Connect with us

Gulf

ഉബൈദയുടെ കൊലയാളിക്ക് പരസ്യ വധശിക്ഷ നടപ്പാക്കണമെന്ന്

Published

|

Last Updated

ദുബൈ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉബൈദ സിദ്ദീഖിയെന്ന അറബ് ബാലനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ തുടര്‍ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഇന്നലെ നടന്നു. കേസില്‍ സാക്ഷിയായ ദുബൈ പോലീസിലെ ഒരു ഉദ്യോഗസ്ഥനെയാണ് ഇന്നലെ ജഡ്ജി വിസ്തരിച്ചത്.

കൊലയാളിക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്നും വധശിക്ഷ പരസ്യമായി നടപ്പാക്കണമെന്നും ഉബൈദയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോടാവശ്യപ്പെട്ടു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയോടാവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ അടുത്ത തിങ്കളാഴ്ച തുടരും. ഇന്നലെ നടന്ന വിചാരണക്കിടെ പ്രതിയായ നിദാല്‍ ഈസക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഡോ. അലി മുഹമ്മദ് അല്‍ ഹൊസ്‌നിയും ആവശ്യപ്പെട്ടു. ലഭിച്ചിരിക്കുന്ന തെളിവുകളില്‍ നിന്ന് പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് കൊലയെന്ന് തെളിഞ്ഞിരിക്കയാണ്.

കൊലക്ക് മാസങ്ങള്‍ക്ക് മുമ്പേ പ്രതി, ഉബൈദയുടെ പിതാവ് കാര്‍ അറ്റകുറ്റപണി നടത്തുന്ന ഗ്യാരേജില്‍ പോകാന്‍ തുടങ്ങിയിരുന്നു. കുട്ടിയുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഇയാള്‍ ഉബൈദക്ക് ചോക്ലേറ്റുകളും പഴങ്ങളും നല്‍കാറുണ്ടായിരുന്നൂവെന്നതും ഡോ. അലി വാദം ഉന്നയിച്ചു. കുട്ടിയുടെ വിശ്വാസം ആര്‍ജിക്കാനായിരുന്നു നടപടി. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള കെണിയായിരുന്നു ഇതില്‍ ഒളിഞ്ഞിരുന്നത്. സംഭവ ദിവസം ഹെവണ്‍ബേര്‍ഡ്‌സ് എന്ന കുട്ടികളുടെ പരിപാടി മൊബൈലില്‍ കാണിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു കാറില്‍ കയറ്റിയത്. കുട്ടിയുടെ പടങ്ങള്‍ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ അതിക്രമങ്ങള്‍ തടയാനുള്ള ശ്രമത്തിനിടയില്‍ ഏറ്റതാണ് കുട്ടിയുടെ ദേഹത്തെ പരുക്കുകളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും ചീഫ് പ്രോസിക്യൂട്ടര്‍ വിചാരണക്കിടെ പറഞ്ഞു.

താന്‍ മദ്യപിച്ചതായും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും നിദാല്‍ ഈസ കോടതിയില്‍ വിചാരണക്കിടെ നേരത്തെ ഏറ്റുപറഞ്ഞു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നത് ഇയാള്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസത്തെ വിചാരണക്കിടെയാണ് പ്രതി കൊല നടത്തിയതായി സമ്മതിച്ചത്. കുട്ടി തനിക്കൊപ്പം സ്വന്തം ഇഷ്ടപ്രകാരം വരികയായിരുന്നുവെന്നാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്.

പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ വധശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുട്ടിയുടെ മൃതദേഹം കാര്‍ പരിശോധിച്ചപ്പോള്‍ കണ്ടിരുന്നില്ലന്ന് കഴിഞ്ഞ ദിവസത്തെ വിചാരണാ വേളയില്‍ ഉബൈദയുടെ പിതാവും മൊഴി നല്‍കിയിരുന്നു. മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ന്യായാധിപന്‍ ഇര്‍ഫാന്‍ ഉമറിന്റെ നേതൃത്വത്തിലുള്ള കോടതി മുന്‍കൂട്ടിയുള്ള കൊലപാതകം, തട്ടികൊണ്ടുപോകല്‍, കുട്ടിയെ പീധനത്തിന് വിധേയമാക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest