Connect with us

Gulf

വേനല്‍ വിപണിയില്‍ ബജറ്റ് പ്രമോഷന്‍; ജനപ്രിയ ഷോപിംഗ് പര്യായമായി 10, 20, 30

Published

|

Last Updated

ദോഹ : രാജ്യത്തെ റീട്ടെയില്‍ വിപണി 10, 20, 30 പ്രമോഷന്‍ തരംഗത്തില്‍. വേനലില്‍ വിപണിയിലെ തണുപ്പു മറികടക്കുന്നതിനായി പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പോപ്പുലര്‍ ബജറ്റ് പ്രമോഷനായ 10, 20, 30 അവതരിപ്പിക്കുന്നു. ചുരുങ്ങിയ വിലക്ക് വൈവിധ്യവും കൗതുകവുമുള്ള നിരവധി ഉത്പന്നങ്ങളാണ് ഈ പ്രമോഷനില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നത്. രണ്ടാഴ്ചയോളം വിപണിയില്‍ ഈ പ്രമോഷന്‍ നീണ്ടുനില്‍ക്കുമെന്ന് സ്ഥാപനങ്ങള്‍ പറയുന്നു.
രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റുകളായ ലുലു, ക്വാളിറ്റി, സഫാരി, ഗ്രാന്‍ഡ്മാള്‍, സ്‌മൈല്‍ തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം ഇപ്പോള്‍ ഉപഭോക്തൃപ്രിയമായ പ്രമോഷന്‍ തുടരുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പാണ് 10, 20, 30 പ്രമോഷന്‍ ഖത്വറില്‍ വ്യാപകമായി തുടങ്ങിയത്. സഫാരിയാണ് ഈ ജനകീയ പ്രമോഷനില്‍ മുന്നില്‍. വര്‍ഷത്തില്‍ നാലോളം പ്രമോഷനാണ് സഫാരി അവതരിപ്പിക്കുന്നത്. ലുലു, ക്വാളിറ്റി ഉള്‍പ്പെടെയുള്ളവയില്‍ വര്‍ഷത്തില്‍ രണ്ടു പ്രമോഷനാണ് ഉണ്ടാകുക. സമ്മര്‍ അവധിക്കാലത്ത് കുടുംബങ്ങള്‍ നാട്ടിലേക്കു പോകുന്നതു വഴി വിപണിയിലെ മന്ദീഭാവം മറികടക്കുന്നതിനും ചുരുങ്ങിയ ബജറ്റില്‍ ബാച്ചിലര്‍മാര്‍ക്ക് ഷോപിംഗ് അവവസരം സൃഷ്ടിക്കുന്നതുമാണ് ഈ പ്രമോഷന്റെ ആകര്‍ഷണീയതയെന്ന് ക്വാളിറ്റി പബ്ലിക് റിലേഷന്‍ പ്രതിനിധി പറഞ്ഞു. കുറഞ്ഞ വിലക്ക് മികച്ച ഉത്പന്നങ്ങള്‍ തന്നെ നല്‍കാന്‍ ശ്രമിക്കുന്നു.
ഗ്രാന്‍ഡ് മാളിലെ 10, 20, 30 പ്രമോഷന്‍ ഈ മാസം 10ന് അവസാനിക്കുമെന്ന് ജനറല്‍ മാനേജര്‍ അജിത്കുമാര്‍ പറഞ്ഞു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞവിലക്കാണ് ലഭ്യമാക്കുന്നത്. പലപ്പോഴും ലാഭം ഒഴിവാക്കിയും യഥാര്‍ഥ വിലയേക്കാള്‍ കുറച്ചും കൊടുക്കേണ്ടി വരുന്നു. പ്രമോഷനോട് ആളുകള്‍ കാണിക്കുന്ന താത്പര്യമാണ് തുടരാന്‍ പ്രേരിപ്പിക്കുന്നത്. നാലു മാസം മുമ്പു വരെ തയാറെടുപ്പു നടത്തിയാണ് പ്രമോഷന്‍ അവതരിപ്പിക്കുന്നത്. മിക്കതും ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് ഈ പ്രമോഷനില്‍ വില്‍ക്കുന്നത്. ചൈനക്കു പുറമേ ദുബൈ, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലും ഗ്രാന്‍ഡ് മാര്‍ട്ടിലും ഈ മാസം 14 വരെ 10, 20, 30 പ്രമോഷന്‍ തുടരുമെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ മുകേഷ് കരീം പറഞ്ഞു. 200ലധികം ഉത്പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 30 റിയാലിന് തയ്യല്‍ മെഷീന്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കൗതുകവും വ്യത്യസ്തതയുമുള്ള ഉത്പന്നങ്ങളാണ് സഫാരി അവതരിപ്പിക്കുന്നത്. ജനപ്രിയമായ ഈ പ്രമോഷന്‍ സഫാരിയുടെ പേരിനോടു ചേര്‍ത്തു വായിക്കാവുന്ന വിധം വ്യത്യസ്തതകളും അവതരിപ്പിക്കുന്നു.
ലുലുവില്‍ ഭക്ഷ്യോത്പന്നങ്ങള്‍, ഇല്ക്‌ട്രോണിക് ഉപകരണങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ബേഗുകള്‍, ടോയ്‌സ് തുടങ്ങിയവാണ് പ്രമോഷനിലൂടെ വിറ്റഴിക്കുന്നത്. 10, 20, 30 പ്രമോഷനുകള്‍ക്കായി പ്രത്യേക പരസ്യങ്ങളും ഫഌയറുകളും സ്ഥാപനങ്ങള്‍ ഇറക്കുന്നു. വിപണിയില്‍ അപൂര്‍വമായ ഉത്പന്നങ്ങള്‍ ഇറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ശ്രദ്ധിക്കുന്നു. നിലവില്‍ തുടര്‍ന്നു വരുന്ന കാറുകളുള്‍പ്പെടെ സമ്മാനങ്ങളുള്ള പ്രമോഷനുകള്‍ക്കു പുറമേയാണ് ഈ പ്രത്യേക ഓഫര്‍ അവതരിപ്പിക്കുന്നത്. ഖത്വറില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുപോലെ പിന്തുടരുന്ന ഏക സ്വഭാവത്തിലുള്ള പ്രമോഷന്‍ എന്ന സവിശേഷത കൂടി 10, 20, 30നു കൈവന്നിട്ടുണ്ട്.
അതിനിടെ വേനല്‍ അവധിക്കു ശേഷം വിദ്യാലയങ്ങള്‍ തുറക്കാനിരിക്കേ ബേക് ടു സ്‌കൂള്‍ പ്രമോഷനു തയാറെടുക്കുകയാണ് എല്ലാ സ്ഥാപനങ്ങളും. 10, 20, 30 വിലയില്‍ തന്നെ സ്‌കൂള്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നുണ്ട്. പഠനോപകരണങ്ങള്‍, ബേഗ്, ഷ്യൂസ് തുടങ്ങിയവയാണ് ബേക് ടു സ്‌കൂള്‍ പ്രമോഷനില്‍ ലഭ്യമാക്കുന്നത്.

---- facebook comment plugin here -----

Latest