Connect with us

Kerala

ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം: അന്വേഷണത്തിന് എസ്.പിയുടെ ഉത്തരവ്

Published

|

Last Updated

കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രസംഗം ന്യൂനപക്ഷ വിഭാഗങ്ങളെ ആക്ഷേപിക്കുന്നതാണെന്നും അത് വൈരം വളര്‍ത്തുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗത്തിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെയാണ് അവിടെ അഞ്ചു നേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് ഇങ്ങോട്ട് വാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. വാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളുവെന്നുമായിരുന്നു പിള്ളയുടെ പ്രസംഗം.

അതേസമയം, കരയോഗത്തിലെ അടച്ചിട്ട മുറിയില്‍ താന്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്ന് പിള്ള പിന്നീട് വ്യക്തമാക്കി. മുസ്ലീംക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ആരാധനാലയങ്ങളുണ്ടാക്കി ജനങ്ങളെ ദൈവവിശ്വാസികളാക്കി മാറ്റണമെന്നാണ് താന്‍ പറഞ്ഞത്. ഇത് തീവ്രവാദ ചിന്താഗതി കുറയ്ക്കുകയും യുവതലമുറയ്ക്ക് ഗുണകരമാകുകയും ചെയ്യും. മുസ്ലീം സമുദായത്തില്‍ പള്ളികളില്‍ വനിതകളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതിയല്ല മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്നാണ് പറഞ്ഞതെന്നും പിള്ള വിശദീകരിച്ചിരുന്നു.