Connect with us

Kerala

ശബ്ദ രേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന; ന്യൂനപക്ഷ വിരുദ്ധനല്ലെന്നും ബാലകൃഷ്ണപിള്ള

Published

|

Last Updated

കൊട്ടാരക്കര: പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള ഖേദം പ്രകടിപ്പിച്ചു. പുറത്തുവന്ന ശബ്ദരേഖ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ചെയ്യാത്ത തെറ്റിനാണെങ്കില്‍ കൂടി, തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയോ ദു:ഖമോ ഉണ്ടാക്കിയെങ്കില്‍ നിര്‍വ്യാജമായി ഖേദിക്കുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഒരിക്കലും ന്യൂനപക്ഷ വിരുദ്ധനല്ല. എല്ലാ മതത്തേയും ഒരുപോലെയാണ് കാണുന്നത്. തന്റെ മുന്‍നിലപാടുകള്‍ പരിശോധിച്ചാല്‍ താന്‍ ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് എല്ലാവര്‍ക്കും മനസിലാവും. മുസ്ലീം സമുദായത്തോട് തനിക്ക് നല്ല ബന്ധമാണുള്ളത്. വര്‍ഷം അഞ്ചു പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരാളെ ഹജ്ജിന് താന്‍ അയച്ചിട്ടുണ്ട്. ഒന്നേകാല്‍ മണിക്കൂര്‍ താന്‍ നടത്തിയ പ്രസംഗം 35 മിനിട്ടായി എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടത്. ഇത് ചെയ്തത് ആരെന്ന് തനിക്കറിയാം. എന്‍.എസ്.എസിലുള്ളവരാണോ നായരാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍, എന്‍.എസ്.എസിലുള്ള ആരുമല്ല ശബ്ദരേഖ പുറത്ത് വിട്ടത്.

ഗൂഢാലോചനയുടെ ഫലമാണ് ഈ വിവാദം. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഇതുവരെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി താനൊന്നും ചെയ്തിട്ടില്ലെന്നും പിള്ള പറഞ്ഞു. ഇത്തരമൊരു ആരോപണം ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. അഞ്ച് നേരം നമസ്‌കരിക്കുന്ന മുസ്ലിംകളും ഞായറാഴ്ച കുര്‍ബാനക്ക് പോകുന്ന കൃസ്ത്യാനികലെയും പോലെ ഹിന്ദു സഹോദരരും അമ്പലത്തില്‍ പോകണമെന്ന് താന്‍ പ്രസംഗത്തില്‍ പറഞ്ഞകാര്യം ശരിയാണ്. കൂടാതെ ശബരിമലയില്‍ സത്രീ പ്രവേശത്തില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും അത് തന്ത്രിമാരാണ് തീരുമാനിക്കുകയെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതി ഈ വിഷയത്തില്‍ ഇടപെട്ടാല്‍ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശവും ചര്‍ച്ചയാകും. ഇത് ശരിയല്ലെന്നുമാണ് പറഞ്ഞതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മനപ്പൂര്‍വം ഒരു പത്രം നടത്തിയ ആക്രമണം കൂടിയായിരുന്നു ആ വാര്‍ത്ത. അതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം വിഷയത്തില്‍ ഗണേശും ഖേദം പ്രകടിപ്പിച്ചു.ബാലകൃഷ്ണ പിള്ളയുടെ വിവാദ പ്രസംഗത്തില്‍ ഖേദപ്രകടനവുമായി മകനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി.ഗണേശ് കുമാറും രംഗത്ത് വന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ എല്ലാ മതവിഭാഗങ്ങളോടും ഖേദം പ്രകടിപ്പിക്കുന്നതായി ഗണേശ് വ്യക്തമാക്കി. ബാലകൃഷ്ണ പിള്ള അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് നോക്കുന്നില്ല. ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേല്‍പിച്ചിട്ടുണ്ടെങ്കില്‍ ഒരു മകനെന്ന നിലയിലും പാര്‍ട്ടി അംഗമെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നതായും ഗണേശ് കുമാര്‍ പറഞ്ഞു.

Latest