Connect with us

Kerala

ഇസില്‍ബന്ധം: ബിഹാര്‍ സ്വദേശിനിയെ കസ്റ്റഡിയില്‍ വാങ്ങും

Published

|

Last Updated

കാഞ്ഞങ്ങാട്: തീവ്രവാദി സംഘടനയായ ഇസിലിലേക്ക് മലയാളികളെ കടത്താന്‍ സഹായിയായി പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത് ബിഹാര്‍ സ്വദേശിനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസറ്റഡിയില്‍ കിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹരജി നല്‍കും.
ബിഹാര്‍ സ്വദേശിനിയായ യാസ്മിന്‍ മുഹമ്മദി(29)നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘത്തലവനായ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി. കെ സുനില്‍ബാബു പറഞ്ഞു.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ പോലീസ് പിടികൂടിയ യാസ്മിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്.അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് നാലുവയസുള്ള മകള്‍ക്കൊപ്പം യാസ്മിനെ പോലീസ് പിടികൂടിയത്. രാത്രിയില്‍ തന്നെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റി(ഒന്ന്)ന്റെ വസതിയില്‍ ഹാജരാക്കിയശേഷമാണ് യുവതിയെ റിമാന്‍ഡ്് ചെയ്തത്. യുവതിയെയും കുഞ്ഞിനെയും പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നായി യുവതി യുവാക്കളെയും കുട്ടികളെയുമടക്കം 17 പേരെ ഇസിലില്‍ ചേരാന്‍ രാജ്യം കടത്തിയതിന് നേതൃത്വം കൊടുത്തത് യാസ്മിനാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന് നേതൃത്വം കൊടുത്ത അബ്ദുള്‍ റഷീദിന്റെ രണ്ടാം ഭാര്യയാണ് ഈ യുവതിയെന്നും പോലീസ് വെളിപ്പെടുത്തി.
യാസ്മിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലാണ്. അവിടെ ജനിച്ചുവളര്‍ന്ന യാസ്മിന്‍ പഠനം നടത്തിയതും ഗള്‍ഫില്‍ തന്നെ. വിവാഹിതയായതിന് ശേഷം യാസ്മിന്‍ ഇസിലില്‍ ചേര്‍ന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനിടയില്‍ യുവതി അബ്ദുര്‍റഷീദിനെ പരിചയപ്പെടുകയും ഇസില്‍ പ്രവര്‍ത്തനത്തിനും റിക്രൂട്ടിംഗിനുമായി ഒട്ടേറെ തവണ കാസര്‍കോട്ടും കോഴിക്കോട്ടും വന്നിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടയില്‍ ഭര്‍ത്താവുമായി യാസ്മിന്‍ പിണങ്ങിപ്പിരിയുകയും വിവാഹമോചനം നേടുകയും ചെയ്തു. ഇതിന് മധ്യസ്ഥത വഹിച്ച അബ്ദുര്‍റഷീദ് യാസ്മിനെ രണ്ടാം ഭാര്യയായി സ്വീകരിക്കുകയാണുണ്ടായത്. അതിനുശേഷമാണ് കേരളത്തിലെ ഇസില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായത്.
ഇസിലില്‍ ചേരാനായി ഗള്‍ഫിലേക്ക് കടന്ന അബ്ദുര്‍ റഷീദിനെതിരെ യു എ പി എ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കേസ് എന്‍ ഐ എ ആണ് അന്വേഷിക്കുന്നത്. അതിനാല്‍ ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ കഴിയുന്ന യാസ്മിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെത്തുമെന്നാണറിയുന്നത്.