Connect with us

Articles

ഐ എസില്‍ ആടു മേച്ചവരും ട്രോളന്മാരും

Published

|

Last Updated

ലോകത്താകെ ഭീകരത പടര്‍ത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ഏതാനും മലയാളികള്‍ ചേര്‍ന്നതായ വാര്‍ത്ത, ഏതാനും ദിവസം മുമ്പ് കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. ഇരുപതോ ഇരുപത്തഞ്ചോ യുവതീയുവാക്കളെ കാണാതായ വാര്‍ത്ത മാത്രമാണ് ഇതില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. എങ്കിലും അവര്‍ ഐ എസില്‍ ചേര്‍ന്നു എന്ന വിധത്തിലാണ് മിക്കവാറും പത്രങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും അഭൂതപൂര്‍വമായ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കൊടുത്തിരുന്നത്. ആ വാര്‍ത്താമുഴക്കങ്ങള്‍ ഇതെഴുതുമ്പോഴും അവസാനിച്ചിട്ടുമില്ല. പതിവുപോലെ, വൈകീട്ട് ആരംഭിച്ച് രാത്രി വരെ നീളുന്ന അന്തിച്ചര്‍ച്ചകളിലെ സ്ഥിരം ഇരിപ്പു സമരക്കാര്‍ക്കും ഇത് നല്ല കൊയ്ത്തായിരുന്നു. മുമ്പ് സമാന സന്ദര്‍ഭങ്ങളില്‍ സംഭവിച്ചതു പോലെ, ഈ അവസരവും മുതലെടുത്തു കൊണ്ട് ഇസ്‌ലാംപേടി വളര്‍ത്താനും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനും മാധ്യമങ്ങളിലെ ചില ഉന്നതരടക്കം പലരും ശ്രമം തുടങ്ങിയതായി അനുമാനിക്കാം. മലപ്പുറത്തിന്റെ അടുത്തുള്ള ജില്ലകളില്‍ നിന്ന് ഏതാനും പേര്‍ ഐ എസില്‍ ചേര്‍ന്നത് അതീവ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നും മതം മാറ്റാന്‍ വേണ്ടി കണ്ണിലേക്ക് തുറിച്ചു നോക്കി എന്നും പോലുള്ള കാര്യങ്ങളാണ് വസ്തുതകളെന്ന നിലക്ക് പടര്‍ത്തി വിട്ടിരുന്നത്. മലപ്പുറത്തിഷ്ടം പോലെ ബോംബ് കിട്ടുമല്ലോ എന്നടിച്ചു വിട്ട, പ്രതിലോമ സിനിമയുടെ തമ്പുരാന്റെ അടുത്ത സിനിമയില്‍ മലപ്പുറത്തിന്റെ സമീപജില്ലകളില്‍ നിന്ന് ഇഷ്ടം പോലെ ബോംബ് കിട്ടുമല്ലോ എന്ന് സംഭാഷണം പ്രതീക്ഷിക്കാം. പോയവര്‍ ഐ എസിലേക്കായിരിക്കില്ല, ദമ്മാജ് സലഫിയിലേക്കോ തബ്‌ലീഗ് ജമാഅത്തിലേക്കോ ആയിരിക്കും പോയത് എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളും ചിലരുന്നയിച്ചു കണ്ടു. എന്തായാലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആകെപ്പാടെ ഗുലുമാല്‍ പിടിച്ച അന്തരീക്ഷമാണ് സംജാതമായത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിന് അല്‍പമെങ്കിലും അയവു വന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധമായി നിയമസഭയില്‍ വ്യക്തമായ ഒരു പ്രസ്താവന നടത്തിയതോടെയാണ്. ഇക്കാര്യം പോലീസ് വേണ്ട വിധം അന്വേഷിച്ചു വരികയാണെന്നും ഇതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കരുതെന്നുമര്‍ഥം വരുന്ന വിധത്തിലാണ് അദ്ദേഹം പറഞ്ഞത്.
ഇതുകൊണ്ടൊന്നും, ചാനല്‍ക്കൊയ്ത്തിലെ ചാകര നിലക്കില്ലായിരുന്നു. അത് നിലക്കാന്‍ കാരണം, സമീപകാലപ്രതിഭാസമായ ട്രോളിംഗ് അഥവാ മീം ആണെന്നതാണ് യാഥാര്‍ഥ്യം. എന്‍ പി സജീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ നര്‍മത്തില്‍ ചിരിച്ചു മരിക്കുന്ന ജനാധിപത്യം(2016 ജൂലായ് 3-9) എന്ന ലേഖനത്തില്‍ പറയുന്നതു പോലെ, അപരിചിതരും അജ്ഞാതരുമായവരുടെ അസ്ത്രമൂര്‍ച്ചയാര്‍ന്ന ആക്ഷേപഹാസ്യത്തില്‍; ഇസ്‌ലാമിക് സ്റ്റേറ്റ് തന്നെ പൊളിച്ചടുക്കപ്പെട്ടു എന്നാണ് മാതൃഭൂമി ഓണ്‍ലൈനില്‍ ഇതു സംബന്ധമായി വന്ന ഭീകരസംഘടനയെ ഇമ്മിണി ബല്യ കോമഡിയാക്കി മാറ്റിയ ട്രോളുകള്‍(ജൂലായ് 9,2016) എന്ന ലേഖനം പറയുന്നത്. സത്യത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് ഒന്നും ഇതു മൂലം സംഭവിക്കുന്നില്ല. പക്ഷെ, ഏതാനും കേരളീയരുടെ തിരോധാനം അവലംബമാക്കി അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ വാര്‍ത്തകളുടെ ഊഹക്കച്ചവടമാണ് പൊളിഞ്ഞു പാളീസായത്. അമ്പത്തിനാല് ട്രോളുകള്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. മിക്കതും വലിയ നിലവാരമൊന്നുമില്ലെന്നു മാത്രമല്ല, ചിരി ഉണര്‍ത്തുന്നതു പോലുമില്ല. അതു മാത്രമല്ല, മലയാളികള്‍ അഥവാ മല്ലൂസ് വിഡ്ഢികളാണെന്ന ആത്മനിന്ദ കലര്‍ന്ന പരിഹാസമാണ് ഇത്തരത്തിലുള്ള മിക്ക ട്രോളുകളുടെയും അടിസ്ഥാന സമീപനം തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും, മറ്റ് സമാന സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്കും തുടര്‍ന്നുള്ള അതിഗുരുതരമായ കൂട്ടക്കുഴപ്പത്തിലേക്കും തള്ളിവിടാതെ താത്കാലികമായെങ്കിലും രക്ഷിച്ചു നിര്‍ത്തിയത് ഈ ട്രോളന്മാരുടെ തല്‍ക്ഷണതമാശകളായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. ഭൂപടത്തില്‍ ഇടമില്ലാത്ത പ്രതീതി ലോകത്തിലെ സാങ്കല്‍പ്പിക സ്ഥലരാശിയില്‍ ഉടലെടുക്കുന്ന കര്‍ത്താവില്ലാത്ത ഈ കൃതികള്‍ നമ്മുടെ രാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങളെ പ്രകടമായി സ്വാധീനിക്കുന്നുണ്ട് എന്ന് സമീപകാലപഠനങ്ങള്‍ തെളിയിക്കുന്നു എന്ന് മേല്‍ സൂചിപ്പിച്ച ലേഖനത്തില്‍ എന്‍ പി സജീഷ് ചൂണ്ടിക്കാട്ടിയതിനു തൊട്ടുപുറകെയാണ് ഈ മാധ്യമ അട്ടിമറി നടന്നിരിക്കുന്നത്. എന്നാല്‍, അപ്രകാരം സംഭവിച്ചു എന്ന് സമ്മതിക്കാന്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ തയ്യാറായിട്ടുമില്ല.
പതിവുപോലെ, മലയാള സിനിമയിലെ ചില സീനുകളും സന്ദര്‍ഭങ്ങളും തന്നെയാണ് ഈ ട്രോളുകളുടെ പശ്ചാത്തലം. ആ സിനിമകള്‍ കണ്ടവരോ, കണ്ടാല്‍ തന്നെ ഓര്‍മയില്‍ നില്‍ക്കുന്നവരോ ആയവര്‍ക്കാണ് ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ പെട്ടെന്ന് ചിരി വരുക. എങ്കിലും അല്ലാത്തവര്‍ക്കും ഇത് ആസ്വദിക്കാവുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. സിനിമയിലെ കഥാസന്ദര്‍ഭവുമായി ബന്ധമുള്ളതും അല്ലാത്തതുമായ സംഭാഷണശകലങ്ങളും പശ്ചാത്തലവിവരണങ്ങളും നിയന്ത്രണമില്ലാതെ പരത്തിവിടുകയാണ് ട്രോളന്മാര്‍ ചെയ്യുന്നത്. നിലവാരം വളരെ കുറഞ്ഞ ചില ഐറ്റങ്ങളും ഇക്കൂട്ടത്തിലുണ്ടെങ്കിലും ഭൂരിഭാഗം എണ്ണവും ഭാവനയുടെയും നര്‍മബോധത്തിന്റെയും രാഷ്ട്രീയ ജാഗ്രതയുടെയും സംയോജനമാണെന്നതും പറയാതിരിക്കാനാകില്ല. വെള്ളിമൂങ്ങയിലെ ഈര്‍ക്കില്‍ പാര്‍ട്ടിനേതാവായ നായകനോട്(ബിജുമേനോന്‍) സന്തതസഹചാരി(അജുവര്‍ഗീസ്) നടത്തുന്ന സംശയനിവാരണത്തിന്റെ രംഗം അനുകരിച്ചുകൊണ്ടുള്ള ഒരു ട്രോള്‍ ഇപ്രകാരമാണ്. ഇവിടെ ഈര്‍ക്കില്‍ നേതാവ് ഇസിസ് നേതാവും അനുയായി ന്യൂ അഡ്മിഷന്‍ മലയാളിയും ആയി സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ട്രോള്‍ മേറ്റ്‌സിനു വേണ്ടി അബ്ദുറര്‍ഹ്മാന്‍ പട്ടാമ്പിയാണ് ഈ ട്രോളിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നേതാവിനോട് പുതിയ അഡ്മിഷന്‍കാരന്‍ ചോദിക്കുന്നു: അതെയ് കഴിഞ്ഞ ക്ലാസിന് നിങ്ങള്‍ പറഞ്ഞു സ്വര്‍ഗം കിട്ടും എന്ന്… ഇപ്പൊ പറഞ്ഞു ഒരു പാട് പണം കിട്ടും എന്ന്…. ശരിക്കും എന്താ സത്യം? നേതാവിന്റെ മറുപടി: ക്ലാസുകള്‍ കഴിയും തോറും വാഗ്ദാനങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കും…. ഒരു കാര്യോല്ല…. വെറും വാഗ്ദാനം മാത്രം…. ഐ എസിനെയോ അതില്‍ ചേരാന്‍ പോയി എന്നു കരുതാവുന്നവരെയോ ആണ് കളിയാക്കുന്നതെന്നു തോന്നുമെങ്കിലും ഇതു സംബന്ധമായ വാര്‍ത്തകള്‍, സംഭ്രമജനകമായ വിധത്തില്‍ പെരുപ്പിച്ചെഴുതി വിടുന്ന രീതിയെയാണ് ഈ ട്രോള്‍ പൊളിച്ചടുക്കുന്നത്.
പ്രേമത്തില്‍, വിനയ് ഫോര്‍ട്ടും ശൗബിന്‍ ശാഹിറും അവതരിപ്പിക്കുന്ന വിഡ്ഢികളായ കോളജ് മാഷന്മാരാണ് അടുത്ത ട്രോളിലുള്ളത്(ഇതും ട്രോള്‍ മേറ്റ്‌സ് തയ്യാറാക്കിയത്). ഇവര്‍ യഥാക്രമം ലെ ഐ എസ് മലയാളി ഒന്നും ലെ ഐഎസ് മലയാളി രണ്ടുമാണ്. ഫ്രഞ്ച് ശൈലിയിലാണ് ലെ എന്ന വിശേഷണം വരുന്നതെന്നു തോന്നുന്നു. നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കല്യാണാലോചനകളുമായി നടക്കുന്ന അധ്യാപകനാണ് വിനയ് ഫോര്‍ടിന്റേത്. ഈ ട്രോളില്‍ അയാള്‍ പറയുന്നു: എനിക്കിവിടെ കൃഷിപ്പണിയും ആട് വളര്‍ത്തലുമാണെന്നും ഇവിടെ സ്വര്‍ഗമാണെന്നും പറഞ്ഞാലോ. രണ്ടാമന്റെ മറുപടി: അങ്ങനെ പറഞ്ഞാ മലയാളികള്‍ ചിരിക്കും സാറേ. കാണാതായവര്‍ എവിടെയാണെന്നതിനെ സംബന്ധിച്ച്, ഐ എസിലാണെന്നും അല്ലെന്നും വിവരിക്കുന്നതിനിടെ വന്നിരുന്ന ചില വിശദാംശങ്ങളാണ് ഈ പരിഹാസത്തിന്റെ കാതല്‍. മിസ്റ്റര്‍ ബീന്‍ എന്ന പ്രസിദ്ധമായ കോമാളിക്കഥാപാത്രമാണ് ട്രോള്‍ മലയാളം പുറത്തിറക്കിയ മറ്റൊരു ട്രോളിലുള്ളത്. ഇയാള്‍ ഐ എസ് ക്യാമ്പില്‍ രാവിലെ അഞ്ച് മണിക്കുള്ള ട്രെയിനിംഗിന് മലയാളികളെ കാത്തു നില്‍ക്കുന്ന ട്രെയിനറാണ്. ആദ്യ കള്ളിയില്‍ നിവര്‍ന്നും രണ്ടാമത്തേതില്‍ വാച്ചു നോക്കി അക്ഷമനായും മൂന്നാമത്തേതില്‍ ഇരുന്നും നാലാമത്തേതില്‍ പാടത്ത് മലര്‍ന്നടിച്ചു കിടന്നുറങ്ങിയും അയാള്‍ കാത്തിരുന്നതല്ലാതെ ആരും വന്നില്ല. മലയാളികള്‍ എല്ലായിടത്തും സമയത്തിനെത്താത്തവരോ അല്ലെങ്കില്‍ ഒന്നിലും ഗൗരവവും അനുസരണയും കാണിക്കാത്തവരോ ആണെന്ന ആത്മനിന്ദാകരമായ പരിഹാസമാണ് ഇവിടെ പ്രയോജനപ്പെടുന്നത്. ആത്മനിന്ദ പോലും സമാധാനത്തിലേക്ക് വഴി തെളിക്കുമെങ്കില്‍ അതിനെയും സ്വാഗതം ചെയ്യേണ്ടി വരും.
വെള്ളി മൂങ്ങ മുതല്‍ പ്രേമം വരെയുള്ള പല സിനിമകളിലെ സീനുകള്‍ കൂട്ടിക്കലര്‍ത്തി ട്രോള്‍ മേറ്റ്‌സ് തയ്യാറാക്കിയ ഒരു ട്രോളില്‍, വെള്ളിമൂങ്ങയില്‍ പഞ്ചായത്ത് മെമ്പറായ വനിതയുടെ സംശയരോഗിയായ ഭര്‍ത്താവ്, പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറിയ ഭാര്യയെ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന സീനിന്റെ സംഭാഷണ മിശ്രിതം ഇപ്രകാരമാണ്: ചേട്ടാ ഒരു പെഗ്ഗ് ഉണ്ടോ ഇത്തിരി അച്ചാറ് കഴിക്കാന്‍? ഇതു കാണുന്ന ലെ ഇസിസ് തലവന്‍(കൊച്ചിന്‍ ഹനീഫ): ആരാടാ പാതിരാത്രിയില്‍ പെഗ്ഗ് ചോദിക്കുന്നേ? ഇത് കണ്ട് പ്രേമത്തിലെ നായകന്‍ നിവിന്‍ പോളി (ലെ മലയാളി) ചിരിയടക്കാനാകാതെ പെടാപ്പാടു പെടുന്നു. മലയാളികളില്‍ വ്യാപകമായുള്ള മദ്യപാനശീലത്തെയും പരിഹസിക്കുന്ന ഈ ട്രോളിന് ആ വകക്കുള്ള വല്ല അനുമോദന പുരസ്‌കാരവും നല്‍കാവുന്നതാണ്.
ഐ എസ് തലവനെ കാണാനും ഐ എസില്‍ ചേരാനുമെത്തുന്ന മലയാളി പോരാളികളുടെ പെട്ടിയില്‍ കാശാണ് തലവന്‍(തിലകന്‍) പ്രതീക്ഷിക്കുന്നതെങ്കില്‍, നേന്ത്രക്കായയും ചക്കയും വറുത്തതും മിക്ചറും പാക്കറ്റുകളാക്കി കൊണ്ടുവന്നിരിക്കുകയാണ് മലയാളികള്‍. നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തുന്ന മലയാളികളുടെ രീതി കൂടിയാണ് ഇവിടെ പരിഹസിക്കപ്പെടുന്നത്. ഐ സി യു (ഇന്റര്‍നാഷനല്‍ ചളു യൂനിയന്‍) ആണ് ഈ ട്രോള്‍ തയ്യാറാക്കിയത്. ഐ സി യുവിന്റെ തന്നെ മറ്റൊരു ട്രോളില്‍, ഒരു യുദ്ധ ടാങ്കിന്റെ ചിത്രമാണുള്ളത്. വലുപ്പമേറിയ ഈ ടാങ്കിന്മേല്‍, നൈറ്റിയും പൈജാമയും സോക്‌സും അടക്കം നനഞ്ഞ തുണികള്‍ ഉണക്കാനിട്ടിരിക്കുകയാണ്. ചാന്തുപൊട്ടിലെ ഒരു സീന്‍ എടുത്ത്, ഐ സി യു തയ്യാറാക്കിയ ഒരു ട്രോളില്‍, മലയാളിയായ ദിലീപ് തലവനായ വത്സലാ മേനോന്റെ തലമുടിയിലെ പേന്‍ നോക്കുകയാണ്. മലയാളി പറയുന്നത്, അങ്ങനെ അവസാനം ദീപ്തി വന്ന് ബസ്സിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചു. തലവന്‍: കൊള്ളാല്ലോ കഥ, ഇനി ചന്ദനമഴ. സീരിയലിന്റെ കഥയാണ് മലയാളി തലവനോട് പറഞ്ഞുകൊടുക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷന്‍. പിടിയിലായ രണ്ട് സ്ത്രീകള്‍ ഐ എസ് തലവന്മാര്‍ എന്ന നിലക്കാണ് ഇവിടെ കളിയാക്കപ്പെടുന്നത്. അവര്‍ പോലീസിനോട് ചോദിക്കുന്നു: ഇതിനു മുമ്പ് വെടിവെപ്പ് എക്‌സ്പീരിയന്‍സ് വല്ലോം ഉണ്ടോ? മലയാളിയായ പോലീസുദ്യോഗസ്ഥന്‍: മിനി മിലിഷ്യ(സ്മാര്‍ട് ഫോണിലെ ഒരു കളി) കളിക്കാറുണ്ട്. മായാവിയില്‍ നിന്നുള്ള ഒരു സന്ദര്‍ഭത്തില്‍, സലിം കുമാറാണ് ഐ എസ് തീവ്രവാദി നേതാവ്. മലയാളികള്‍ ചേര്‍ന്നതിനു ശേഷം അയാള്‍ പറയുന്നത്: പണ്ടൊക്കെ ബോംബിടലും തീവ്രവാദ പ്രവര്‍ത്തനവും ഉഷാറായി നടന്നിരുന്നു. മമ്മൂട്ടിയോടും സഹായിയോടും അയാള്‍ വേദനയോടെ: ഇപ്പോ ഇവടത്തെ കുത്തിതിരിപ്പും തമ്മിതല്ലും തീര്‍ക്കാനേ നേരമുള്ളൂ. വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ വേഷമഭിനയിച്ച മമ്മൂട്ടിയാണ് ട്രോള്‍ മലയാളം തയ്യാറാക്കിയ ഒരു ട്രോളിലുള്ളത്. പല മുഖഭാവങ്ങള്‍ മിന്നിമറയുന്ന മൂന്നു അനുഭവങ്ങളാണ് അയാള്‍ നേരിടുന്നത്. ഒന്നാമത്തേത്, 7 മണി മുതല്‍ 10 മണി വരെ സീരിയല്‍ കാണണമെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തോല്‍പ്പിച്ചു. രണ്ടാമത്തേത്: വേതനം കൂട്ടിയില്ലേല്‍ സമരം നടത്തുമെന്ന് പറഞ്ഞ് പുരുഷന്മാരും തോല്‍പ്പിച്ചു. മൂന്നാമത്തേത്: ഐ എസ് സെന്ററില്‍ വൈഫൈ സംവിധാനം വേണമെന്ന് പറഞ്ഞ് കുട്ടികളും തോല്‍പ്പിച്ചു.
സാമൂഹിക മാധ്യമശൃംഖലകളിലെ രാഷട്രീയ വ്യവഹാരത്തിന്റെ കേന്ദ്രം ട്രോളുകള്‍ ആയി മാറിക്കഴിഞ്ഞു എന്നും എന്‍ പി സജീഷ് പറയുന്നുണ്ട്. ന്യൂസ് അവറിനും വൃത്താന്ത പത്രങ്ങളിലെ വെണ്ടക്ക തലക്കെട്ടുകള്‍ക്കും സ്വാധീനിക്കാന്‍ കഴിയുന്നതിന്റെ പതിന്മടങ്ങ് വേഗത്തില്‍, സമൂഹത്തിലെ ഭൂരിഭാഗം ആളുകളെയും സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തില്‍ അജ്ഞാതരുടെയും അമേച്വറുകളുടെയും ഇടപെടലും പങ്കാളിത്തവും കൊണ്ട് അങ്ങേയറ്റം ഊഷ്മളവും വിസ്മയകരവുമായ വ്യാപനവും സ്വീകാര്യതയുമാണ് ട്രോളുകളടക്കമുള്ള നവമാധ്യമ ഇടപെടലുകള്‍ നേടിയെടുത്തിരിക്കുന്നത്. ഇതനുസരിച്ച്, ടെലിവിഷന്‍ വരെയുള്ള “പഴയ” മാധ്യമങ്ങളുടെ സ്വീകാര്യതയില്‍ വിള്ളല്‍ വീണു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ അനധികൃത ബാര്‍ അടച്ച വിഷയത്തിലും, ഹൈക്കോടതിയിലെ അഭിഭാഷക-മാധ്യമ സംഘര്‍ഷത്തിലും, കോടിയേരിയുടെ കക്ഷം നോക്കി തുളഞ്ഞു കയറിയ ക്യാമറയുടെ കാര്യത്തിലും ജനപിന്തുണയും ജനശ്രദ്ധയും ഏതു വഴിക്കായിരുന്നു എന്ന് കണ്‍ തുറന്നു കാണുന്നത് നന്നായിരിക്കും. ഏതായാലും, ഐ എസില്‍ മലയാളികള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് കണ്ടെത്താന്‍ പോലീസിന് കഴിയട്ടെ. അതിനെ തടസ്സപ്പെടുത്തുന്ന അന്തിച്ചര്‍ച്ചക്കാരെയും ഉറഞ്ഞു തുള്ളല്‍ക്കാരെയും ദൃശ്യതയില്‍ നിന്ന് തള്ളിമാറ്റിനിര്‍ത്താന്‍ അമ്പതോ നൂറോ ട്രോള്‍ കൊണ്ട് സാധിച്ചു എന്ന കാര്യം നിസ്സാരമല്ല.
നന്ദി: 1. നര്‍മത്തില്‍ ചിരിച്ചു മരിക്കുന്ന ജനാധിപത്യം- എന്‍ പി സജീഷ്(മാതൃഭൂമി ആഴ്ചപ്പതിപ്പ്/2016 ജൂലായ് 3-9)
2. ഭീകരസംഘടനയെ ഇമ്മിണി ബല്യ കോമഡിയാക്കി മാറ്റിയ ട്രോളുകള്‍(മാതൃഭൂമി ഓണ്‍ലൈന്‍ ജൂലായ് 9, 2016-08.04 പി എം)
3. മാതൃഭൂമി ഓണ്‍ലൈനിലെ ഈ ലേഖനം സമയത്ത് തിരഞ്ഞു പിടിച്ച് എത്തിച്ചു തന്ന സൗത്ത് ലൈവിലെ സി പി സത്യരാജ്.