Connect with us

Kannur

ഉള്‍നാടന്‍ മത്സ്യോത്പാദനം;സര്‍ക്കാര്‍ ഫാമുകളില്‍ കോടികളുടെ നഷ്ടം

Published

|

Last Updated

കണ്ണൂര്‍:സംസ്ഥാനത്ത് മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയുന്ന സാഹചര്യത്തില്‍ ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയ സര്‍ക്കാര്‍ ഫാമുകള്‍ വരുത്തിവെച്ചത് വന്‍ ബാധ്യത. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്)യുടെ ഫാമുകള്‍, ഹാച്ചറികള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറിന് ബാധ്യത വരുത്തിവെച്ചത്. അഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഫാം- ഹാച്ചറികളില്‍ മൂന്നെണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷം പൂര്‍ണ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചത്.

ഉള്‍നാടന്‍ മത്സ്യഉത്പാദനത്തിനും നഷ്ടമാകുന്ന നാടന്‍ ഇനങ്ങളുടെ പുനരുത്പാദനത്തിനും വേണ്ടി തയ്യാറാക്കിയ ഫാമുകള്‍ നഷ്ടത്തിലായതിന് പിന്നില്‍ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മയാണെന്ന് നേരത്തെ ആക്ഷേമുയര്‍ന്നിരുന്നു. തലശ്ശേരി എരഞ്ഞോളിയിലെ ഫിഷ്ഫാമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷം പോലും ലാഭമുണ്ടാക്കാതെ പ്രവര്‍ത്തിച്ചവയിലൊന്ന്. 2012ല്‍ 12,20, 165 ലക്ഷം നഷ്ടം വരുത്തിവെച്ച ഫാം 2016ല്‍ 16,12,007 ലക്ഷമായി നഷ്ടം ഉയര്‍ത്തി. കുമ്പളങ്ങി നോര്‍ത്ത് പറവൂര്‍ പി സി ആര്‍ ലാബും അഞ്ച് വര്‍ഷവും നഷ്ടക്കണക്ക് വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തി. 4,03,230 ലക്ഷമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫാം നടത്തിപ്പിലെ നഷ്ടം.

ആയിരംതെങ്ങ് ഫിഷ് ഫാം, പൊയ്യ മോഡല്‍ ഷ്രിംപ് ഫാം ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചത്. അതേസമയം, വര്‍ക്കല ഒടയം ഹാച്ചറി, നെയ്യാര്‍ ഡാം അക്വേറിയം, ഈ വര്‍ഷം ആയിരംതെങ്ങ് ഫിഷ് ഫാം എന്നിവ ലാഭമുണ്ടാക്കുകയും ചെയ്തു.
അതിനിടെ, ഫാമുകളിലെ നഷ്ടം ഒഴിവാക്കാനും ഉള്‍നാടന്‍ മത്സ്യകൃഷി ലാഭത്തിലാക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കായലുകളും മറ്റ് ജലസ്രോതസുകളുമെല്ലാം കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നാട്ടിന്‍പുറങ്ങളിലെ ഉപയോഗ ശൂന്യമായ കുളങ്ങളും ചതുപ്പ്, കൈപ്പാട് നിലങ്ങളും നാട്ടുകൈത്തോടുകളും കണ്ടെത്തിയാണ് കൂടുതല്‍ മത്സ്യോത്പാദനത്തിനുള്ള പരിപാടികള്‍ നടപ്പാക്കുന്നത്. 2018നകം 1.5ലക്ഷം ടണ്‍ ഉള്‍നാടന്‍ മത്സ്യോത്പാദനം കൂട്ടുകയെന്നതാണ് ലക്ഷം.

മത്സ്യകൃഷിയുടെ ഡെമോണ്‍സ്‌ട്രേഷന്‍ ഫാമുകള്‍ നിര്‍മിക്കാന്‍ 5.50 കോടിയുടെ പദ്ധതിയാണ് ഇത്തവണ തയ്യാറാക്കിയത്. തോടുകളിലും പുഴകളിലും ഒരു കാലത്ത് സുലഭമായിരുന്ന കാരി, വരാല്‍, മഞ്ഞക്കൂരി, പരല്‍, കറൂപ്പ്, ചെമ്പല്ലി എന്നിവയടക്കം സുലഭമാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ചെമ്മീന്‍, കൊഞ്ച് കൃഷിയും മത്സ്യസങ്കേതങ്ങളില്‍ നടപ്പാക്കും.

മലയോര മേഖലയിലടക്കം പത്ത് മാസത്തിനുള്ളില്‍ ഒന്നരക്കിലോ വരെ വളരുന്ന കാളാഞ്ചി വിളയിക്കാമെന്ന് മത്സ്യകര്‍ഷകര്‍ തെളിയിച്ചിട്ടുണ്ട്. ഏറെ സ്വാദിഷ്ടമായ കരിമീന്‍, തിരുത തുടങ്ങിയ മത്സ്യങ്ങള്‍ അടുത്ത കാലത്തായി കണ്ടുകിട്ടാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ മത്സ്യങ്ങളുടെ വംശനാശം തന്നെ സംഭവിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിനെല്ലാം പരിഹാരമായാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

അശാസ്ത്രീയമായ മത്സ്യബന്ധന രീതിയാണ് മത്സ്യ മേഖലയുടെ തകര്‍ച്ചക്ക് ഇടയാക്കിയിരുന്നത്. നിരോധിച്ച വലകള്‍ ഉപയോഗിച്ചുള്ള ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യ ജീവികള്‍ കൂട്ടത്തോടെ ഇല്ലാതാവുകയായിരുന്നു. 110ല്‍പ്പരം മത്സ്യങ്ങള്‍ കായല്‍ അടക്കമുള്ള ഉള്‍നാടന്‍ ജലസ്രോതസുകളില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചെറുവള്ളങ്ങളും വട്ടവലയും കായലിലെ മത്സ്യബന്ധനത്തിന് യോജിക്കുന്നതല്ല. ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ്. മാര്‍ക്കറ്റുകളില്‍ കടല്‍ മത്സ്യങ്ങളേക്കാള്‍ ഏറെ ആവശ്യക്കാര്‍ ഇന്നും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കാണ്.

സംസ്ഥാനത്തിന്റെ മൊത്തം പ്രാദേശിക വിസ്തൃതിയില്‍ ഏകദേശം 3.6 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ഉള്‍നാടന്‍ ജലമേഖലയുണ്ട്. അതിന്റെ രണ്ടില്‍ മൂന്ന് ഭാഗവും (2.43 ലക്ഷം ഹെക്ടര്‍) ഉപ്പുജല, തടാക മേഖലയും കായലും തോടുകളും നദികളുടെ പതനസ്ഥലമായ അഴിമുഖങ്ങളുമാണ്. അതോടൊപ്പം 0.85 ലക്ഷം ഹെക്ടര്‍ വരുന്ന നദികളും ഇതിലുള്‍പ്പെടും. ഉള്‍നാടന്‍ മത്സ്യോത്പാദന സാധ്യത ഏകദേശം 1.5 ലക്ഷം മുതല്‍ രംണ്ട് ലക്ഷം ടണ്‍ വരെയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest