Connect with us

Kerala

മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം വി എസിന് മേലുണ്ടായ സമ്മര്‍ദമെന്ന് കെ സുരേഷ് കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വി എസിന് മേലുണ്ടായ കടുത്ത സമ്മര്‍ദമാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് കെ സുരേഷ് കുമാര്‍ ഐ എ എസ്. ദൗത്യം അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും പങ്കുണ്ട്. സി പി ഐയുടെ നിര്‍ബന്ധമുള്ളതിനാല്‍ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് വി എസ് നേരിട്ട് പറഞ്ഞെന്നും കെ സുരേഷ് കുമാര്‍ സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയോഗിച്ച മൂന്ന് പേരില്‍ പ്രമുഖനായിരുന്നു സുരേഷ് കുമാര്‍. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത് വി എസാണ്. മൂന്നാറിലേത് സുതാര്യ ഇടപെടല്‍ മാത്രമായിരുന്നു. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28ാമത്തെ ദിവസം അവസാനിപ്പിക്കേണ്ടി വന്നു. സി പി ഐയുടെ ഓഫീസിനടുത്തെത്തിയപ്പോഴാണോ ഇടപെടല്‍ ഉണ്ടായതെന്ന ചോദ്യത്തിന് അത് ഓഫീസ് ആയിരുന്നില്ലെന്നും പല നിലകളുള്ള ഹോട്ടല്‍ ആയിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിവില്‍ സര്‍വീസിന്റെ കാലം കഴിഞ്ഞെന്ന ബോധ്യവുമായാണ് 27 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് സ്വയം പിന്‍മാറുന്നത്. ലോട്ടറി മേഖലയിലേയും വിദ്യാഭ്യാസ മേഖലയിലേയും ഇടപെടലുകള്‍ സംതൃപ്തി നല്‍കുന്നവയാണ്. അനുഭവങ്ങള്‍ പുസ്തകമാക്കും. 11 മാസമായി അവധിയിലായിരുന്നു. നാലുമാസം മുമ്പാണു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.

രണ്ടുവര്‍ഷം സേവന കാലാവധി ബാക്കിയിരിക്കെയാണ് ഇന്നലെ സുരേഷ്‌കുമാര്‍ സ്വയം വിരമിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ഡി പി ഇ പിയുടെ പ്രഥമ ഡയറക്ടറായിരുന്ന സുരേഷിന്റെ 27 വര്‍ഷത്തെ സേവനത്തില്‍ 15 വര്‍ഷത്തോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ, എസ് സി ഇ ആര്‍ ടി, മലയാളം മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു. നിലവില്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ ഇതര സംസ്ഥാന ലോട്ടറികളെയും ഓണ്‍ലൈന്‍ ലോട്ടറികളെയും സംസ്ഥാനത്തു നിന്നു നാടു കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വി എസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ സെക്രട്ടറിയായിരുന്നു.