Connect with us

Gulf

ഫ്രിഡ്ജില്‍ വെച്ച കുബ്ബൂസ് ചൂടാക്കി കഴിക്കുന്നത് പ്രശ്‌നമില്ല

Published

|

Last Updated

ദോഹ: ഫ്രിഡ്ജില്‍ വെച്ച കുബ്ബൂസ് (ഖുബ്‌സ്) ചൂടാക്കി ഭക്ഷിച്ചാല്‍ കാന്‍സറിന് കാരണമാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍ ഡോ. സുഹൈര്‍ അല്‍ അറബി വ്യക്തമാക്കി. പാചകം ചെയ്ത ഭക്ഷണങ്ങള്‍ വീണ്ടും ഉപയോഗിക്കേണ്ടതാണെങ്കില്‍ ഫ്രീസറില്‍ വെക്കുകയാണ് ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇങ്ങനെ ഫ്രീസറില്‍ വെച്ച ഭക്ഷണം ഒരു തവണ ചൂടാക്കിയതിന് ശേഷം വീണ്ടും ഫ്രീസറില്‍ വെക്കുന്നതും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്ന് ഡോ. സുഹൈര്‍ അറിയിച്ചു. ഖുബ്‌സ് നേരിട്ട് തീയില്‍ ചൂടാക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണ സാധനങ്ങളില്‍ അമിതമായി കാര്‍ബോഹൈഡ്രൈറ്റ് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിയുന്നത് കാന്‍സര്‍ അടക്കമുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോ. സുഹൈര്‍ വ്യക്തമാക്കി. ചൂടുള്ള ഭക്ഷണം ഒരു തരത്തിലും പ്ലാസ്റ്റിക് കവറുകളില്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest