Connect with us

International

ട്രംപ്, താങ്കള്‍ യു എസ് ഭരണഘടന വായിച്ചിട്ടുണ്ടോ?

Published

|

Last Updated

2004ല്‍ ഇറാഖ് യുദ്ധത്തിനിടെ കൊല്ലപ്പെട്ട യു എസ് സൈനികന്‍ ഹുമയൂണിന്റെ പിതാവ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നു. അമേരിക്കന്‍ ഭരണഘടനയുടെ കോപ്പി കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാം.

വാഷിംഗ്ടണ്‍: യുദ്ധത്തിനിടെ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട യു എസ് സൈനികന്റെ പിതാവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷന്റെ അവസാന ദിവസമാണ് സംഭവം. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് അമേരിക്കന്‍ ഭരണഘടന വായിക്കണമെന്ന് കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ഹുമയൂണിന്റെ പിതാവ് ഖിള്ര്‍ ഖാന്‍ ഫിലാഡാല്‍ഫിയയില്‍ കണ്‍വെഷനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഗസ്സാലയും ഒപ്പമുണ്ടായിരുന്നു. ഇവരുടെ മകന്‍ ക്യാപ്റ്റന്‍ ഹുമയൂണ്‍ ഖാന്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ഇറാഖില്‍ വെച്ച് 2004ല്‍ കൊല്ലപ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ ഹുമയൂണിന്റെ മാതാപിതാക്കളെന്ന നിലയിലും രാജ്യത്തോട് ഭേദിക്കാനാകാത്ത സ്‌നേഹം പുലര്‍ത്തുന്നവരെന്ന നിലയിലും ഞങ്ങള്‍ ഇന്നിവിടെ നില്‍ക്കുമ്പോള്‍ അഭിമാനിക്കുന്നു. എല്ലാ കുടിയേറ്റക്കാരെയും പോലെ ഞങ്ങളും ഇവിടെയെത്തിയത് ശൂന്യമായ കൈകളുമായിട്ടായിരുന്നു. അമേരിക്കയുടെ ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഈ രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി ഞങ്ങള്‍ക്കായത് സംഭാവന ചെയ്യും. ഞങ്ങളുടെ മൂന്ന് മക്കളെ ഈ രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവര്‍ക്ക് അവരുടെ സ്വപ്‌നങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ മകന്‍, ഹുമയൂണിന് മിലിട്ടറി ലോയറാകണമെന്ന സ്വപ്‌നമുണ്ടായിരുന്നു. പക്ഷേ ആ സ്വപ്‌നങ്ങള്‍ ബാക്കിവെച്ച്, തന്റെ സഹപ്രവര്‍ത്തകരായ സൈനികരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജീവന്‍ ത്യാഗം ചെയ്തു. എന്റെ മകനെ അമേരിക്കയുടെ ബെസ്റ്റ് എന്നാണ് ഹിലാരി ക്ലിന്റണ്‍ വിളിച്ചത്. അത് ശരിയായിരുന്നു. ഇവിടെ ട്രംപായിരുന്നുവെങ്കില്‍ എന്റെ മകന്‍ ഒരിക്കലും അമേരിക്കയില്‍ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകളുടെ സ്വഭാവമെന്താണെന്ന് മണത്തുനടക്കുകയാണ് ട്രംപ്. മറ്റു ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ജഡ്ജിമാരെയും അദ്ദേഹം ആദരിക്കുന്നില്ല. മതിലുകള്‍ നിര്‍മിക്കുകയാണ് അദ്ദേഹത്തിന്റെ ആവശ്യം. അതുപോലെ ഞങ്ങളെ അമേരിക്കയില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
താങ്കളെപ്പൊഴെങ്കിലും അമേരിക്കന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? എന്റെയടുത്തുള്ള ഭരണഘടനയുടെ കോപ്പി ഞാന്‍ താങ്കള്‍ക്ക് അയച്ചുതരാം. സ്വാതന്ത്ര്യത്തെ കുറിച്ചും നിയമം പൗരന്‍മാര്‍ക്ക് നല്‍കുന്ന സുരക്ഷയെ കുറിച്ചും അതില്‍ പരതിനോക്കൂ. താങ്കളെപ്പോഴെങ്കിലും അര്‍ലിംഗ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ചിട്ടുണ്ടോ? അമേരിക്കക്ക് വേണ്ടി മരിച്ച നിരവധി രാജ്യസ്‌നേഹികളുടെ ശവക്കല്ലറകള്‍ അവിടെയുണ്ട്. അവിടെ എല്ലാ വിശ്വാസക്കാരെയും വര്‍ഗങ്ങളെയും വിഭാഗങ്ങളെയും കാണാം. താങ്കള്‍ ഇതുവരെ ഒരു ത്യാഗവും ചെയ്തിട്ടില്ല. ചുമരുകള്‍ കെട്ടി പരിഹരിക്കാവുന്നതല്ല നമ്മുടെ പ്രശ്‌നം. ഒരുമിച്ച് നില്‍ക്കണം. അടുത്ത പ്രസിഡന്റായി ഹിലാരി ക്ലിന്റണ്‍ വരുന്നതോടെ നാം കൂടുതല്‍ ശക്തരാകും- ഖിള്ര്‍ ഖാന്‍ ആയിരങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ പറഞ്ഞു.
കൊല്ലപ്പെട്ട സൈനികന്റെ പിതാവ് ചോദിക്കുന്നു;

Latest