Connect with us

Thrissur

ചെലവില്ലാതെ ചികിത്സയൊരുക്കി തളിക്കുളം സാന്ത്വന കേന്ദ്രം

Published

|

Last Updated

വാടാനപ്പള്ളി (തൃശൂര്‍):ആതുര സേവന രംഗത്ത് പുതു ചരിതം സൃഷ്ടിച്ച് തളിക്കുളം സാന്ത്വന കേന്ദ്രം. ആര്‍ക്കും ഒരു പണച്ചെലവുമില്ലാതെ ഇവിടെ ചികിത്സ തേ ടാം. എല്ലാ യൂനിറ്റുകളിലും സാന്ത്വന കേന്ദ്രവും സാന്ത്വന ക്ലബും രൂപവത്കരിക്കണമെന്ന എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തളിക്കുളം സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട തമ്പാന്‍കടവ് യൂനിറ്റാണ് വേദനിക്കുന്നവര്‍ക്ക് കൈത്താങ്ങായി കേന്ദ്രം സ്ഥാപിച്ചത്.

ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച സാന്ത്വന കേന്ദ്രത്തി ല്‍ പ്രഗത്ഭരായ ഏഴ് ഡോക്ട ര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. നാല് ജീവനക്കാരുമുണ്ട്. ഇവര്‍ക്കുള്ള ശമ്പളവും രോഗികള്‍ക്കാവശ്യമായ മരുന്നുകളുമുള്‍പ്പെടെ പ്രതി മാസം ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. പ്രദേശവാസികളും പ്രവാസികളുമാണ് സ്ഥാപനത്തിന്റെ ആശ്രയം. ഡോക്ടര്‍മാരാരും സേവനത്തിന് പ്രതിഫലം വാങ്ങുന്നില്ല. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ നാല് വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

ചുരുങ്ങിയ നിരക്കില്‍ സ്‌കാനിംഗ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ചാരിറ്റബിള്‍ സ്‌കാനിംഗ് ഓര്‍ഗനൈസേഷന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വാടാനപ്പള്ളി എടശ്ശേരിയിലാണ് സ്‌കാനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുക.

സംസ്ഥന സര്‍ക്കാറിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച ഡോ. എന്‍ എ മാഹിനാണ് സാന്ത്വന കേന്ദ്രത്തിന്റെ സൂപ്രണ്ട്. ഡോ. റിഷിന്‍ സുമന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ശറഫുദ്ദീന്‍ മുനക്കകടവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്. എം എ റഫീഖ് ലത്വീഫി ചെയര്‍മാനും പി ബി നൗഷാദ് മുസ്‌ലിയാര്‍ ജനറല്‍ കണ്‍വീനറും അബ്ദുല്‍ അസീസ് ഗള്‍ഫ് ചാപ്റ്റര്‍ ചെയര്‍മാനുമായ കമ്മിറ്റിയാണ് സ്ഥാപനത്തെ വളര്‍ത്തുന്നത്. ഡോ. എന്‍ ആര്‍ ബാലകൃഷ്ണന്‍, ഡോ. സജീഷ് പി വിശ്വനാഥന്‍, ഡോ. ഡിനി പ്രേംസാഗര്‍, ഡോ. നളിനി ബാലകൃഷ്ണന്‍, ഡോ. എം ആര്‍ രവി എന്നിവരാണ് സാന്ത്വന കേന്ദ്രത്തില്‍ സേവനം ചെയ്യുന്ന മറ്റ് ഡോക്ടര്‍മാര്‍. സമാന ചിന്താഗതിക്കാരായ തൃശൂര്‍ ജില്ലയിലെ പ്രമുഖ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി സാന്ത്വന കേന്ദ്രം വിപുലമാക്കാനാണ് കമ്മിറ്റിയുടെ ആഗ്രഹം.

Latest