Connect with us

Articles

പാചകപ്പുരകള്‍ക്കും പാറാവുവേണോ?

Published

|

Last Updated

നമ്മുടെ സ്‌കൂള്‍ പാചകപ്പുരകള്‍ക്ക് പാറാവു വേണോ? വേണം എന്ന് തന്നെ ഉറപ്പിച്ച് പറയേണ്ട സ്ഥിതിയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. കുഴിബോംബ് കുഴിച്ചിട്ട് നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളുടെ ക്രൂരതക്ക് സമാനമാണ് ഏത് സമയവും ഭക്ഷ്യവിഷബാധക്ക് ഹേതുവാകാവുന്ന തരത്തില്‍ പാചകപ്പുരകള്‍ അലസ കൈകാര്യങ്ങളുടെ ഇടമാകുന്നത്. പുനലൂര്‍ ചെമ്പനരുവി എം എസ് എല്‍ പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന തരത്തില്‍ വന്ന വാര്‍ത്ത സ്‌കൂളുകളുടെ പാചകപ്പുരകളെക്കുറിച്ച് ഗൗരവതരമായ ആലോചനകള്‍ ആവശ്യപ്പെടുന്നു. കലര്‍ത്തിയത് വിഷമാണോ അല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതെന്തെങ്കിലും ആകട്ടേ. ഈ സാഹചര്യം ഗുരുതരമായ ചില ചോദ്യം ഉയര്‍ത്തുന്നുണ്ട്. നമ്മുടെ സ്‌കൂള്‍ പാചകപ്പുരകളില്‍ വേവുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ കുട്ടികള്‍ എന്താണ് കഴിക്കുന്നത്? ബന്ധപ്പെട്ടവരുടെ അശ്രദ്ധ മൂലം സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴേക്കും വയനാട്, ആലപ്പുഴ പെരുമ്പിലാവ് തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജൂണ്‍ അഞ്ചിന് ആലപ്പുഴ സായി കേന്ദ്രത്തിലെ 13 കായിക വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇതിന് പിന്നാലെയാണ് ജൂണ്‍ എട്ടിന് തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 26 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റത്. ജൂണ്‍ 24 ന് വയനാട്ടിലെ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അറുപതോളം എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് വിഷബാധയേറ്റത്. വാര്‍ത്തകളില്‍ ഇടം പിടിച്ചും അല്ലാതെയുമായി ഒട്ടേറെ സമാന സംഭവങ്ങള്‍ ഇത്തരത്തില്‍ അരങ്ങേറുകയാണ്.

സര്‍ക്കാര്‍- എയിഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ഥികള്‍, ഇവിടങ്ങളിലെ (പി ടി എ നടത്തുന്നതുള്‍പ്പെടെ) അംഗീകാരമുള്ള പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ കുട്ടികള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 8ാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കേണ്ടത്. ഓരോ കുട്ടിക്കും 50 ഗ്രാം ഇല വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പച്ചക്കറികള്‍, അഞ്ച് ഗ്രാം എണ്ണ, ആഴ്ചയില്‍ ഒരു മുട്ട, ആഴ്ചയില്‍ രണ്ട് ദിവസം 150 മി. ലി പാല്‍ എന്നിവയാണ് ചോറിനു പുറമേ നല്‍കേണ്ടത്. 2011ല്‍ നടത്തിയ വിദ്യാഭ്യാസ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 33.38 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 27 ലക്ഷത്തിലധികം കുട്ടികളും ഉച്ചഭക്ഷണ പദ്ധതി ഗുണഭോക്താക്കളാണ്. എല്‍ പി വിഭാഗത്തില്‍ 95ശതമാനം കുട്ടികളും, യുപി വിഭാഗത്തില്‍ 87ശതമാനം പേരും സ്‌കൂളുകളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. 2013ല്‍ ബീഹാറില്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് 22കുട്ടികള്‍ മരിച്ചതുള്‍പ്പെടെയുള്ള ദുരന്താനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഗ്രാമ- നഗരഭേദമന്യേ വ്യാപിച്ചു കിടക്കുന്നതാണ് നമ്മുടെ വിദ്യാലയങ്ങളെന്നതിനാല്‍ എല്ലായിടത്തും മറഞ്ഞ് കിടക്കുന്നുണ്ട് ഇത്തരം കുഴിബോംബുകള്‍. ഇവിടങ്ങളില്‍ ഏതെങ്കിലുമൊരിടത്ത് എന്തെങ്കിലും കൈയബദ്ധങ്ങളോ, അട്ടിമറികളോ ആയി വല്ല അനിഷ്ട സംഭവങ്ങളുമുണ്ടായാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുക ഒരു സ്‌കൂളില്‍ മാത്രമായിരിക്കില്ല. ഒട്ടേറെ കുടുംബങ്ങളെയും ഒരു നാടിനെ മുഴുവനുമായിരിക്കും അത് തകര്‍ത്തെറിയുക.
ഇക്കാര്യങ്ങള്‍ മുന്‍ കൂട്ടി മനസ്സിലാക്കി നിരവധി മാനദണ്ഡങ്ങള്‍ ഉച്ചഭക്ഷണ വിതരണവുമായി അതോറിറ്റികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ലെന്നുള്ളതാണ് വസ്തുത. ബാലാവകാശ കമ്മീഷന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കേന്ദ്ര- മാനവ വിഭവ ശേഷി വകുപ്പിന്റെയുമെല്ലാമായി ഉച്ചഭക്ഷണവിതരണത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എത്രമാത്രം നടപ്പാക്കുന്നുവെന്നുള്ളതില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികാരികളും സ്വയം വിമര്‍ശനം നടത്തേണ്ടിയിരിക്കുന്നു. അക്കാര്യങ്ങള്‍ ഇനിയും അധികാരികളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയെന്നുള്ളതാണ് രക്ഷാകര്‍ത്താക്കള്‍ക്കും പൊതു സമൂഹത്തിനുമുള്ള ചുമതല.

സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക്
പുല്ലുവില

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും ഭക്ഷ്യസുരക്ഷാ വകുപ്പുമുള്‍പ്പെടെയുള്ള അതോറിറ്റികളുടെയും ഉത്തരവുകളും മാനദണ്ഡങ്ങളും നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നതും സ്‌കൂളുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഭക്ഷ്യ വിഷബാധകളില്‍ നിന്ന് മനസ്സിലാകുന്നതും. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ 2015ലെ ഉത്തരവ് അനുസരിച്ച്, തയ്യാറാക്കിയ ഭക്ഷണ പാനീയങ്ങള്‍ വിളമ്പുന്നതിന് നേതൃത്വം നല്‍കുന്ന അധ്യാപകരോ ഇതര ഉത്തരവാദിത്തപ്പെട്ടവരോ കുട്ടികള്‍ക്ക് ആഹാരം വിതരണം ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഈ ആഹാരം ഭക്ഷിച്ച് ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനു പുറമെ പാചകം ചെയ്യുന്നത് ശുചിത്വമുള്ള അടുക്കളയിലാകണമെന്നും പാചകക്കാര്‍ വൃത്തിയോടും വെടിപ്പോടും കൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കുകയും വേണം. സ്‌കൂളിലേക്ക് വാങ്ങുന്ന ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ഇതര ഭക്ഷ്യവസ്തുക്കളും കഴിയുന്നതും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നായിരിക്കണം. ഈ ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമാനുസൃതമായ കരാര്‍ ഉണ്ടാക്കണം. ബില്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കുകയും വേണം. ബില്ലുകള്‍ സൂക്ഷിക്കുന്നതൊഴിച്ചാല്‍ ഇതിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാകുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് മോണിറ്ററിംഗ് ചെയ്യുന്ന സംവിധാനങ്ങളും ഫലപ്രദമല്ല.
ഡി പി ഐ സര്‍ക്കുലറില്‍ ഭക്ഷണത്തിന് മെനു തയ്യാറാക്കുന്നത് എങ്ങനെയെന്ന് വരെ പ്രതിപാദിക്കുന്നുണ്ട്. വൈവിധ്യമുള്ളതും പോഷകപ്രദവുമായ സമീകൃതാഹാരം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഓരോ ദിവസത്തേക്കും ക്രമപ്പെടുത്തുന്ന രീതിയില്‍ മെനു നിശ്ചയിക്കണം. ഉച്ചഭക്ഷണ പദ്ധതിയുടെ ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നല്‍കണം. പ്രധാനാധ്യാപകര്‍ ചുമതലപ്പെടുത്തുന്ന മറ്റൊരു അധ്യാപകന്‍ സ്‌കൂള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണം. സ്‌പെഷ്യല്‍ അരി വിതരണം നടത്തുമ്പോള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാകേണ്ടതും അരി വിതരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയും രേഖകള്‍ സൂക്ഷിക്കുകയും വേണം. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം നടത്തുന്നതിനും പി ടി എ/ എം പി ടി എ/ നൂണ്‍ഫീഡിംഗ് കമ്മിറ്റി അംഗങ്ങളുടെ സഹായവും മേല്‍നോട്ടവും ഉറപ്പുവരുത്തണം. പാചകപ്പുര, സ്റ്റോര്‍, പാചകപ്പുരയുടെ പരിസരം, പാത്രങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
പാചക തൊഴിലാളികളെ നിയമിക്കുന്നതും പ്രതേ്യക സാഹചര്യത്തില്‍ പിരിച്ചു വിടുന്നതിനും നൂണ്‍ ഫീഡിംഗ് കമ്മിറ്റിക്കായിരിക്കും പൂര്‍ണ ചുമതല. പാചക തൊഴിലാളികളുടെ നിയമനത്തില്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍, എസ് സി, എസ്റ്റി, ഒ ബി സി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണനല്‍കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവരുടെ ആരോഗ്യപരിശോധന നടത്തണം.—വ്യക്തമായ കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുവാന്‍ പാടില്ലെന്നും വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കുമുണ്ട് ഭക്ഷണത്തിന്റെ ഗുണമേന്മയുള്‍പ്പെടെ പരിശോധിക്കേണ്ട ചുമതലകള്‍. ഓരോ ദിവസവും ഭക്ഷണം രുചിച്ചു നോക്കിയ ടീച്ചറെ കൂടാതെ ഉച്ച”ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഒന്നിലധികം രക്ഷകര്‍ത്താക്കളോ, പി ടി എ അംഗമോ വിതരണ സമയത്ത് ഉണ്ടാകണം. എന്നാല്‍ പി ടി എക്കോ രക്ഷിതാക്കള്‍ക്കോ ഇതിനു സമയമില്ലാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ വളരെയേറെ ജാഗ്രത പാലിക്കേണ്ട ഒന്നാണെന്ന് കരുതി ഉച്ചക്കഞ്ഞിയെ നിര്‍വീര്യമാക്കി കളയാമെന്നും ആരും കരുതേണ്ടതില്ല. രാജ്യത്തെ ആരോഗ്യകരമായ മാനവവിഭവശേഷിക്ക് വരും തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് ഉച്ചഭക്ഷണ വിതരണത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

കുട്ടികളുടെ അവകാശം

വിദ്യാഭ്യാസ അവകാശനിയമത്തിലൂടെ രാജ്യത്തെ ആറ് മുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയതുപോലെ മുഴുവന്‍ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുകയെന്നതും ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമായി ജീവിക്കാന്‍ അവകാശമുണ്ടൈന്നും അതിന് വേണ്ടി അവര്‍ക്ക് മിനിമം ഭക്ഷണം ലഭ്യമാക്കണമെന്നും 2001 ലെ ഹരജി പരിഗണിച്ച് സുപ്രീം കോടതി വിധിപ്രസ്താവിച്ചതോടെ ഭക്ഷണവും കുട്ടികളുടെ അവകാശമായി മാറി. ഇതോടെയാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായത്. 1995 മുതല്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പരിപാടികള്‍ രാജ്യ വ്യാപകമായി ആരംഭിച്ചിരുന്നെങ്കിലും അത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമായിരുന്നില്ല. 2001 നവംബര്‍ 28ന് സുപ്രീം കോടതി നടത്തിയ വിധിന്യായത്തിലൂടെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും പോഷക സമൃദ്ധ പാചകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഉച്ചഭക്ഷണം നല്‍കുന്നത് ഔദാര്യമാണെന്നുള്ള തരത്തിലാണ് ചിലപ്പോഴെങ്കിലും സര്‍ക്കാറുകള്‍ പെരുമാറുന്നത്. ഇത്തരം സാഹചര്യത്തിലാണ് സ്‌കൂള്‍ ഉച്ചഭക്ഷണം സര്‍ക്കാറുകളുടെ ഔദാര്യമല്ലെന്നും കുട്ടികളുടെ അവകാശമാണെന്നും ഉറക്കെ പറയേണ്ടി വരുന്നത്.
പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള രൂക്ഷമായ വിലക്കയറ്റത്തിനിടെ പരിമിതമായ ഫണ്ട് നല്‍കിയാണ് വിപുലമായ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളോട് നിര്‍ദേശിക്കുന്നത്. ഈ അധ്യയന വര്‍ഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് ആറ് രൂപയെന്ന 2012 ല്‍ നിശ്ചയിച്ച തുക തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. പാചകക്കൂലി, പാല്‍, മുട്ട, വിറക്, പലവ്യഞ്ജന സാധനങ്ങള്‍, പച്ചക്കറി, കയറ്റിറക്ക് കൂലി എന്നിവക്കെല്ലാം കൂടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുകയാണിത്. നാല് വര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വില വര്‍ധന നാലിരട്ടിയോളമാണെന്നിരിക്കെയാണ് ഈ തുച്ഛമായ തുക തന്നെ അനുവദിച്ച് ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്വം സ്‌കൂളുകള്‍ക്ക് മേല്‍ കെട്ടിവെച്ച് സര്‍ക്കാര്‍ തടിയൂരാന്‍ ശ്രമിക്കുന്നത്.
പുതിയ സര്‍ക്കുലറനുസരിച്ച് 150 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് പ്രതിദിനം അഞ്ച് രൂപയും, 350 രൂപ പാചകകൂലിയുമാണ് സര്‍ക്കാര്‍ നല്‍കുക. 151 മുതല്‍ 500 വരെ കുട്ടികള്‍ ഉള്ള സ്‌കൂളുകളില്‍ പ്രതിദിനം ഒരു കുട്ടിക്ക് എട്ട് രൂപ വീതം നല്‍കും. കഴിഞ്ഞദിവസമാണ് ഇത് ആറ് രൂപയില്‍നിന്ന് എട്ടാക്കിയത്. പത്ത് വര്‍ഷത്തിനുശേഷമുള്ള വര്‍ധന. മിക്ക സ്‌കൂളുകളിലും 150ന് താഴെയാണ് കുട്ടികളുടെ എണ്ണമെന്നതിനാല്‍ ഇവക്കൊന്നും ഇതിന്റെ ഗുണം കിട്ടില്ല (ഉത്തരവ് ഇറങ്ങിയിട്ടില്ല). 501 നു മുകളില്‍ വരുന്ന സ്‌കൂളുകളില്‍ 500 കുട്ടികള്‍ വരെ ആറ് രൂപയും 500 ന് മുകളില്‍ ഓരോ കുട്ടിക്കും പ്രതിദിനം അഞ്ച് രൂപ വീതവും നല്‍കും. എന്നാല്‍ 151 കുട്ടികള്‍ക്ക് മുകളിലുള്ള സ്‌കൂളുകള്‍ക്ക് പാചകക്കൂലി പ്രത്യേകം നല്‍കില്ല. ആറ് രൂപ തരുന്നതില്‍ നിന്നു തന്നെ പാചകക്കൂലിയും കൊടുക്കണം.151നു മുകളില്‍ കുട്ടികള്‍ക്ക് പാചകം ചെയ്യുമ്പോള്‍ 350 രൂപക്ക് പുറമെ അധികമുള്ള ഓരോ കുട്ടിക്കും 25 പൈസ കണക്കില്‍ പരമാവധി 400 രൂപ വരെയാണ് പാചകകൂലി നല്‍കേണ്ടത്. 500 കുട്ടികള്‍ വരെയാണ് 400 രൂപ. 501 മുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ രണ്ടു തൊഴിലാളികളെ നിയമിക്കാം. ഇരുവര്‍ക്കും 400 രൂപ വീതം കൂലി നല്‍കണം. ഈ തുകയും സര്‍ക്കാര്‍ നല്‍കുന്ന എട്ട് രൂപയില്‍ നിന്നെടുക്കണം. പാചക തൊഴിലാളികളുടെ വേതനത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും വിദ്യാര്‍ഥികള്‍ക്കുള്ള വിഹിതത്തിലാണ് ഇനിയും മാറ്റമില്ലാതെ തുടരുന്നത്. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ തന്നെ യു ഡി എഫ് സര്‍ക്കാര്‍ ഉച്ച ഭക്ഷണ പദ്ധതിക്ക് അനുവദിക്കുന്ന തുകയില്‍ കാലോചിത മാറ്റം വരുത്താന്‍ തയ്യാറാകാത്തത് മൂലം പദ്ധതി പ്രതിസന്ധിയിലാകുകയും ഏറെ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. 2013ല്‍ തന്നെ ഈ തുക വര്‍ധിപ്പിക്കാന്‍ അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നാളിതുവരെ നടപ്പായിട്ടില്ല. എന്നാല്‍ അന്ന് ആരോപണമുന്നയിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും മാറ്റം വരുത്തിയിട്ടില്ല.