Connect with us

Sports

കിംഗ്സ്റ്റണ്‍ ടെസ്റ്റ്: ഇന്ത്യക്ക് വന്‍ ലീഡ്

Published

|

Last Updated

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ലീഡ്. മൂന്നാം ദിനം ഇന്ത്യ ഒന്‍പതു വിക്കറ്റിനു 500 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 304 റണ്‍സിന്റെ ലീഡ്. അജിങ്ക്യ രഹാനെയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തിയത്. 237 പന്തുകള്‍ നേരിട്ട രഹാനെ 108 റണ്‍സോടെ പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്.

നേരത്തെ വെസ്റ്റിന്‍ഡീസന്റെ ആദ്യ ഇന്നിംഗ്‌സില്‍ 196ല്‍ അവസാനിച്ചിരുന്നു. ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗിസിന് കരുത്തുപകര്‍ന്നത്. 303 പന്തുകളില്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറും പറത്തിയ രാഹുല്‍ 158 റണ്‍സെടുത്ത് പുറത്തായി. ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡൗറിച്ച് ക്യാച്ചെടുത്തു. ആറാം ടെസ്റ്റ് കളിക്കുന്ന താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപണര്‍ എന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തമാക്കി. അജയ് ജഡേജയുടെ 97 റണ്‍സാണ് ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. 1997ലായിരുന്നു ജഡേജ ഈ സ്‌കോര്‍ നേടിയത്.
46 റണ്‍സെടുത്ത പൂജാരയും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ലോകേഷിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ രാഹുലും പുജാരയും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കരുതലോടെ കളിച്ച പുജാരയെ ചെയ്‌സ് റണ്ണൗട്ടായി. നാല് ബൗണ്ടറികളാണ് പുജാരയുടെ ബാറ്റില്‍ നിന്ന് പിറന്നത്. നാലാം വിക്കറ്റില്‍ രാഹുല്‍- കോഹ്‌ലി കൂട്ടുകെട്ട് 69 റണ്‍സ് നേടി. ചെയ്‌സ് തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്.
90 പന്തുകളില്‍ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 44 റണ്‍സടിച്ച കോഹ്‌ലിയെ ചെയ്‌സിന്റെ പന്തില്‍ ചന്ദ്രിക ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അതെസമയം, കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആര്‍ അശ്വിന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.

---- facebook comment plugin here -----

Latest