Connect with us

Editorial

മാനനഷ്ട കേസുകളുടെ ദുരുപയോഗം

Published

|

Last Updated

സര്‍ക്കാറിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദരാക്കുന്ന നെറികെട്ട രാഷട്രീയത്തിനെതിരെയുള്ള കനത്ത താക്കീതാണ് തമിഴ്‌നാട്ടിലെ ഡി എം ഡി കെ അധ്യക്ഷന്‍ ക്യാപ്റ്റന്‍ വിജയകാന്തിനെതിരായ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച നടത്തിയ വിധിപ്രസ്താവം. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ആയുധമായി മാനനഷ്ടക്കേസിനെ ദുരുപയോഗം ചെയ്യരുതെന്നും ഭരണത്തിലിരിക്കുന്നവരെ അഴിമതിക്കാരെന്നോ അയോഗ്യരെന്നോ വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതല്ല അപകീര്‍ത്തി നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും സത്‌പേരിന് കോട്ടം വരുത്തുന്ന തരത്തില്‍ വ്യാജമോ, കെട്ടിച്ചമച്ചതോ ആയ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണ് അപകീര്‍ത്തി നിയമമെന്നും ജസ്റ്റിസുമാരായ ദീപക്മിശ്ര, രോഹിന്‍ടെന്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബഞ്ച് തമിഴ്‌നാട് സര്‍ക്കാറിനെ ഉണര്‍ത്തി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ മാനനഷ്ടക്കേസില്‍ തിരുപ്പൂര്‍ വിചാരണക്കോടതി വിജയകാന്തിനും അവരുടെ ഭാര്യയും ഡി എം ഡി കെ നേതാവുമായ പ്രേമലതക്കുമെതിരെ ജാമമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വിജയകാന്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി. ജാമ്യമില്ലാ വാറന്‍ഡ് പരമോന്നത കോടതി മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും നിശ്ശബ്ദരാക്കാനും ഒതുക്കാനുമുള്ള ആയുധമാണ് ജയലളിതക്ക് മാനനഷ്ട കേസുകള്‍. ജയയുടെ മോശമായ ആരോഗ്യനിലയെയും സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും സംബന്ധിച്ചു വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കും പ്രസ്താവനകള്‍ നടത്തിയ രാഷ്ടീയ നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ അവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളുടെയെല്ലാം പട്ടിക രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരിക്കയാണ്.

ജയലളിത മാത്രമല്ല, രാജ്യത്തെ മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും പയറ്റുന്നുണ്ട് ഈ തന്ത്രം. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ നിരന്തരം കേസുകളില്‍ അകപ്പെടുത്തി വേട്ടയാടുന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 എ എ പി സാമാജികര്‍ക്കെതിരെയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം ഡല്‍ഹി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ആംആദ്മിയുടെ അഞ്ച് പ്രമുഖ നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സി ബി ഐ റെയ്ഡ് ചെയ്തതും ജെയ്റ്റ്‌ലിയുടെ പകപോക്കല്‍ രാഷ്ട്രീയമാണെന്നാണ് എ എ പിയുടെ ആരോപണം. മദ്രാസ് ഐ ഐ ടി യിലെ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന ദളിത് വിദ്യാര്‍ഥി സംഘടനക്ക് സ്ഥാപനാധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും വിമര്‍ശിച്ചു ലഘുലേഖകള്‍ ഇറക്കിയതിന്പിന്നാലെയായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ പക്ഷം. ബാല്‍താക്കറുടെ മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് ഡോ. യു ആര്‍ അനന്തമൂര്‍ത്തിയുടെ ജ്ഞാനപീഠം അവാര്‍ഡ് തിരിച്ചു വാങ്ങണമെന്ന ബി ജെ പിയുടെ പ്രസ്താവനയും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അനന്തമൂര്‍ത്തിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആഹഌദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ജനാധിപത്യ രാഷ്ട്രീയത്തിന്റെ അപകടകരമായ മാര്‍ഗച്യുതിയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വക്രമായ മാര്‍ഗങ്ങളിലൂടെ വിമര്‍ശങ്ങളുടെ മുനയൊടിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമാണ്. പൊതുജീവിതത്തില്‍ ഇടപെടാനും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സര്‍ക്കാറിനെ തന്നെയും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അത്തരം വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുന്നതാണ് മാന്യമായ രീതി. ആരോഗ്യപരമായ വിമര്‍ശങ്ങളും സുതാര്യമായ സംവാദങ്ങളും അധികാരം കൈയാളുന്നവര്‍ക്ക് തെറ്റുകള്‍ തിരുത്താനും പ്രശ്‌നങ്ങളില്‍ പ്രായോഗികവും ഏറ്റവും അനുയോജ്യവുമായ തീരുമാനങ്ങളിലെത്താനും സഹായകമാണ്.

വിമര്‍ശങ്ങളെ ഈ കോണിലൂടെ നോക്കിക്കാണുന്നതിന് പകരം അതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും വിമര്‍ശകരെ അപകീര്‍ത്തി കേസില്‍ അകപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ഭരണ ഘടനാ തത്വമാണ് ലംഘിക്കപ്പെടുന്നത്. അത് ഫാസിസ്റ്റ് ശൈലിയാണ്. റാന്‍മൂളികളെയാണ് ഫാസിസ്റ്റുകള്‍ക്കിഷ്ടം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ അവരുടെ കണ്ണില്‍ കരടാണ്. 1977ല്‍ രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് നയിച്ചത് ഈയൊരു അപക്വമായ ചിന്താഗതിയായിരുന്നുവെന്നോര്‍ക്കുക.

Latest