Connect with us

International

നേപ്പാളില്‍ പ്രചണ്ഡ പ്രധാനമന്ത്രിപദത്തിലേക്ക്‌

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ മാവോയിസ്റ്റ് പാര്‍ട്ടി നേതാവ് പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹല്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നലെ ഇദ്ദേഹത്തിന്റെ പേര് മാത്രമേ ബാലറ്റിലുണ്ടായിരുന്നുള്ളു. കഴിഞ്ഞ ആഴ്ച പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് കെ പി ശര്‍മ ഒലി രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തങ്ങള്‍ക്ക് പുഷ്പ കമല്‍ ദഹലിന്റെ നാമനിര്‍ദേശ പത്രിക മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പാര്‍ലിമെന്റിലെ സഹവക്താവ് സുദര്‍ശന്‍ കുയിന്‍കെല്‍ പറഞ്ഞു. ഒരു ദശാബ്ദം നീണ്ടുനിന്ന മാവോയിസ്റ്റ് സായുധ കലാപത്തിന് ശേഷം 2006ലാണ് പ്രചണ്ഡ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി പൊതുധാരയിലേക്ക് പ്രവേശിക്കുന്നത്. 2009ല്‍ തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകള്‍ ജയിച്ചപ്പോള്‍ ദഹല്‍ പ്രധാനമന്ത്രിപദത്തിലിരുന്നിട്ടുണ്ട്. എന്നാല്‍ ഒമ്പത് മാസത്തിന് ശേഷം തത്സ്ഥാനം രാജിവെക്കുകയായിരുന്നു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനകീയ അടിത്തറ നഷ്ടപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടി ഇന്ന് പാര്‍ലിമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ്. മറ്റ് രണ്ട് വലിയ പാര്‍ട്ടികള്‍ക്കും ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച ഒലിയുടെ സഖ്യ സര്‍ക്കാറിനെ പുറംതള്ളിയതിലൂടെ ദഹല്‍ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന പ്രചണ്ഡ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാന പ്രശ്‌നങ്ങള്‍ രണ്ടാണ്. അതിലൊന്ന് ഭൂകമ്പത്തെത്തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ രാജ്യത്തെ പുനര്‍നിര്‍മിക്കുകയെന്നതാണ്. മറ്റൊന്ന് പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട അശാന്തികള്‍ക്ക് പരിഹാരം കാണുകയെന്നതും.

Latest