Connect with us

Eranakulam

സി പി എം - സി പി ഐ പോര് മുറുകുന്നു

Published

|

Last Updated

കൊച്ചി: എറണാകുളം ജില്ലയില്‍ സി പി എം -സി പി ഐ പോര് രൂക്ഷമായി തുടരുന്നു . ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ പരസ്യ പ്രസ്താവനയുമായി പോരിനിറങ്ങിയത് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയിലാണ്. വര്‍ഗ ശത്രുക്കളെ പാര്‍ട്ടിയിലെടുത്ത് ഇടത് ഐക്യം ശിഥിലമാക്കാന്‍ സി പി ഐ ശ്രമിക്കുന്നുവെന്ന ഗുരതര ആരോപണവുമായി വന്ന സി പി എം ജില്ലാ നേതൃത്വത്തിനെതിരെ അതിശക്തമായി പ്രതികരിച്ചാണ് സി പി ഐയും രംഗത്തുളളത്. ഇടത് ഐക്യം കാനത്തെ പഠിപ്പിക്കാന്‍ സി പി എം സമയം കളയേണ്ടെന്നാണ് സി പി എമ്മിന് നല്‍കിയ താക്കീത്. ഇത്തരത്തില്‍ ഇരു നേതൃത്വങ്ങളും പരസ്യ പോര്‍വിളികളുയര്‍ത്തിയതോടെ ഭരണത്തിലെത്തി രണ്ടുമാസം തികയുമ്പോള്‍ ഇടതു ചേരിയില്‍ സി പി എം – സി പി ഐ ബന്ധം കൂടുതല്‍ വഷളാകുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം സി പി എം എറണാകുളം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രതിഷേധ കുറിപ്പാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എറണാകുളത്ത് പാര്‍ട്ടിയില്‍നിന്നും നീക്കം ചെയ്തവര്‍ കഴിഞ്ഞദിവസം സി പി ഐയില്‍ ചേര്‍ന്നിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാകാന്‍ ഇടയാക്കിയത്. വര്‍ഗ ശത്രുക്കളെ പാര്‍ട്ടിയിലെടുത്തെന്ന ആക്ഷേപമാണ് സി പി ഐയ്‌ക്കെതിരെ സി പി എം ആരോപിച്ചിച്ചത്. പ്രാദേശികമായി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സംസ്ഥാനതലത്തിലേക്കും നീങ്ങുകയാണ്. നേരത്തെ സി പി എം മന്ത്രിമാര്‍ ഓരോന്നായി വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ സി പി ഐ തങ്ങളുടെ മന്ത്രിമാരെ കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഭരണം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെ സി പി ഐ മന്ത്രിമാര്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയിതും എതിര്‍പ്പുകള്‍ക്ക് കാരണമായി . ഇപ്പോള്‍ സി പി എം വിട്ടുവരുന്നവരെ പാര്‍ട്ടിനേതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ സി പി ഐ ഇരു കയ്യും നീട്ടി സ്വീകരിക്കുകകൂടി ചെയ്തതോടി കൂടുതല്‍ വഷളാക്കി.
തങ്ങളുടെ പാര്‍ട്ടിക്ക് വര്‍ഗ ശത്രുക്കളെ തിരിച്ചറിയാനുളള കഴിവ് കാലങ്ങളായി നഷ്ടപ്പെട്ടതായി കൂടുവിട്ടവരും തിരിച്ചടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എല്ലാം ശരിയാക്കാമെന്ന് പിണറായി നേരിട്ട് എത്തിയാണ് എറണാകുളത്തെ വിമത നേതാക്കന്‍മാര്‍ക്ക് ഉറപ്പ് നല്‍കിയത്. ഉറപ്പിന്‍മേല്‍ എം സ്വരാജിനുവേണ്ടി വിമതര്‍ പ്രവര്‍ത്തിക്കുയും ചെയ്തു. അതുവരെ കൃഷ്ണപിളള സ്മാരക സമിത രൂപികരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിമതര്‍ പിണറായിയുടെ ഉറപ്പിന്‍മേല്‍ പാര്‍ട്ടി ഫോറത്തിന്റെ കീഴില്‍തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഭരണം കിട്ടി രണ്ടുമാസത്തിലെത്തിയിട്ടും പ്രശ്‌ന പരിഹാരമാകാതിരുന്നതാണ് വിമതര്‍ക്ക് ഒന്നടങ്കം പാര്‍ട്ടി വിടേണ്ടിവന്നത്. ഒരു പതിറ്റാണ്ടായി പാര്‍ട്ടിയുടെ നിലപാടുകളില്‍ അസംതൃപ്തരായി കഴിഞ്ഞിരുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇന്നലെ ഇറക്കിയ വാര്‍ത്തക്കുറിപ്പാണ് ഇപ്പോഴത്തെ പ്രശ്്‌നങ്ങള്‍ക്ക് കാരണം. സി പി ഐ സംസ്ഥാന നേതൃത്വത്തെ ശക്തമായ ഭാഷയിലാണ് സി പി എം ജില്ലാ കമ്മിറ്റി ആക്ഷേപിച്ചിട്ടുളളത്.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍നിന്നു മാത്രമായി നൂറുകണക്കിന് സി പി എം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ ഇടതുചേരിയില്‍ തുടരുകയെന്ന തീരുമാനത്തിലുറച്ച് സി പി ഐയില്‍ അംഗത്വം എടുക്കുകയും ചെയ്തു. വ്യവസായ ജില്ലയില്‍ ഇത്രയധികം പ്രവര്‍ത്തകരെ ലഭിച്ച ആവേശത്തില്‍ സി പി ഐ ആകട്ടെ അംഗത്വ വിതരണം ആഘോഷമാക്കുകയും ചെയ്തു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തിയാണ് കൂടുവിട്ടുവന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഇതില്‍ ക്ഷുഭിതരായ സി പി എം ജില്ലാ നേതൃത്വമാണ് ഇന്നലെ ശക്തമായി പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും അസംതൃപ്തരുടെ അടിയൊഴുക്ക് ശക്തമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പാര്‍ട്ടി പ്രതിഷേധ കുറിപ്പുമായി രംഗത്തെത്തിയത്.ആലപ്പുഴയിലും കൊല്ലത്തും പോര് രൂക്ഷമായി കഴിഞ്ഞു. വരുദിനങ്ങളില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് അറിയുന്നത്.
ആലപ്പുഴയില്‍ സിറ്റിംഗ് എം എല്‍ എ പ്രതിഭാ ഹരിയെ തരംതാഴ്ത്തി സി കെ സദാശിവനും സി എസ് സുജാതയും അടങ്ങിയ വി എസ് ടീം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നേരത്തെ സി പി എം വിട്ട ടി ജെ ആഞ്ചലോസ് അടക്കമുളള നേതാക്കള്‍ ഇപ്പോള്‍ സി പി ഐയുടെ സംസ്ഥാനതല നേതാക്കളായി മാറിയ സാഹചര്യമാണ് വിമതര്‍ക്ക് നിരുപാധികം സി പി ഐയില്‍ ചേരാന്‍ പ്രചോദനമായത്.