Connect with us

Kerala

ട്രോളിംഗ് നിരോധം അവസാനിച്ചു; ചാകര തേടി മത്സ്യത്തൊഴിലാളികള്‍

Published

|

Last Updated

കൊല്ലം:യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധം അര്‍ധരാത്രിയോടെ അവസാനിച്ചു. 47 ദിവസമായിരുന്നു നിരോധം. സംസ്ഥാനത്തെ മൂവായിരത്തോളം മത്സ്യബന്ധനബോട്ടുകള്‍ക്കായിരുന്നു നിരോധം ഉണ്ടായിരുന്നത്. രാത്രി 12ന് നീണ്ടകര പാലത്തിന് താഴെ കെട്ടിയിരിക്കുന്ന വടം ഫിഷറീസ് അധികൃതര്‍ അഴിച്ചുമാറ്റിയതോടെയാണ് സംസ്ഥാനത്തെ നിരോധം അവസാനിച്ചത്. ഇത്തവണത്തെ ട്രോളിംഗ് നിരോധന കാലയളവ് സമാധാനപരമായാണ് കടന്നുപോയത്. എന്‍ജിന്റെ കുതിരശക്തി കണക്കാക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത്തവണ കടലില്‍ പോകാന്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഉപരിതല മത്സ്യ സംസ്‌കരണ നിയമം പൂര്‍ണമായി പ്രാവര്‍ത്തികമായതും ഈ വര്‍ഷമാണ്.

ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള ആദ്യ ട്രോളിംഗ് നിരോധന കാലയളവാണിത്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളെ കടലില്‍ പോകാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് അധികൃതര്‍ എടുത്തിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധന കാലം ആഹ്ലാദകരമായിരുന്നെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആന്‍ഡ്രൂസ് പറഞ്ഞു. അതേസമയം ചെമ്മീനുകള്‍ സമൃദ്ധമായി ലഭിക്കുന്ന മെയ്, ജൂണ്‍ മാസങ്ങളില്‍ ട്രോളിംഗ് നിരോധം കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് ബോട്ടുടമകള്‍ പറയുന്നു.
രണ്ടായിരം കോടി രൂപയുടെ വിദേശനാണ്യമാണ് സംസ്ഥാനത്തിന് നഷ്ടമായത്. മത്സ്യ വില കുത്തനെ കൂടിയതായും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നര മാസത്തോളം നീണ്ടു നിന്ന ട്രോളിംഗ് നിരോധം അവസാനിച്ചതോടെ മത്സ്യബന്ധന തുറുമുഖങ്ങളും സജീവമായി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കടലില്‍ പോകാനുളള അവസാനവട്ട തയ്യാറെടുപ്പിലായിരുന്നു ഇന്നലെ തൊഴിലാളികള്‍. വറുതിയുടെ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി, ചാകര പ്രതീക്ഷിച്ച് അര്‍ദ്ധരാത്രി ബോട്ടുകള്‍ പുറംകടലിലേക്ക് യാത്രതിരിച്ചു.
ഒരാഴ്ച കടലില്‍ തങ്ങിയാണ് ഇവരുടെ മീന്‍പിടുത്തം. മുന്‍ വര്‍ഷങ്ങളില്‍ മത്സ്യത്തിന്റെ ലഭ്യതയില്‍ കാര്യമായ കുറവുണ്ടായിരുന്നുവെങ്കിലും ഇത്തവണ ധാരാളം മത്സ്യം കിട്ടുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. സാധാരണ ഈ സീസണില്‍ ലഭിക്കാറുളള മത്തി, ചെമ്മീന്‍, കണവ, അയില, കിളിമീന്‍, തുടങ്ങിയ മീനുകള്‍ യഥേഷ്ടം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ട്രോളിംഗ് നിരോധം അവസാനിക്കുന്നതോടെ മത്സ്യവില താഴുമെന്നും കണക്കുകൂട്ടുന്നു.

Latest