Connect with us

Kerala

മാണിയുടേത് സമ്മര്‍ദ തന്ത്രം; ലക്ഷ്യം എ ഐ സി സി ഇടപെടല്‍

Published

|

Last Updated

തിരുവനന്തപുരം:യു ഡി എഫില്‍ അസ്വസ്ഥത സൃഷ്ടിച്ച് കെ എം മാണി നടത്തുന്നത് സമ്മര്‍ദ തന്ത്രം. മുന്നണി വിടുമെന്ന പ്രതീതി സൃഷ്ടിച്ച് കോണ്‍ഗ്രസിനെ വരുതിയിലാക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന പ്രചാരണം പോലും നടപ്പാക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറാകില്ല. മറിച്ച്, പ്രശ്‌നത്തില്‍ എ ഐ സി സി ഇടപെടല്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് മാണിയെ അനുനയിപ്പിക്കണമെന്ന സന്ദേശം കേരളാ കോണ്‍ഗ്രസ് എം നല്‍കിക്കഴിഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന മധ്യസ്ഥനീക്കത്തിലും ഈ ഉപാധി മാണി മുന്നോട്ടുവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രതിപക്ഷ ഉപനേതാവായ പി കെ കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തില്‍ ഇടപെട്ടത്. ആഗസ്റ്റ് ആറിന് ചരല്‍ക്കുന്നില്‍ ആരംഭിക്കുന്ന പാര്‍ട്ടി ക്യാമ്പിന് മുമ്പ് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി രൂപപ്പെടുത്തിയ മധ്യസ്ഥ ഫോര്‍മുലയാണ് എ ഐ സി സി ഇടപെടല്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയ നേതാക്കളിലൊരാള്‍ മാണിയെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലയില്‍ നേരില്‍ ചെന്നിട്ട് പോലും വഴങ്ങാതിരുന്നതിന്റെ കാരണവും ഇത് തന്നെ. തനിക്കെതിരെ ഗൂഢാലോചന നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമവായം ഉണ്ടാക്കുന്നതില്‍ യുക്തിയില്ലെന്ന നിലപാടാണ് മാണിക്ക്. ഉമ്മന്‍ ചാണ്ടി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷവും കോണ്‍ഗ്രസിനെതിരെ തുറന്നടിക്കാന്‍ മാണിയെ പ്രേരിപ്പിച്ചതും ഇതുതന്നെ. കേരളത്തിലെ നേതാക്കള്‍ സംസാരിച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. തന്നെ ലക്ഷ്യമിട്ടാണ് മാണിയുടെ നീക്കമെന്ന് ബോധ്യമുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹവുമായി സംസാരിക്കാന്‍ മുതിര്‍ന്നിട്ടില്ല.

ഐ ഗ്രൂപ്പ് നേതാവെങ്കിലും യു ഡി എഫ് കണ്‍വീനര്‍ എന്ന നിലയിലാണ് മാണിയുമായി പി പി തങ്കച്ചന്‍ സംസാരിച്ചതും. മുസ്‌ലിംലീഗും കോണ്‍ഗ്രസുമായി നേരത്തെ ഭിന്നതയുണ്ടായ ഘട്ടങ്ങളില്‍ എ ഐ സി സി നേതൃത്വം ഇടപെട്ടിരുന്നു. അഹമ്മദ് പട്ടേലിനെ പോലെയുള്ള നേതാക്കള്‍ പാണക്കാട് വന്നാണ് അന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തത്. സമാനമായൊരു ഒത്തുതീര്‍പ്പാണ് ഇക്കാര്യത്തില്‍ മാണി ആഗ്രഹിക്കുന്നത്. എ ഐ സി സി നേതാക്കളിലാരെങ്കിലുമൊരാള്‍ പാലയില്‍ വന്ന് മാണിയെ കാണണമെന്ന വികാരമാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.

അതിനുള്ള അരങ്ങൊരുക്കുകയാണ് ഇപ്പോഴത്തെ കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നതും കേരളാ കോണ്‍ഗ്രസിന്റെ ഭീഷണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വിജിലന്‍സ് കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ യു ഡി എഫ് ഒറ്റക്കെട്ടായി തനിക്കൊപ്പം നില്‍ക്കണമെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനും ഇപ്പോഴത്തെ സാഹചര്യം സഹായിക്കുമെന്നാണ് മാണിയും കണക്കുകൂട്ടുന്നത്.

രമ്യമായ ഒരു ഒത്തുതീര്‍പ്പാണ് പി ജെ ജോസഫ് ആഗ്രഹിക്കുന്നത്. മുന്നണി വിടുന്നത് പോയിട്ട് പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുന്നതിന് പോലും അദ്ദേഹത്തിന് താത്പര്യമില്ല. അതിനാല്‍ തന്നെ കേരളാ കോണ്‍ഗ്രസിന്റെ “കടുത്ത തീരുമാനം” വെറും പ്രസ്താവനകളില്‍ ഒതുങ്ങും.

മുന്നണിയിലെ മുതിര്‍ന്ന നേതാവായ കെ എം മാണിയെ അപമാനിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ബാര്‍കോഴ കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നിലും മന്ത്രിപദത്തില്‍ നിന്ന് മാണിയെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കവും വ്യക്തമായ ഗൂഢാലോചനയുടെ ഫലമാണെന്നും കേരളാ കോണ്‍ഗ്രസ് വാദിക്കുന്നു. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ആയുധമാക്കിയാണ് ഈ വിഷയം മാണിയും പാര്‍ട്ടിയും വീണ്ടും ഉന്നയിച്ചത്.

Latest