Connect with us

Gulf

ദുബൈയില്‍ വര്‍ഷാവസാനത്തോടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകും

Published

|

Last Updated

ദുബൈ :ഈ വര്‍ഷാവസാനത്തോടെ ദുബൈയിലെ താമസക്കാരില്‍ 16 ശതമാനം പേരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാകുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ). പൊതുഗതാഗത സംവിധാനങ്ങളുടെ നവീകരണ-വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുക എന്നതാണ് ആര്‍ ടി എയുടെ മുഖ്യലക്ഷ്യം.

2006ല്‍ ആറ് ശതമാനം പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം അത് 15 ശതമാനമായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ 16 ശതമാനം പൊതുജനങ്ങളും ആര്‍ ടി എയുടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാകുമെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2030ഓടെ പൊതുജനങ്ങളുടെ ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്ക് 30 ശതമാനം പേരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കും.

കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 271,302,000 പേര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെങ്കില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അത് 273,452,791 പേരായി ഉയര്‍ന്നു. ദുബൈ മെട്രോ, ദുബൈ ട്രാം, ദുബൈ ബസ്, ജല ഗതാഗതം, ടാക്‌സി സംവിധാനങ്ങള്‍ എന്നിവയിലൂടെയാണ് ജനങ്ങള്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസം 88,252,034 യാത്രക്കാരാണ് ദുബൈ മെട്രോയുടെ പച്ച, ചുവപ്പ് പാതകളില്‍ യാത്ര ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഈ കാലയളവില്‍ 96,486,495 യാത്രക്കാര്‍ ഈ പാതയില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചുവപ്പ് പാതയില്‍ 61,204,743 പേരാണ് യാത്ര ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 55,783,626 യാത്രക്കാര്‍ യാത്ര ചെയ്തു.

എന്നാല്‍ പച്ചപ്പാതയില്‍ കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസങ്ങളില്‍ 32,468,408 പേര്‍ യാത്ര ചെയ്തതില്‍ നിന്ന് 2016 ആദ്യ ആറു മാസങ്ങളില്‍ 35,281,752 യാത്രക്കാരുടെ വര്‍ധനവുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 2,552,756 പേര്‍ ദുബൈ ട്രാമില്‍ യാത്ര ചെയ്തുവെങ്കില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ അത് 2,535,429 പേരായി കുറഞ്ഞു.

പൊതുബസുകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 69,922,328 യാത്രക്കാരുമായി സര്‍വീസ് നടത്തി. നഗര പ്രാന്ത പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് യാത്രക്കാരുടെ റെക്കോര്‍ഡ് വര്‍ധനവുണ്ടായത്. 44,835,999 പേരാണ് ഈ സര്‍വീസുകളില്‍ യാത്ര ചെയ്തത്. എന്നാല്‍ മെട്രോ ഫീഡര്‍ ബസുകളില്‍ 16,434,997 പേരാണ് ഈ കാലയളവില്‍ യാത്ര ചെയ്തത്. അതേസമയം ഇന്റര്‍സിറ്റി ബസുകള്‍ 5,566,279 യാത്രക്കാരുമായി ആദ്യത്തെ ആറു മാസങ്ങളില്‍ സേവനം നടത്തി.
പൊതു-സ്വകാര്യ സംരംഭകരുടെ റെന്റല്‍ ബസുകള്‍ ഈ കാലയളവില്‍ 3,085,000 യാത്രക്കാരുമായി സര്‍വീസ് നടത്തി.

ഈ വര്‍ഷമാദ്യ പകുതിയില്‍ അബ്ര, വാട്ടര്‍ ബസ്, വാട്ടര്‍ ടാക്‌സി, ദുബൈ ഫെറി എന്നീ ജലഗതാഗത സംവിധാനങ്ങള്‍ 7,140,858 യാത്രക്കാരാണ് ഉപയോഗിച്ചത്. ദുബൈ ടാക്‌സിയുടെ വിവിധ കമ്പനികള്‍ 48,683,977 ട്രിപ്പുകളിലായി ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 97,367,8954 യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് അല്‍ തായര്‍ ചൂണ്ടിക്കാട്ടി.

Latest