Connect with us

Kerala

കെ എസ് യു സംസ്ഥാന, ജില്ലാ സമിതികള്‍ പിരിച്ചുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യു കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചു വിട്ടു. എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കലാപം നടത്തുകയും ഗ്രൂപ്പുകളുടെ പട്ടികയനുസരിച്ച് ജംബോ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്.

കെ പി സി സി നേതൃത്വത്തിന്റെ കാര്യത്തിലെന്ന പോലെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കൂടെയാണ് കേന്ദ്ര നേതൃത്വംമെന്ന് വെളിപ്പെടുത്തുന്നതാണ് പിരിച്ചുവിടല്‍ നടപടി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതു വരെ നിലവിലുള്ള ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചു വിടാന്‍ ദേശീയ സെക്രട്ടറി ആര്‍ ശ്രാവണ്‍ റാവു ആണ് കെ പി സി സി പ്രസിഡന്റിന് കത്തയച്ചത്.
എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് ജംബോ കമ്മിറ്റി രൂപവത്കരിച്ചതിനെതിരെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒഴിവാക്കി വി എം സുധീരന്റെ താത്പര്യം പരിഗണിച്ചാണ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയും വൈസ് പ്രസിഡന്റ് രോഹിത്തും ചേര്‍ന്ന് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു.

സംഘടനയില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് വാദിക്കുന്നവര്‍ ഇതിനെതിരെ കെ പി സി സി പ്രസിഡന്റിനെ സമീപിച്ചു. സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സന്ദേശമയക്കുകയും ചെയ്തു. വി എം സുധീരന്റെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
നിലവിലെ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കിയ ശേഷം ഗ്രൂപ്പ് സമവായം അനുസരിച്ച് പുതിയ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കൂട്ടമായി രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് മൂന്ന് ജില്ലാ ജനറല്‍ സെക്രട്ടറിമാരും സര്‍വകലാശാല സെനറ്റ് അംഗവും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ രാജിവെച്ചു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ദേശീയ എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം.

Latest