Connect with us

Articles

കാസ്‌ട്രോയും ഉപദേശിയും

Published

|

Last Updated

ആരും അത്രയൊന്നും ഇഷ്ടപ്പെടാത്ത ഒന്നാണ് ഉപദേശം. ആഗ്രഹവുമായി ഒത്തുപോകില്ലെന്നതാണ് അനിഷ്ടത്തിന് ഒരു കാരണം. ഉപദേശം, എതു കാര്യത്തിലാണെങ്കിലും, എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണെന്ന തോന്നലാണ് മറ്റൊരു കാരണം. ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുക എന്നത് കുറച്ചിലാണെന്ന തോന്നലും കുറവല്ല. ആരുടെയും ഉപദേശം തേടാതിരിക്കാന്‍ മാത്രം ജ്ഞാനമുണ്ടെന്ന (മുന്‍)ധാരണയും തടസ്സമായുണ്ട്. മരുന്ന് നിര്‍ദേശിച്ച ശേഷം ജീവിതചര്യകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന (അതുമൊരു ഉപദേശമാണല്ലോ) ഡോക്ടറോട്, “അതൊക്കെ എനിക്കറിയാ”മെന്ന് പറയാത്തവര്‍ ചുരുക്കമായിരിക്കും. അല്ലെങ്കില്‍ തന്നെ നല്ല ജീവിതത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ ഉപദേശിക്കുകയാണല്ലോ മതങ്ങളൊക്കെ ചെയ്യുന്നത്. അതിനായി വ്യയം ചെയ്തത്ര അധ്വാനമോ സമ്പത്തോ മറ്റൊന്നിനും വേണ്ടി ചെലവിട്ടിട്ടുണ്ടാകില്ല. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ ഉപദേശം തീര്‍ത്തും ഫലശൂന്യമായിരുന്നുവെന്നല്ല, പക്ഷേ അത്രത്തോളം മനുഷ്യരാശി സ്വീകരിച്ചോ എന്നതില്‍ സംശയമുണ്ട്. പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ഓരോ പ്രവൃത്തിയും, രാഷ്ട്രീയം ഉള്‍പ്പെടെ, ഉപദേശത്തിന്റെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതൊക്കെ ഫലം കണ്ടിരുന്നുവെങ്കില്‍ ലോകം ഇന്നത്തെ രൂപത്തിലാകുമായിരുന്നേയില്ല.

സാധാരണ വ്യക്തികളുടെ കാര്യത്തിലാണിതൊക്കെ. വ്യക്തികളുടെ കൂട്ടത്തിന്റെയോ അതിന്റെ നേതാവിന്റെയോ കാര്യത്തിലാകുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാകും. കൂട്ടത്തിന്റെ പൊതു നിലപാടിനെ പരിപോഷിപ്പിക്കും വിധത്തിലുള്ള ഉപദേശങ്ങള്‍ക്കേ സാധാരണനിലക്ക് അവിടെ സ്ഥാനമുള്ളൂ. കൂട്ടത്തിന്റെ നേതാവിനുള്ള ഉപദേശങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇതില്‍ നിന്ന് ഭിന്നമായ ഉപദേശം നല്‍കുന്നവര്‍ കുറവായിരിക്കും. വിദ്യാര്‍പ്പണം പാത്രമറിഞ്ഞു നല്‍കുന്നവരാണ് ഭുരിഭാഗവും. സ്വീകര്‍ത്താവിന് ഇഷ്ടമുള്ളതേ നല്‍കൂ, അല്ലെങ്കില്‍ സ്വീകര്‍ത്താവിന്റെ എതിരാളിയെ/എതിരാളികളെ ദുഷിക്കുന്നതേ നല്‍കൂ.
ഭിന്നമായ ഉപദേശം നല്‍കിയാല്‍ അത് സ്വീകരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അങ്ങനെ സ്വീകരിക്കണമെങ്കില്‍ കൂട്ടത്തിന്റെ അഭിപ്രായത്തെയാകെ മറികടക്കാനോ സ്വാധീനിച്ച് തന്റെ വഴിയില്‍ വരുത്താനോ ശേഷിയുള്ളവനായിരിക്കണം നേതാവ്. അല്ലെങ്കില്‍ താന്‍ പറയുന്നതേ നടക്കൂ എന്ന് ശഠിക്കുന്ന, അങ്ങനെയേ നടക്കൂ എന്ന് ഉറപ്പാക്കുന്ന സ്വേച്ഛാധിപതിയാകണം.

അങ്ങനെയൊരു നേതാവ് സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ അതില്‍ വലിയ ഉത്തരവാദിത്തം ആ കൂട്ടത്തിനാണ്. പല രൂപത്തിലുള്ള ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധനായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്നതാണ് സാഹചര്യം. മാധ്യമം, ശാസ്ത്രം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ ഉപദേഷ്ടാക്കളെ നിശ്ചയിച്ചിട്ടുണ്ട്. നിയമത്തില്‍ ഉപദേശം നല്‍കാന്‍ നിയോഗിച്ച വ്യക്തി, സ്ഥാനമേറ്റെടുക്കാന്‍ വിമുഖത അറിയിച്ചു. പകരം ആളെ നിയോഗിക്കുമോ എന്നതില്‍ തിട്ടമില്ല. വ്യവസായം, കൃഷി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഉപദേഷ്ടാക്കളെ നിയോഗിക്കാവുന്ന നിരവധിയായ വിഷയങ്ങള്‍ മുന്നിലുണ്ട് താനും. അവയിലൊക്കെ ഉപദേശമുണ്ടാകുന്നതില്‍ തെറ്റില്ല തന്നെ. ലോക പ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദലിയെ കേരളത്തിന് മെഡല്‍ സമ്മാനിച്ച താരമായി അനുസ്മരിക്കുന്ന, ആശാപൂര്‍ണാദേവി രചിച്ച “പ്രഥം പ്രതിശ്രുതി”യും “ബകുളിന്റെ കഥ”യും മഹാശ്വേതാ ദേവിയുടേതാണെന്ന് വിശ്വസിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്ന

മന്ത്രിമാരുണ്ടായിരിക്കെ സമര്‍ഥരായ ഉപദേശകരുണ്ടാകുന്നത് നല്ലതാണെന്ന് കരുതണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ ഉപദേഷ്ടാവിനെ നിയമിച്ചപ്പോള്‍ നെറ്റി ചുളിഞ്ഞിരുന്നു, പൊതു സമൂഹത്തിലെ വിമര്‍ശക പക്ഷത്തിന്. നിയമോപദേഷ്ടാവിന്റെ നിയമനം വലിയ വിമര്‍ശത്തിന് ഇടവെച്ചു. അതിന് കാരണങ്ങളുണ്ട്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്നയാള്‍, സര്‍ക്കാറിനെതിരെ വ്യവഹാരം നടത്തുന്നവര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക കൂടി ചെയ്യുമ്പോള്‍ വിമര്‍ശമുയരുക സ്വാഭാവികം. പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയില്‍ നിയമിതനായ ഉപദേഷ്ടാവ്, പ്രതിഫലം പറ്റുന്നില്ലെങ്കില്‍ കൂടി, സര്‍ക്കാറിനെതിരെ കോടതിയില്‍ വാദിക്കാന്‍ നില്‍ക്കുന്നതില്‍ നീതികേടുണ്ട്. അദ്ദേഹം നല്‍കുന്ന ഉപദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി നിശ്ചയമായും സംശയത്തിന്റെ നിഴലിലായിരിക്കും.

“അവതാര” പരിവേഷമുള്ള ഉപദേഷ്ടാക്കളൊന്നുമില്ലാതിരുന്ന കാലത്ത്, ഇത്തരം കേസുകളൊക്കെ വൃത്തിയായി നടത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിരുന്നോ എന്ന് ചോദിക്കരുത്. അതില്‍ കാമ്പും കഴമ്പുമില്ല. കാരണം ജീവിതവും വിമര്‍ശവും തര്‍ക്കങ്ങളും വര്‍ത്തമാനകാലത്തിലേയുള്ളൂ. മലപ്പുറത്ത് വളാഞ്ചേരി മുക്കില്‍ അരങ്ങേറിയ “”ഈ പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തിക്കും, നടത്തിക്കും, ന.. ട.. ത്തി.. ക്കും…”” എന്ന പ്രസംഗം ആരും മറന്നുകാണാന്‍ ഇടയില്ല. തുടര്‍ന്നങ്ങോട്ട് അഞ്ചാണ്ട് കേരളം ഭരിച്ചപ്പോള്‍ ഇത്തരം ഉപദേശകരുടെയൊന്നും സ്പര്‍ശമുണ്ടായിരുന്നില്ല. എത്രപേരെ കൈയാമം വെച്ച് നടത്തിച്ചുവെന്നത് ആലോചിച്ച് നോക്കേണ്ടതാണ്. കോടതി നടപടികളാല്‍ ഐസ്‌ക്രീം കേസില്‍ ഇടപെടുക അസാധ്യമായിരുന്നുവെന്ന് വാദിക്കാം. പക്ഷേ, അതേ പാര്‍ലറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കപ്പെട്ടില്ലല്ലോ? അന്നുമുണ്ടായിരുന്നു കേരളത്തില്‍ ക്വാറി മാഫിയ.

അന്നെന്തൊക്കെ ചെയ്തു ഇവയെ നിയന്ത്രിക്കാനെന്നും ആലോചിക്കാവുന്നതാണ്. നിയമോപദേഷ്ടാവിന്റെ നിയമനത്തോടെ ഇനിയങ്ങോട്ട് പ്രളയമെന്ന് വിചാരിച്ച് വിഷമിച്ച, സാമ്പത്തികോപദേഷ്ടാവിന്റെ നിയമനം സി പി എമ്മിന്റെ നയത്തില്‍ വെള്ളം ചേര്‍ക്കലാകുമല്ലോ എന്ന് ഖേദിക്കുന്ന, കെ പി സി സി പ്രസിഡന്റിനും ആലോചിക്കാം 2011 മുതല്‍ 2016 വരെ, അല്ലെങ്കില്‍ 2001 മുതല്‍ 2006 വരെയുള്ള കാര്യങ്ങള്‍.

സാന്‍ഡിയാഗോ മാര്‍ട്ടിന് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരള മുഖ്യന്റെ നിയമോപദേഷ്ടാവ് ഹാജരായതു കൊണ്ട്, ഇതര രാജ്യ/സംസ്ഥാന ലോട്ടറികള്‍ ഇവിടേക്ക് തിരികെ വരുമെന്നും കൊള്ള തുടരുമെന്നും പോയ കാലത്ത് ചെയ്ത കൊള്ളകള്‍ക്ക് ശിക്ഷയൊഴിവായിപ്പോകുമെന്നും വ്യാകുലപ്പെടുന്നവരോട് – സി ബി ഐ അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ ലോട്ടറികള്‍ കാരണം കേരളത്തിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഈ നിഗമനം ശരിയല്ലെങ്കില്‍ ശരിയായ അന്വേഷണം നടത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ഈ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവെന്നാണ് അറിയേണ്ടത്. ഇത്തരം ലോട്ടറികള്‍ ഇല്ലാതായതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന കുതിച്ചു, ഖജനാവിലേക്ക് എത്തുന്ന കോടികളും. അതുകൊണ്ട് തന്നെ സാന്‍ഡിയാഗോയുടെ ലോട്ടറിയെ മടക്കിക്കൊണ്ടുവന്ന് നഷ്ടമുണ്ടാക്കാന്‍, ബുദ്ധിയുള്ള ഒരു ഭരണാധികാരിയും തയ്യാറാകില്ല, എന്ത് ഉപദേശം കിട്ടിയാലും, ഏത് ഉപദേഷ്ടാവ് മാര്‍ട്ടിന് വേണ്ടി ഹാജരായാലും.

സാമ്പത്തിക പരിഷ്‌കാരങ്ങളെയും നവ ഉദാരവത്കരണ നയങ്ങളെയും പിന്തുണക്കുന്ന സാമ്പത്തിക വിദഗ്ധ ഉപദേഷ്ടാവായി വരുന്നതാണ് അടുത്ത പ്രശ്‌നം. ഇവ്വിധമുള്ള ഉപദേഷ്ടാവ് ഇടതുപക്ഷത്തിന്റെ നയങ്ങളെയാകെ അട്ടിമറിക്കുമെന്നും ഹിതകരമല്ലാത്ത നിക്ഷേപത്തെ ഒളിച്ചുകടത്തുമെന്നുമാണ് ആക്ഷേപം. നിക്ഷേപമുണ്ടാകുമ്പോഴുള്ള കമ്മീഷന്‍ “പാര്‍ക്ക് ചെയ്യാനു”ള്ള കേന്ദ്രമായി ഉപദേഷ്ടാവ് സ്ഥാനത്തെ കാണുന്നവരും ഇല്ലാതില്ല. ഇങ്ങനെയൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്നില്ല, പക്ഷേ, അതാണ് ശരിയെന്ന് വാദിക്കുന്നതിലെ അയുക്തി ചൂണ്ടിക്കാട്ടാതിരിക്കാന്‍ സാധിക്കില്ല.

രാജ്യം ഭരിക്കുന്നവര്‍ നിശ്ചയിക്കുന്ന നയങ്ങള്‍, അത് നടപ്പാക്കുന്നതിനായി കൊണ്ടുവരുന്ന നിയമങ്ങള്‍ ഒക്കെ പിന്തുടര്‍ന്ന് ഭരിക്കാനേ ഇടതിന് അധികാരം കിട്ടിയ സംസ്ഥാനങ്ങള്‍ക്കും സാധിക്കൂ. അതുകൊണ്ട് തന്നെ ഉദാരവത്കരണത്തെയോ സാമ്പത്തിക പരിഷ്‌കരണ നടപടികളെയോ പൂര്‍ണമായി തള്ളിക്കളഞ്ഞ് ഏതെങ്കിലും സംസ്ഥാനഭരണം മുന്നോട്ടുപോകില്ല. അപ്പോള്‍ ഉദാരവത്കരണത്തെക്കുറിച്ചൊക്കെ നല്ലത് പോലെ അറിയുന്നവര്‍ തന്നെയാണ് ഉപദേഷ്ടാക്കളായി വേണ്ടത്. ഇതേ ഉദാരവത്കരണം പ്രദാനം ചെയ്ത സൗകര്യങ്ങളെ ഉപയോഗിക്കാനാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ശ്രമിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കി വേണം, ഇടതുപക്ഷത്തുള്ളവരെങ്കിലും സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിക്കാന്‍.

അതില്‍ എതിര്‍പ്പില്ലാത്ത സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവിന്റെ കാര്യത്തില്‍ വിശദീകരണം തേടാന്‍ തീരുമാനിക്കുന്നത്, പ്രഹസനമായി മാത്രമേ കാണാനാകൂ. പാര്‍ട്ടി അറിയാതെ തീരുമാനങ്ങളെടുക്കാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗത്തിന് കഴിയുന്നുവെന്ന് ജനറല്‍ സെക്രട്ടറി സമ്മതിക്കുന്നത് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.

ഉപദേഷ്ടാക്കളായി ആരെത്തുന്നുവെന്നതല്ല, സ്വീകരിക്കപ്പെടുന്ന ഉപദേശം എന്താണെന്നതും അതിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികളുണ്ടാകുന്നുവെന്നതുമാണ്. പണവും സ്വാധീനശേഷിയുമുള്ളവര്‍ക്ക് ഏത് വിധത്തിലും കാര്യങ്ങള്‍ നടത്താവുന്ന സംവിധാനമാണ് ഇക്കാലത്തിനിടെ കേരളം ഭരിച്ചവര്‍ വികസിപ്പിച്ചെടുത്തതെന്ന് നിസ്സംശയം പറയാം. അനധികൃത കൈയേറ്റങ്ങള്‍ അതുപോലെ തുടരുന്നത്, അര്‍ഹമായവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കാത്തത്, അനധികൃത ക്വാറികള്‍ മൂവായിരത്തോളമുണ്ടെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടാകാത്തത്, പൊതുനഷ്ടമുണ്ടാക്കാന്‍ പാകത്തില്‍ കേസുകള്‍ തോറ്റുകൊടുക്കുന്നത് എന്ന് വേണ്ട ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നത് വരെ നീളുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനെല്ലാം കാരണമായി വര്‍ത്തിക്കുന്ന വലുതും ചെറുതുമായ അഴിമതി, സംവിധാനത്തെയാകെ ഗ്രസിച്ചുനില്‍ക്കുന്നുമുണ്ട്.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് 60,000 ഏക്കറോളം ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണത്തിനും. അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള വ്യവഹാരം നീളുകയാണ്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരെങ്കിലും പിന്‍മാറി. കേസില്‍ സര്‍ക്കാര്‍ ഭാഗം കാര്യക്ഷമമായി അവതരിപ്പിച്ചിരുന്ന അഭിഭാഷകയെ മാറ്റിക്കൊണ്ട് വ്യവഹാരത്തിന്റെ ആയുസ്സ് ഇനിയും നീട്ടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

ഇപ്പറഞ്ഞവയിലൊക്കെ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാറിന് സാധിക്കുന്നുവെങ്കില്‍ മാത്രമേ, എത്ര വലിയ ഉപദേഷ്ടാക്കളുണ്ടായിട്ടും കാര്യമുള്ളൂ. അതുണ്ടാകുമെന്ന പ്രതീക്ഷ വളരെ അകലെയാണെന്ന വസ്തുത മുന്നില്‍ നില്‍ക്കെ, ഉപദേശകരെച്ചൊല്ലിയോ അവര്‍ നല്‍കാനിടയുള്ള ഉപദേശങ്ങളെച്ചൊല്ലിയോ തര്‍ക്കിക്കുന്നതില്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഉപദേശകരെച്ചൊല്ലിയും അവര്‍ നല്‍കാനിടയുള്ള ഉപദേശങ്ങളെക്കുറിച്ചുമാണ് നമ്മള്‍ സംസാരിക്കേണ്ടത്. മറ്റുള്ളവയൊക്കെ വാര്‍ത്താ സദ്യയിലെ വിഭവങ്ങളായി എക്കാലത്തേക്കുമുണ്ടാകുമല്ലോ!
രാജ്യം ഭരിക്കുന്നവര്‍ നിശ്ചയിക്കുന്ന നയങ്ങള്‍, അത് നടപ്പാക്കുന്നതിനായി കൊണ്ടുവരുന്ന നിയമങ്ങള്‍ ഒക്കെ പിന്തുടര്‍ന്ന് ഭരിക്കാനേ ഇടതിന് അധികാരം കിട്ടിയ സംസ്ഥാനങ്ങള്‍ക്കും സാധിക്കൂ. അതുകൊണ്ട് തന്നെ ഉദാരവത്കരണത്തെയോ സാമ്പത്തിക പരിഷ്‌കരണ നടപടികളെയോ പൂര്‍ണമായി തള്ളിക്കളഞ്ഞ് ഏതെങ്കിലും സംസ്ഥാനഭരണം മുന്നോട്ടുപോകില്ല. അപ്പോള്‍ ഉദാരവത്കരണത്തെക്കുറിച്ചൊക്കെ നല്ലത് പോലെ അറിയുന്നവര്‍ തന്നെയാണ് ഉപദേഷ്ടാക്കളായി വേണ്ടത്. ഇതേ ഉദാരവത്കരണം പ്രദാനം ചെയ്ത സൗകര്യങ്ങളെ ഉപയോഗിക്കാനാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ശ്രമിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കി വേണം, ഇടതുപക്ഷത്തുള്ളവരെങ്കിലും സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുത്തതിനെ
വിമര്‍ശിക്കാന്‍.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest