Connect with us

Gulf

ഹാന്‍ഡ്‌ബോളില്‍ യൂറോപ്പിന്റെ കുത്തക തകര്‍ക്കാന്‍ ഖത്വര്‍

Published

|

Last Updated

റിയോയിലെത്തിയ ഖത്വര്‍ ഹാന്‍ഡ്‌ബോള്‍ ടീം

ദോഹ: ഒളിംപിക്‌സിലെ ഹാന്‍ഡ്‌ബോളില്‍ യൂറോപ്പിന്റെ കുത്തക തകര്‍ക്കാന്‍ മറൂണ്‍ പട റിയോയിലെത്തി. ഇപ്രാവശ്യം യൂറോപ്പിന്റെ മേധാവിത്തം തകര്‍ത്ത് ഗള്‍ഫ് മേഖലയിലേക്ക് മെഡല്‍ കൊണ്ടുവരാന്‍ ഖത്വറിന് സാധിക്കുമെന്നാണ് കളിനിരീക്ഷകരും അഭിപ്രായപ്പെടുന്നത്. 2012 ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം ഹാന്‍ഡ്‌ബോളില്‍ ലോകജേതാക്കള്‍ക്ക് ശക്തമായ ഭീഷണിയാകാന്‍ ഖത്വര്‍ ടീമിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പുരുഷന്മാരുടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളും തൂത്തുവാരിയ ഖത്വര്‍, കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡലും സ്വന്തമാക്കി. പുരുഷ, വനിത ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളില്‍ യൂറോപ്പിന് പുറത്തേക്ക് മെഡല്‍ പോയിട്ട് 24 വര്‍ഷത്തിനിടെ അഞ്ച് ഒളിംപിക്‌സുകള്‍ കഴിഞ്ഞു. ഇപ്രാവശ്യം ഖത്വറിലൂടെ ആ ചരിത്രം പിറക്കുമെന്നാണ് പ്രതീക്ഷ. ലണ്ടനില്‍ സ്വര്‍ണം നേടിയ കരുത്തരായ ഫ്രഞ്ച് ടീമാണ് ഖത്വറിന് ഏറെ ഭീഷണിയുയര്‍ത്തുക. ലോക ചാംപ്യന്‍ഷിപ്പില്‍ ഖത്വറിനെ പരാജയപ്പെടുത്തിയത് ഫ്രാന്‍സ് ആയിരുന്നു. ഹാട്രിക് ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് റിയോയിലേക്ക് വിമാനം കയറിയത്. അതേസമയം, കഴിഞ്ഞ ജനുവരിയില്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക്‌സ് ചാംപ്യന്‍മാര്‍ക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നത് മിന്നും ഫോം നിലനിര്‍ത്തുന്ന ഖത്വറിന്റെ പ്രതീക്ഷ കുന്നോളമുയര്‍ത്തുന്നു. ഫൈനലില്‍ സ്‌പെയിനെ പരാജയപ്പെടുത്തിയ ജര്‍മനിയാണ് അന്ന് യൂറോപ്യന്‍ ചാംപ്യന്മാരായത്.
വനിതകളുടെ വിഭാഗത്തില്‍ ഹാട്രിക് ഒളിംപ്ക്‌സ് സ്വര്‍ണം തേടി നോര്‍വേയാണുള്ളത്. ഡെന്‍മാര്‍ക്ക്, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണ കൊറിയ, അംഗോള എന്നിവയാണ് വനിതകളുടെ വിഭാഗത്തില്‍ നോര്‍വേക്ക് ഭീഷണിയുയര്‍ത്തുന്നത്. ഒളിംപിക് നഗരിയിലെ ഫ്യൂച്ചര്‍ അരീനയിലാണ് ഹാന്‍ഡ്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്.

---- facebook comment plugin here -----

Latest