Connect with us

Malappuram

പെരിന്തല്‍മണ്ണ കുരുക്കില്‍ തന്നെ

Published

|

Last Updated

പെരിന്തല്‍മണ്ണ: വാഹനങ്ങളുടെ പെരുപ്പവും റോഡുകളുടെ വീതി കുറവും കാരണം ഗതാഗതകുരുക്ക് രൂക്ഷമായ പെരിന്തല്‍മണ്ണയില്‍ കുരുക്കഴിക്കാനായി പദ്ധതികളൊരുക്കാന്‍ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങളെല്ലാം കടലാസിലുറങ്ങുന്നു. ജൂണ്‍ 25നാണ് യോഗം ചേര്‍ന്നത്. ഒരു മാസത്തെ സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തികള്‍ ചെയ്തു തീര്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് മുന്‍കെയെടുക്കേണ്ട നഗരസഭ കാണിച്ച അലംഭാവമാണ് തീരുമാനങ്ങള്‍ നടപ്പിലാകാതെ പോകാന്‍ കാരണം.
നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പതിനഞ്ചോളം തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ ഇവയില്‍ ഒന്നു പോലും നടപ്പിലായില്ല. ഒരു മാസത്തിനകം റോഡുകളില്‍ പ്രധാന ജംഗ്ഷനുകളോട് ചേര്‍ന്ന് കവാടം രൂപത്തില്‍ വലിയ ദിശാ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുക, നഗരത്തിലെ കുഴികള്‍ മുഴുവന്‍ ഒരാഴ്ച്ചക്കകം ക്വാറി അവശിഷ്ടം ഉപയോഗിച്ച് നികത്തുക, മഴ മാറുന്ന മുറക്ക് ഇവിടങ്ങളില്‍ ടാറിംഗ് നടത്തുക, മാഞ്ഞു കിടക്കുന്ന സീബ്രാ വരകളും പുനസ്ഥാപിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുഴുവന്‍ അനധികൃത പാര്‍ക്കിംഗുകളും ഒഴിവാക്കുക, ഡിവൈഡറുകളില്ലാത്ത പ്രദേശങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ അവ സ്ഥാപിക്കുക,അങ്ങാടിപ്പുറം മേല്‍പ്പാലത്തോട് ചേര്‍ന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ബസ് ബേകള്‍ സ്ഥാപിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് കൈ കൊണ്ടിരുന്നത്.
അങ്ങാടിപ്പുറം മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ നിര്‍മാണ സമയത്തെ സാഹചര്യം കണക്കിലെടുത്ത് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ പിന്‍വലിച്ച് പഴയ രീതിയില്‍ തന്നെ ബസ് റൂട്ടുകള്‍ ക്രമീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ കൈകൊള്ളുക, നിലവിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക,ആയിഷ ജംഗ്ഷനില്‍ മാനത്ത്മംഗലം ബൈപ്പാസ് റോഡില്‍ രണ്ട് ബസ്‌റ്റോപ്പുകള്‍ സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു മറ്റ് തീരുമാനങ്ങള്‍.
അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടിയിരുന്ന റോഡിലെ കുഴികള്‍ നികത്തുന്ന പ്രവൃത്തിയില്‍ പോലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസും തയ്യാറായിട്ടില്ല. വിവിധ വകുപ്പുകളെ ഏകോപിച്ച് നേതൃത്വം നല്‍കേണ്ടിയിരുന്ന നഗരസഭാ അധികൃതരുടെ പിടിപ്പുകേടാണ് ഒരു തീരുമാനം പോലും നടപ്പിലാക്കാന്‍ കഴിയാത്തതിനുള്ള കാരണം.