-ബന്ദൂരി ജല വിതരണ പദ്ധതിയിലേക്ക് എത്തിക്കുന്ന കര്‍ണാടകയുടെ നിലപാടിനെ ഗോവ 2002 മുതല്‍ എതിര്‍ത്തു വരികയായിരുന്നു. വടക്കന്‍ ജില്ലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മഹാദായിയില്‍ നിന്ന് ഇപ്രകാരം 7.56 ടി എം സി അടി വെള്ളം വിട്ടു കൊടുക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. എന്നാല്‍ വെള്ളം വഴി തിരിച്ചുവിടുന്നതിനെ ഗോവ എതിര്‍ത്ത പശ്ചാത്തലത്തില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് , നദീജല തര്‍ക്ക പരിഹാര കോടതിയില്‍ കര്‍ണാടക ഹരജി നല്‍കിയിരുന്നു. ഈ ആവശ്യം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം പടരുന്നത്.
വിധി പ്രഖ്യാപനമുണ്ടായ ബുധനാഴ്ച മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സവും അക്രമങ്ങളും നടന്നു വരികയായിരുന്നു. ഗോവയിലേക്കുള്ള ബസ് സര്‍വീസുകളും മറ്റും കഴിഞ്ഞ രണ്ട് ദിവസമായി മുടങ്ങിക്കിടക്കുകയാണ്.