Connect with us

Kerala

ന്യൂനപക്ഷങ്ങളെ അവഹേളിച്ച് ബാലകൃഷ്ണപിള്ള; വ്യാപക പ്രതിഷേധം

Published

|

Last Updated

കൊല്ലം:ന്യൂനപക്ഷങ്ങളെ അവഹേളിച്ച് പത്തനാപുരത്ത് ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. കഴിഞ്ഞ ദിവസം നടന്ന എന്‍ എസ് എസിന്റെ പരിപാടിയിലാണ് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെയും അവരുടെ ആരാധന കര്‍മങ്ങളെയും പരിഹസിച്ച് അതിരൂക്ഷവും അധിക്ഷേപകരവുമായി പിള്ള സംസാരിച്ചത.്

പത്ത് മുസ്‌ലിംകളോ ക്രൈസ്തവരെ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയുമെന്ന ബാലകൃഷ്ണ പിളളയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. “തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ച് നേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളു.”- പത്തനാപുരം കമുകുംചേരിയില്‍ എന്‍ എസ് എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ പിള്ള പറഞ്ഞു. മുസ്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോയെന്നും അങ്ങനെ വന്നാല്‍ കഴുത്തറുക്കുമെന്നും പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. ക്രൈസ്തവ ദേവാലയങ്ങള്‍ കൂണ്‍ പോലെ മുളച്ച് പൊന്തുകയാണെന്നും പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്.
അതേസമയം, പിള്ളയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിള്ളയുടെ ന്യൂനപക്ഷ അവഹേളനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

നിരവധി തവണ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന ബാലകൃഷ്ണപിള്ളയുടെ പ്രസംഗം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി പറഞ്ഞു. മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയുവാന്‍ പിള്ള തയ്യാറാകണം. വര്‍ഗീയവിഷം ചീറ്റുന്ന ഇത്തരം നേതാക്കളെ അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജവം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിള്ളയുടെ പ്രസംഗത്തിനെതിരെ അദ്ദേഹത്തിന്റെ തട്ടകമായ കൊട്ടാരക്കരയിലും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതേ സമയം ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നും കേരള കോണ്‍ഗ്രസ് – ബി അധ്യക്ഷന്‍ ആര്‍ ബാലകൃഷ് ണപിള്ള പറഞ്ഞു. കോടതികള്‍ അധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍ എസ് എസ് കരയോഗത്തിലാണ് സംസാരിച്ചത്. ഇത് എന്തെല്ലാമാണെന്ന് ഓര്‍മയില്ലെന്നും ക്രൈസ്തവ സമുദായത്തോടും മുസ്‌ലിം സമുദായത്തോടും ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളും മുസ്‌ലിംകളും ആളുകളുടെ എണ്ണത്തിനനുസരിച്ച് പള്ളികള്‍ നിര്‍മിക്കുന്നത് പോലെ എന്‍ എസ് എസ് കരയോഗങ്ങളും നിര്‍മിക്കണമെന്നാണ് പറഞ്ഞത്. കരയോഗത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണ് സംസാരിച്ചെന്നും പിള്ള വിശദീകരിക്കുന്നു.

Latest