Connect with us

Kerala

തിയറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് തിയറ്ററുടമകള്‍

Published

|

Last Updated

കൊച്ചി: ഏറ്റവുമധികം സിനിമാ റിലീസ് നടക്കുന്ന ഓണം സീസണില്‍ തിയറ്ററുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് തീയറ്ററുടമകളുടെ ഭീഷണി. സിനിമാ സെസ് മൂന്ന് രൂപയില്‍ നിന്ന് അഞ്ചാക്കി വര്‍ധിപ്പിക്കണമെന്നും ഇ ടിക്കറ്റിങ്ങിനൊപ്പം മാന്വല്‍ ടിക്കറ്റിങ്ങിനു സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായി പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് രൂപയായിരുന്ന സെസ് അഞ്ചാക്കാന്‍ 2015 ഡിസംബറില്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നതാണെങ്കിലും നിയമസഭ അംഗീകരിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് വന്നതിനാല്‍ തുടര്‍ നടപടിയുണ്ടായില്ല. നിര്‍മാതാവിനും വിതരണക്കാരനും കൂടി 1.75 രൂപയും തീയറ്റര്‍ ഉടമക്ക് 1.75 രൂപയും അവശകലാകാര ക്ഷേമനിധിയിലേക്ക് ഒരു രൂപയും ചലചിത്ര അക്കാദമിക്കും കെ എസ് എഫ് ഡി സിക്കും 25 പൈസ വീതവുമാണ് ഇതില്‍ നിന്ന് നല്‍കാന്‍ ധാരണയായിരുന്നത്. ഇതോടൊപ്പം എല്ലാ തീയേറ്ററുകൡലും ഇ ടിക്കറ്റിംഗ് മെഷീന്‍ സ്ഥാപിക്കാനും തീരുമാനമായി. ആഗസ്റ്റ് 31നകം ഈ പാക്കേജ് നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ വന്നശേഷം ധാരണ. എന്നാല്‍ സെസ് അഞ്ച് രൂപയായി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മൗനം പാലിച്ചുകൊണ്ട് ആഗസ്റ്റ് 31നകം ഇ ടിക്കറ്റിംഗ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി.
ഇ ടിക്കറ്റിംഗ് നടപ്പാക്കുമ്പോള്‍ അത് തീയേറ്റര്‍ ഉടമകളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടല്ലെങ്കില്‍ അംഗീകരിക്കില്ല. തീയേറ്ററുടമകള്‍ കൂടി അംഗീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണം ഇതിന്റെ ചുമതല നല്‍കാന്‍. ഇ ടിക്കറ്റിംഗ് മെഷീന്‍ തകരാറാകുന്ന ഘട്ടങ്ങളില്‍ നിലവിലെ രീതിയില്‍ നേരിട്ട് ടിക്കറ്റ് നല്‍കാനുള്ള സംവിധാനം കൂടി നടപ്പിലാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Latest